നാട്ടുവാര്‍ത്തകള്‍

പാലക്കാട് സ്വദേശിനിയായ നഴ്‌സ് ആലുവയില്‍ കുഴഞ്ഞുവീണ് മരിച്ച സംഭവം; ദുരൂഹത

പാലക്കാട് കിഴക്കഞ്ചേരി സ്വദേശിനിയായ നഴ്‌സ് ആലുവയില്‍ കുഴഞ്ഞ് വീണ് മരിച്ച സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പിതാവ് ആലുവ റൂറല്‍ എസ്പിക്ക് പരാതി നല്‍കി. കിഴക്കഞ്ചേരി തട്ടാംകുളമ്പ് മുണ്ടപ്ലാക്കല്‍ ജോണിന്റെയും (റെജി) ജെസിയുടെയും മകള്‍ ലെന ജോണ്‍ (25) ഈ മാസം 24നാണ് മരിച്ചത്. തൃശൂര്‍ ഒളരി മദര്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായ ലെന മാര്‍ച്ച് 24ന് രാവിലെ പരീക്ഷ എഴുതാനെന്ന് പറഞ്ഞ് എറണാകുളത്തേക്ക് എത്തിയിരുന്നു. അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആശുപത്രിയില്‍ എത്തും മുമ്പേ മരിച്ചുവെന്നാണ് കുടുംബത്തിന് ആദ്യം കിട്ടിയ വിവരം.

എന്നാല്‍, ആലുവയില്‍ തങ്ങളോടൊപ്പം ഭക്ഷണം കഴിച്ചതിന് പിന്നാലെ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നുവെന്നാണ് സുഹൃത്തുക്കള്‍ പിന്നീട് അറിയിച്ചത്. കുഴിമന്തി കഴിച്ചതിന് പിന്നാലെ രക്തസമ്മര്‍ദം കുറഞ്ഞ ലെനയെ സുഹൃത്തുക്കളായ യുവാക്കള്‍ ചേര്‍ന്നാണ് ആലുവയിലെ നജാത്ത് ആശുപത്രിയില്‍ എത്തിച്ചത്. ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാനും ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇവിടെ വെച്ച് ലെന മരിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ ഫോണില്‍ നിന്ന് വീട്ടുകാരെ വിളിച്ച യുവാക്കളില്‍ ഒരാള്‍ താന്‍ 'ഡോക്ടര്‍' ആണെന്ന് വ്യാജേനയാണ് സംസാരിച്ചത്. ലെന ഗുരുതരാവസ്ഥയിലാണെന്ന് അറിയിച്ച ഇവര്‍, മിനിറ്റുകള്‍ക്കുള്ളില്‍ മരണം സ്ഥിരീകരിച്ച് വീണ്ടും വിളിക്കുകയായിരുന്നു എന്നും പറയുന്നു.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വിഷം ഉള്ളില്‍ച്ചെന്നതാണ് മരണ കാരണമെന്ന സൂചനയുണ്ടെന്നും ഇതില്‍ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു. മകളെ വിഷം നല്‍കി കൊലപ്പെടുത്തിയതാണെന്നും സംഭവത്തില്‍ രണ്ട് യുവാക്കള്‍ക്ക് പങ്കുണ്ടെന്നും പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നു. തലേ ദിവസം നഴ്‌സിങ് സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ ആലുവയിലേക്ക് പോകുന്നുണ്ടെന്ന് മകള്‍ അറിയിച്ചതായി പിതാവ് പറഞ്ഞു. സംഭവ ദിവസം രാവിലെ അമ്മയുമായി മകള്‍ സംസാരിച്ചിരുന്നുവെന്നും പിന്നീട് നാല് മണിക്കൂറിന് ശേഷം മരണപ്പെട്ട വിവരമാണ് ലഭിച്ചതെന്നും കുടുംബം പറഞ്ഞു.

യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യുഎന്‍എ) പ്രവര്‍ത്തകയായിരുന്നു ലെന. നഴ്‌സിംഗ് സമരങ്ങളിലും പങ്കെടുത്തിരുന്നു. ആദ്യം ഭക്ഷ്യവിഷബാധ ആണെന്നായിരുന്നു സംശയം. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വിഷം ഉള്ളില്‍ച്ചെന്നാണെന്ന് വ്യക്തമായതോടെ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം രംഗത്തെത്തിയിരിക്കുകയാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ലെനയുടെ സുഹൃത്തുക്കളെയും ആശുപത്രി ജീവനക്കാരെയും ചോദ്യം ചെയ്ത് വരികയാണ്.


  • ഗ്യാനഷ് കുമാറിന്റെ് രാജി ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് തിരംഗ തരംഗം
  • തിരംഗ മാര്‍ച്ചുമായി സിജെപി; സെന്‍ട്രല്‍ പാര്‍ക്ക് അടച്ച് പൊലീസ്
  • ഗുരുഗ്രാമില്‍ മലയാളി ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി; യുവതിയെ കൊലപ്പെടുത്തിയതെന്ന് പോലീസ്
  • 3 പേരുടെ ജീവനെടുത്ത വാഹനാപകടം; കാര്‍ ഓടിച്ച സുഹൈല്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യപിച്ചിരുന്നെന്ന് സ്ഥിരീകരണം
  • മാസപ്പടിക്കേസ്: പിണറായി വിജയനടക്കമുള്ളവരുടെ അപ്പീല്‍ അനുമതി അപേക്ഷ തള്ളി ഹൈക്കോടതി
  • എല്ലാ സമരവും ഒരു ലക്ഷ്യത്തിന് വേണ്ടി; സിജെപിക്ക് പിന്തുണയുമായി രാഹുല്‍ ഗാന്ധി
  • എറണാകുളം സിനഗോഗിന് മുന്നിലെ തീവയ്പ്: അറസ്റ്റിലായ യുവാവിന്റെ വിദേശബന്ധങ്ങള്‍ അന്വേഷിക്കുന്നു
  • ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യത്തിന്റെ സുപ്രീം കോടതി മാര്‍ച്ച്
  • കൊല്ലത്ത് പാര്‍ക്കിന്‍സണ്‍സ് രോഗിയായ ഭര്‍ത്താവിനെ പ്ലാസ്റ്റിക് ചരട് മുറുക്കി കൊലപ്പെടുത്തിയ കേസില്‍ ഭാര്യ ചെന്നൈയില്‍ പിടിയില്‍
  • യുകെയില്‍ മലയാളി യുവതിയെ തടഞ്ഞുവച്ചിരിക്കുന്നതായി ആരോപണം: ഹൈക്കമ്മിഷന്‍ ഇടപെടും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions