നാട്ടുവാര്‍ത്തകള്‍

അനുനയ നീക്കത്തില്‍ ആഭ്യന്തരം ചെന്നിത്തലയ്ക്ക്; ധനകാര്യം കൈയില്‍വയ്ക്കാന്‍ സതീശന്‍

അനുനയ നീക്കത്തിന്റെ ഭാഗമായി രണ്ടാം വട്ടവും രമേശ് ചെന്നിത്തലയുടെ വീട്ടിലെത്തി നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്‍. കന്റോണ്‍മെന്റ് ഹൗസില്‍ മുസ്ലീം ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് വി.ഡി. വഴുതക്കാടുള്ള ചെന്നിത്തലയുടെ വീട്ടിലേക്ക് അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയത്.

വി.ഡി. സതീശന്റെ മന്ത്രിസഭയില്‍ ചേരുന്ന കാര്യത്തില്‍ ചെന്നിത്തല അന്തിമതീരുമാനം എടുത്തിരുന്നില്ല. ആഭ്യന്തര വകുപ്പ് ലഭിച്ചാല്‍ മാത്രമേ കാബിനറ്റില്‍ അംഗമാവുകയുള്ളൂ എന്നാണ് ചെന്നിത്തല അറിയിച്ചിരുന്നത്. ഈ സാഹചര്യത്തില്‍ പ്രശ്‌നം വഷളാകാതിരിക്കാന്‍ ആഭ്യന്തരം നല്‍കിയുള്ള വിട്ടു വീഴ്ചയ്ക്ക് വി ഡി തയാറായെന്നാണ് സൂചന.

മുഖ്യമന്ത്രി സ്ഥാനം കിട്ടാത്തതിന്റെ അതൃപ്തിയിലാണെങ്കിലും ആഭ്യന്തര വകുപ്പാണെങ്കില്‍ മന്ത്രിസഭയില്‍ ചേരാന്‍ സന്നദ്ധമാണെന്നാണ് ചെന്നിത്തലയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിക്കുന്നത്. ഇതോടെയാണ് രണ്ടാംവട്ടം വി.ഡി. അനുനയ ശ്രമവുമായി ചെന്നിത്തലയെ കാണുന്നത്. ഇന്നലെയും അദ്ദേഹം വീട്ടിലെത്തി ചെന്നിത്തലയെ നേരിട്ട് കണ്ട് ചര്‍ച്ചകള്‍ നടത്തിയിരുന്നു.

ആഭ്യന്തരത്തിന് പകരം ധനകാര്യം വാഗ്ദാനം ചെയ്താണ് വി ഡി അനുനയ ശ്രമത്തിന് ശ്രമിച്ചത്. എന്നാല്‍ ഉമ്മന്‍ചാണ്ടിയോടൊപ്പം ആഭ്യന്തര മന്ത്രിയായിരുന്ന അദ്ദേഹത്തിന് ജൂനിയറായ സതീശന്റെ മന്ത്രിസഭയില്‍ ആഭ്യന്തരത്തിനെക്കാള്‍ പ്രാധാന്യം കുറഞ്ഞ വകുപ്പ് എങ്ങനെ സ്വീകാര്യമാകുമെന്ന ചോദ്യമാണ് രമേശിനൊപ്പമുള്ളവര്‍ ഉയര്‍ത്തുന്നത്. ഇതോടെ പുതിയ ഫോര്‍മുല മുന്നോട്ടുവെച്ച് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്‍ പ്രശ്‌നപരിഹാരത്തിന് മുന്‍കൈയ്യെടുക്കുകയാണ്. രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തര വകുപ്പ് നല്‍കുകയാണെങ്കില്‍ ധനവകുപ്പ് വേണമെന്ന നിലപാടിലാണ് സതീശന്‍. ആഭ്യന്തരവകുപ്പില്‍ രമേശ് ചെന്നിത്തല കടുംപിടിത്തം തുടരുന്നതോടെയാണ് ആഭ്യന്തരമില്ലെങ്കില്‍ ധനകാര്യം വേണമെന്നും അതില്‍ വിട്ടുവീഴ്ചയില്ലെന്നും സതീശന്‍ നിലപാടെടുത്തതായാണ് റിപ്പോര്‍ട്ട്.

ആഭ്യന്തര വകുപ്പ് വിട്ടുകൊടുക്കുന്നതില്‍ നിയുക്ത മുഖ്യമന്ത്രിയായ വി ഡി സതീശന് താല്‍പര്യമില്ല. കാരണം കേരളത്തില്‍ പൊതുവെ മുഖ്യമന്ത്രിമാര്‍ തന്നെയാണ് ആഭ്യന്തരം കയ്യില്‍ വെയ്ക്കാറ്. കഴിഞ്ഞ ഇടത് സര്‍ക്കാരില്‍ പിണറായി വിജയനായിരുന്നു ആഭ്യന്തരമന്ത്രി. എത്ര തന്നെ വിമര്‍ശനം ഉണ്ടായിട്ടും സിപിഎം മുഖ്യമന്ത്രി പിണറായി വകുപ്പ് മറ്റൊരാള്‍ക്കും നല്‍കിയില്ല. ഇടത് പക്ഷത്ത് മുന്‍പ് വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായപ്പോള്‍ അദ്ദേഹത്തെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കോടിയേരി ബാലകൃഷ്ണന് ആഭ്യന്തരം നല്‍കി പാര്‍ട്ടി സെക്രട്ടറിയായ പിണറായി വിജയനെന്നതും രാഷ്ട്രീയ ചരിത്രമാണ്.

കഴിഞ്ഞ കോണ്‍ഗ്രസ് മന്ത്രിസഭയിലും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നെയാണ് തുടക്കത്തില്‍ ആഭ്യന്തരം ഭരിച്ചത്. തനിക്കെതിരേ വിജിലന്‍സ് അന്വേഷണം വന്നപ്പോഴാണ് ആഭ്യന്തര വകുപ്പ് ഉമ്മന്‍ചാണ്ടിയ്ക്ക് ഉപേക്ഷിക്കേണ്ടി വന്നത്. ആദ്യമത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പിന്നീട് രമേശ് ചെന്നിത്തലയ്ക്കും കൈമാറുകയായിരുന്നു.

തിരുവനന്തപുരത്തെ കന്റോണ്‍മെന്റ് ഹൗസില്‍ ഘടകകക്ഷികളുമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ നടക്കുകയാണ്. ഈ ചര്‍ച്ചയിലാണ് മന്ത്രിസ്ഥാനങ്ങളെക്കുറിച്ചുള്ള തീരുമാനം കൈക്കൊള്ളുക. 11 മന്ത്രിമാരും സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനവുമാണ് കോണ്‍ഗ്രസിന് ലഭിക്കുക.

യുഡിഎഫ് മന്ത്രിസഭയില്‍ അഞ്ച് മന്ത്രിസ്ഥാനമെന്ന ആവശ്യം മുന്നോട്ട് വെച്ച മുസ്ലിം ലീഗിന് മുന്നില്‍ കോണ്‍ഗ്രസ് വഴങ്ങിയേക്കില്ല. നാല് മന്ത്രിസ്ഥാനം നല്‍കാമെന്നും അഞ്ചാം മന്ത്രിക്ക് പകരമായി ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷ സ്ഥാനം നല്‍കാമെന്ന നിര്‍ദ്ദേശമാണ് കോണ്‍ഗ്രസ് മുസ്ലിം ലീഗിന് മുന്നില്‍ വെച്ചതെന്നാണ് വിവരം. നിലവിലെ സാഹചര്യത്തില്‍ അഞ്ച് മന്ത്രിസ്ഥാനം എന്ന ആവശ്യം കോണ്‍ഗ്രസ് അംഗീകരിച്ചേക്കില്ല. കഴിഞ്ഞ മന്ത്രിസഭയില്‍ മുസ്ലിം ലീഗ് കൈവശം വെച്ചിരിക്കുന്ന വിദ്യാഭ്യാസ വകുപ്പ് തിരിച്ചെടുക്കുന്നതിലും കോണ്‍ഗ്രസില്‍ ആലോചന നടക്കുന്നുണ്ട്. വിദ്യാഭ്യാസ വകുപ്പിന് പകരം, മറ്റൊരു വകുപ്പ് നല്‍കുന്നതാണ് പരിഗണനയിലുള്ളത്.

രണ്ട് മന്ത്രിസ്ഥാനം വേണമെന്നാണ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ആവശ്യപ്പെടുന്നത്. എന്നാല്‍, കോണ്‍ഗ്രസ് ഇതിന് വഴങ്ങാന്‍ സാധ്യതയില്ല. ഒരു മന്ത്രിസ്ഥാനം എന്ന നിര്‍ദേശമാണ് കോണ്‍ഗ്രസ് മുന്നോട്ടുവെക്കുന്നത്. അങ്ങനെയെങ്കില്‍, റവന്യു വകുപ്പാണ് ജോസഫ് ഗ്രൂപ്പ് ആവശ്യപ്പെടുന്നത്. ഒരു മന്ത്രിസ്ഥാനത്തിന് പകരം, ചീഫ് വിപ്പ് സ്ഥാനം നല്‍കിയേക്കും എന്ന തരത്തിലും നേരത്തെ ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍, സര്‍ക്കാര്‍ സാമ്പത്തിക ഞെരുക്കം നേരിടുന്ന സാഹചര്യത്തില്‍ ചീഫ് വിപ്പ് സ്ഥാനം വേണോ വേണ്ടയോ എന്നതാണ് നിലവില്‍ കോണ്‍ഗ്രസിനകത്തെ ആലോചന.

തുറമുഖ വകുപ്പാണ് സിഎംപി ആവശ്യപ്പെടുന്നത്. ഒരു പ്രത്യേക വകുപ്പ് ആവശ്യപ്പെട്ടിട്ടില്ലെങ്കിലും പ്രധാന വകുപ്പുതന്നെ വേണം എന്ന നിലപാടിലാണ് ആര്‍എസ്പി. ഘടകകക്ഷികള്‍ ആവശ്യപ്പെടുന്ന വകുപ്പുകള്‍ വിട്ടുകൊടുക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകുമോ എന്നതും അറിയേണ്ടതുണ്ട്. ചര്‍ച്ചകള്‍ നീട്ടിക്കൊണ്ടുപോകാതെ എത്രയും വേഗം തീരുമാനമെടുക്കുക എന്നതാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.

ഘടക കക്ഷികളില്‍ നിന്നും വിട്ടുവീഴ്ച പ്രതീക്ഷിച്ചാണ് കോണ്‍ഗ്രസ് നീക്കം. തിങ്കളാഴ്ച സത്യപ്രതിജ്ഞ നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ ചര്‍ച്ചകള്‍ വലിച്ചു നീട്ടാതെ പെട്ടെന്ന് തീരുമാനമെടുത്തേക്കും. ഘടകകക്ഷികള്‍ക്കുള്ളിലെ ചര്‍ച്ചകളെ അടിസ്ഥാനമാക്കി ആയിരിക്കും എല്ലാ തീരുമാനമുണ്ടാവുക. എല്ലാ ഘടകകക്ഷികള്‍ക്കും മന്ത്രിസ്ഥാനം നല്‍കുക എന്നതാണ് കോണ്‍ഗ്രസിന്റെ നിലവിലെ തീരുമാനം. ഏതൊക്കെ വകുപ്പുകളാകും അവര്‍ക്ക് നല്‍കുക എന്നതില്‍ ഇന്നത്തെ ചര്‍ച്ചയ്ക്ക് ശേഷം തീരുമാനം ഉണ്ടാകും.

അഞ്ച് എംഎല്‍എമാര്‍ക്ക് ഒരു മന്ത്രി എന്നതാണ് നിലവിലെ കോണ്‍ഗ്രസ് ഫോര്‍മുല. 22 മന്ത്രിമാരുള്ള മുസ്ലിം ലീഗിന് നാല് മന്ത്രിമാരെന്ന് ആ രീതിയിലാണ് കോണ്‍ഗ്രസ് നിശ്ചയിച്ചിരിക്കുന്നത്. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് 7 എംഎല്‍എമാരാണ് ഉള്ളത്. ആര്‍എസ്പിയ്ക്ക് 3 എംഎല്‍എമാരും കേരള കോണ്‍ഗ്രസ് ജേക്കബിന് ഒരു എംഎല്‍എയും സിഎംപിയ്ക്ക് ഒരു എംഎല്‍എയുമാണ് ഉള്ളത്.

  • വാഗ്ദാനങ്ങള്‍ പാലിച്ചു വിജയ്; തമിഴ്‌നാട്ടില്‍ വീട്ടമ്മമാരുടെ അക്കൗണ്ടില്‍ ആയിരം രൂപയെത്തി
  • കോണ്‍ഗ്രസില്‍ നിന്ന് 11 മന്ത്രിമാര്‍; പുതുമുഖങ്ങളടക്കം ഏകദേശ ധാരണ
  • വി ഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച; കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരും ദേശീയ നേതാക്കളുമെത്തും
  • ഡല്‍ഹിയില്‍ വീണ്ടും ബസില്‍ കൂട്ടബലാത്സംഗം; ഡ്രൈവറും കണ്ടക്ടറും അറസ്റ്റില്‍
  • രമേശ് ചെന്നിത്തലയ്ക്ക് കടുത്ത അതൃപ്തി; എം എല്‍ എമാരുടെ യോഗത്തില്‍ പങ്കെടുക്കില്ല
  • 5 വര്‍ഷത്തെ പോരാട്ടം; വി.ഡിയെ ഹൈക്കമാന്റിന് അവഗണിക്കാനായില്ല
  • പട നയിച്ചവന്‍ തന്നെ ഭരിക്കും; വി.ഡി. സതീശന്‍ കേരളാമുഖ്യമന്ത്രി
  • നാടകാന്തം മുഖ്യമന്ത്രി തീരുമാനമായി; പ്രഖ്യാപനം വ്യാഴാഴ്ച
  • തമിഴ്‌നാട്ടില്‍ 717 ടാസ്മാക് മദ്യശാലകള്‍ പൂട്ടാന്‍ വിജയ് സര്‍ക്കാര്‍ ഉത്തരവ്
  • അപൂര്‍വമായ മാരക ഫംഗസ് ബാധമൂലം ഇന്ത്യന്‍ ടെക്കിക്ക് അമേരിക്കയില്‍ ദാരുണാന്ത്യം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions