നാട്ടുവാര്‍ത്തകള്‍

പൂരം ഒരുക്കത്തിനിടെ വെടിക്കെട്ട് ദുരന്തം; 14 മരണം


കേരളത്തെ നടുക്കി, തൃശൂര്‍ പൂരത്തിന് വെടിക്കെട്ടുസാമഗ്രികള്‍ നിര്‍മിക്കുന്നിടത്ത് ഉണ്ടായ സ്‌ഫോടനത്തില്‍ 14 പേരുടെ മരണം. 40 ഓളംപേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. അഞ്ചുപേരുടെ പരിക്ക് ഗുരുതരമാണ്. തിരുവമ്പാടി ദേവസ്വംബോര്‍ഡിന് വേണ്ടി വെടിക്കെട്ട് സാമഗ്രികള്‍ നിര്‍മിക്കുന്ന മുണ്ടത്തിക്കോടുള്ള വെടിക്കെട്ട് പുരയിലാണ് സ്ഫോടനം ഉണ്ടായത്. ചൊവ്വാഴ്ച വൈകിട്ട് മൂന്നരയോടെയാണ് അപകടം ഉണ്ടായത്.

രക്ഷാപ്രവര്‍ത്തനത്തിനിടെയും സ്ഫോടനം ഉണ്ടായി. പരുക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വലിയ സ്ഫോടന ശബ്ദം കിലോമീറ്ററുകള്‍ക്കിപ്പുറവും കേട്ടതായി ദൃക്സാക്ഷികള്‍ പറയുന്നു. വെടിക്കെട്ടിന്റെ പ്രധാന ചുമതലക്കാരനായ സതീശന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് പൊള്ളലേറ്റത്.

തിരുവമ്പാടി വെടിക്കെട്ട് ലൈസന്‍സ് മുണ്ടത്തിക്കോട് സതീശന്റെ പേരിലാണ്. ചെറിയ വഴിയായതിനാല്‍ ഫയര്‍ഫോഴ്സ് സംഘത്തിന് സംഭവസ്ഥലത്ത് എത്താന്‍ പ്രയാസം നേരിട്ടു. തുടര്‍ന്ന് സമീപത്തെ മതില്‍ തകര്‍ത്താണ് ഫയര്‍ഫോഴ്സ് സംഘം സ്ഥലത്തെത്തിയത്.
പ്രദേശത്ത് ശരീരഭാഗങ്ങള്‍ ചിന്നിച്ചിതറിയ നിലയിലാണ്. സമീപത്തെ പാടങ്ങളില്‍ പടക്കങ്ങള്‍ തെറിച്ചുവീണ് പൊട്ടുന്ന സാഹചര്യവുമുണ്ട്.

സംഭവത്തില്‍ മജിസ്റ്റീരിയല്‍ തല അന്വേഷണത്തിന് ജില്ലാ കളക്ടര്‍ ശിഖ സുരേന്ദ്രന്‍ ഉത്തരവിട്ടു. അപകട കാരണവും അനന്തരഫലങ്ങളും വിശദമായി അന്വേഷിക്കുന്നതിന് സബ് ഡിവിഷണല്‍ മജിസ്‌ടേറ്റായ തൃശൂര്‍ ആര്‍ഡിഒയെ ചുമതലപ്പെടുത്തി. സ്‌ഫോടനത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തി വരുന്നതായി ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്ററിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. സ്റ്റേറ്റ് എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ ആവശ്യമായ സഹായങ്ങളും നിര്‍ദേശങ്ങളും നല്‍കുകയാണെന്നും കെഎസ്ഡിഎംഎ അറിയിച്ചു.

സ്ഫോടനത്തിന്റെ ആഘാതത്തില്‍ സമീപത്തെ വീടുകളുടെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. സാമ്പിള്‍ വെടിക്കെട്ടിനും പ്രധാന വെടിക്കെട്ടിനും വേണ്ടിയുളള ഒരുക്കങ്ങള്‍ നടന്ന തിരുവനമ്പാടിയുടെ വെടിക്കെട്ട് പുരയിലാണ് സ്ഫോടനമുണ്ടായത്. രണ്ട് വെടിക്കെട്ടിനും വേണ്ടി കരുതിവെച്ചിരുന്ന കരിമരുന്ന് വെടിക്കെട്ട് പുരയിലുണ്ടായിരുന്നു. പാലക്കാട്, തൃശൂര്‍ ജില്ലയിലെ മുഴുവന്‍ ഉദ്യോഗസ്ഥരോടും രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങാന്‍ നിര്‍ദേശം നല്‍കി.

പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം നടന്ന് ഒരു പതിറ്റാണ്ട് കഴിയുന്ന വേളയിലാണ് മറ്റൊരു വെടിക്കെട്ട് ദുരന്തം സംസ്ഥാനത്തെയാകെ ഞെട്ടിച്ചത്. ആരാധനാലയങ്ങളില്‍ വെടിക്കെട്ട് നടത്തണമോ എന്നതിനെ സംബന്ധിച്ചും മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനെ കുറിച്ചും നിയമപോരാട്ടങ്ങളും ചര്‍ച്ചകളും നടക്കുന്ന വേളയിലാണ് വീണ്ടുമൊരു അപകടം സംഭവിക്കുന്നത്. വെടിക്കെട്ട് നടത്തേണ്ട സമയവും ദൂരപരിധിയും സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങളുണ്ട്. എന്നാല്‍, അത് കൃത്യമായി പാലിക്കുന്നുണ്ടോ എന്നത് സംശയമാണ്. കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാതെ വെടിക്കെട്ട് നടത്തുകയും അപകടം ക്ഷണിച്ചുവരുത്തുന്ന സംഭവങ്ങള്‍ ഒട്ടേറെ ചര്‍ച്ചചെയ്യപ്പെട്ടിട്ടുണ്ട്.

  • ലിഫ്റ്റില്‍ കുടുങ്ങി ശശി തരൂര്‍; ഫയര്‍ഫോഴ്‌സ് എത്തി പുറത്തുകടത്തി
  • ആശുപത്രികള്‍ രോഗി സൗഹൃദമാക്കാന്‍ ആരോഗ്യവകുപ്പ്; ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പരിശീലനം
  • പള്‍സര്‍ സുനി ജയിലില്‍ തന്നെ; ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം തള്ളി
  • പത്തനംതിട്ടയില്‍ യുവതി മരിച്ച നിലയില്‍; ആണ്‍ സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്
  • ഗൃഹനാഥന്റെ വിദേശജോലി നഷ്ടമായി; കുന്നംകുളത്ത് നാലംഗകുടുംബം ജീവനൊടുക്കാന്‍ ശ്രമിച്ചു, അച്ഛനും മകളും മരിച്ചു
  • ഗര്‍ഭിണിയായ ഭാര്യ ജീവനൊടുക്കി; വിദേശത്തു നിന്ന് തിരിച്ച ഭര്‍ത്താവ് ലോഡ്ജില്‍ മരിച്ചനിലയില്‍
  • വിയറ്റ്നാം ബോട്ട് ദുരന്തത്തില്‍ മലയാളി ദമ്പതിമാരടക്കം 15 ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം
  • തിരുവല്ലം ഇരട്ടമരണം: ബൈക്ക് മറിഞ്ഞതല്ല, പിന്നില്‍ കാറിടിച്ചത്; യുവാവ് അറസ്റ്റില്‍
  • വയനാട് കള്ളാടി മണ്ണിടിച്ചിലില്‍ മരണം ഏഴായി; കരാര്‍ കമ്പനിയെ പഴിചാരി സര്‍ക്കാര്‍
  • ഉസ്ബെക്കിസ്താനില്‍ മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ട സംഭവം; കേരളത്തില്‍ കേസെടുത്ത് പൊലീസ്, റീ പോസ്റ്റ്‌മോര്‍ട്ടം നടത്തും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions