നാട്ടുവാര്‍ത്തകള്‍

ഇനി കെപിസിസി അധ്യക്ഷനുവേണ്ടിയുള്ള 'കസേര കളി'; മുന്നില്‍ ബെന്നി ബഹനാന്‍

കോട്ടയം: മുഖ്യമന്ത്രി കസേരയ്ക്കുവേണ്ടിയുള്ള പിടിവലി കഴിയുകയും പുതിയ യു.ഡി.എഫ് മന്ത്രിസഭ അധികാരമേല്‍ക്കുകയും വകുപ്പുവിഭജനം പൂര്‍ത്തിയാകുകയും ചെയ്തതോടെ കെപിസിസിക്ക് പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള ചര്‍ച്ചകള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം തുടക്കമിട്ടു. നിലവിലെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് മുഖ്യമന്ത്രി വി.ഡി. സതീശന്‍ നേതൃത്വം നല്‍കുന്ന മന്ത്രിസഭയില്‍ അംഗമായതോടെയാണ് പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കേണ്ട സാഹചര്യം രൂപപ്പെട്ടത്. മൂന്ന് വര്‍ക്കിംഗ് പ്രസിഡന്റുമാരില്‍ രണ്ടുപേരും മന്ത്രിമാരായ സാഹചര്യത്തില്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തില്‍ വലിയ അഴിച്ചുപണിക്കാണ് ഹൈക്കമാന്‍ഡ് ഒരുങ്ങുന്നത്. പുതിയ വര്‍ക്കിംഗ് പ്രസിഡന്റുമാരെ നിശ്ചയിക്കുന്നതിനൊപ്പം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളിലും മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചന. സാമൂഹിക, സമുദായ സന്തുലനവും ഗ്രൂപ്പ് സമവാക്യങ്ങളും പരിഗണിച്ച് പുതിയ അധ്യക്ഷനെ കണ്ടെത്തുക എന്നതാണ് ഹൈക്കമാന്‍ഡിന് മുന്നിലുള്ള പ്രധാന വെല്ലുവിളി. നിലവില്‍ പുറത്തുവരുന്ന വിവരങ്ങള്‍ പ്രകാരം മുതിര്‍ന്ന നേതാവും എം.പിയുമായ ബെന്നി ബഹനാനാണ് കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് മുന്‍നിരയില്‍.

മുന്‍ യു.ഡി.എഫ് കണ്‍വീനര്‍, കെപിസിസി ജനറല്‍ സെക്രട്ടറി, തൃശൂര്‍ ഡി.സി.സി പ്രസിഡന്റ്, എ.ഐ.സി.സി അംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ബെന്നി ബഹനാന്‍ എ ഗ്രൂപ്പിലെ മുതിര്‍ന്ന നേതാവാണ്. പാര്‍ട്ടിയിലെ വിവിധ വിഭാഗങ്ങളുമായും മുതിര്‍ന്ന നേതാക്കളുമായും നല്ല വ്യക്തിബന്ധമുള്ളത് അദ്ദേഹത്തിന് അനുകൂല ഘടകമായി വിലയിരുത്തപ്പെടുന്നു. വി.ഡി. സതീശന്‍ മുഖ്യമന്ത്രിയായി ഉയര്‍ന്നുവന്ന പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ പാര്‍ട്ടിയെ സമവായത്തോടെ മുന്നോട്ട് നയിക്കാന്‍ ബെന്നി ബഹനാനാകും എന്ന നിലപാടിലാണ് ഒരു വിഭാഗം നേതാക്കള്‍. യാക്കോബായ സമുദായാംഗമായ അദ്ദേഹത്തിന് സാമുദായിക സമവാക്യങ്ങളും അനുകൂലമാണെന്നാണ് വിലയിരുത്തല്‍. ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനായിരുന്ന ബെന്നിക്ക് കെ.സി. വേണുഗോപാലിന്റെ പിന്തുണയും ലഭിക്കുമെന്നാണ് പ്രതീക്ഷ.

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് മാവേലിക്കര എം.പി കൊടിക്കുന്നില്‍ സുരേഷും ശക്തമായി രംഗത്തുണ്ട്. സംസ്ഥാനത്ത് ഒരു ദലിത് നേതാവിനെ അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരാനാണ് ഹൈക്കമാന്‍ഡ് മുന്‍ഗണന നല്‍കുന്നതെങ്കില്‍ കൊടിക്കുന്നിലിന് സാധ്യത കൂടുതലാകും. എ.ഐ.സി.സി നേതൃത്വവുമായി അദ്ദേഹത്തിനുള്ള അടുത്ത ബന്ധവും അനുകൂല ഘടകമാണ്. കഴിഞ്ഞ തവണ സണ്ണി ജോസഫ് അധ്യക്ഷനായപ്പോള്‍ അവസാനഘട്ടം വരെ കൊടിക്കുന്നില്‍ സുരേഷിന്റെ പേരും സജീവമായി പരിഗണിക്കപ്പെട്ടിരുന്നു. ഇത്തവണയും അദ്ദേഹത്തിന്റെ പേര് ഗൗരവമായി ചര്‍ച്ചയിലുണ്ടെന്നാണ് വിവരം.

ഇവര്‍ക്കു പുറമെ രമേശ് ചെന്നിത്തലയുടെ പിന്തുണയോടെ ഐ ഗ്രൂപ്പിന്റെ പ്രതിനിധിയായി ജോസഫ് വാഴക്കനും രംഗത്തുണ്ട്. കഴിഞ്ഞ തവണ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ട ആന്റോ ആന്റണി, കത്തോലിക്കാ സഭയുടെ പിന്തുണയോടെ കെപിസിസി ജനറല്‍ സെക്രട്ടറിയും മുന്‍ കോട്ടയം ഡി.സി.സി പ്രസിഡന്റുമായ ടോമി കല്ലാനി എന്നിവരും പദവിക്കായി സമ്മര്‍ദം ചെലുത്തുന്നുണ്ട്. തിരഞ്ഞെടുപ്പിന് മുന്‍പ് വര്‍ക്കിംഗ് പ്രസിഡന്റായ ഷാഫി പറമ്പിലിന്റെ പേരും സജീവമായി ഉയര്‍ന്നിരുന്നെങ്കിലും നിലവിലെ സമുദായ സന്തുലന സാഹചര്യത്തില്‍ അദ്ദേഹത്തിനുള്ള സാധ്യത കുറഞ്ഞതായാണ് വിലയിരുത്തല്‍.

മുതിര്‍ന്ന നേതാക്കള്‍, മുന്‍ കെപിസിസി പ്രസിഡന്റുമാര്‍, മുഖ്യമന്ത്രി വി.ഡി. സതീശന്‍ എന്നിവരുമായി കൂടിയാലോചന നടത്തിയ ശേഷമായിരിക്കും ഹൈക്കമാന്‍ഡ് അന്തിമ തീരുമാനം എടുക്കുക. കെപിസിസി പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള ഔദ്യോഗിക നടപടികള്‍ എ.ഐ.സി.സി ഉടന്‍ ആരംഭിക്കുമെന്നാണ് സൂചന. ഇതിന് മുന്നോടിയായി കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി സംസ്ഥാനത്തെത്തി എ.കെ. ആന്റണി, വി.എം. സുധീരന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി സമവായത്തിന് ശ്രമിക്കും.

  • ലിഫ്റ്റില്‍ കുടുങ്ങി ശശി തരൂര്‍; ഫയര്‍ഫോഴ്‌സ് എത്തി പുറത്തുകടത്തി
  • ആശുപത്രികള്‍ രോഗി സൗഹൃദമാക്കാന്‍ ആരോഗ്യവകുപ്പ്; ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പരിശീലനം
  • പള്‍സര്‍ സുനി ജയിലില്‍ തന്നെ; ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം തള്ളി
  • പത്തനംതിട്ടയില്‍ യുവതി മരിച്ച നിലയില്‍; ആണ്‍ സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്
  • ഗൃഹനാഥന്റെ വിദേശജോലി നഷ്ടമായി; കുന്നംകുളത്ത് നാലംഗകുടുംബം ജീവനൊടുക്കാന്‍ ശ്രമിച്ചു, അച്ഛനും മകളും മരിച്ചു
  • ഗര്‍ഭിണിയായ ഭാര്യ ജീവനൊടുക്കി; വിദേശത്തു നിന്ന് തിരിച്ച ഭര്‍ത്താവ് ലോഡ്ജില്‍ മരിച്ചനിലയില്‍
  • വിയറ്റ്നാം ബോട്ട് ദുരന്തത്തില്‍ മലയാളി ദമ്പതിമാരടക്കം 15 ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം
  • തിരുവല്ലം ഇരട്ടമരണം: ബൈക്ക് മറിഞ്ഞതല്ല, പിന്നില്‍ കാറിടിച്ചത്; യുവാവ് അറസ്റ്റില്‍
  • വയനാട് കള്ളാടി മണ്ണിടിച്ചിലില്‍ മരണം ഏഴായി; കരാര്‍ കമ്പനിയെ പഴിചാരി സര്‍ക്കാര്‍
  • ഉസ്ബെക്കിസ്താനില്‍ മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ട സംഭവം; കേരളത്തില്‍ കേസെടുത്ത് പൊലീസ്, റീ പോസ്റ്റ്‌മോര്‍ട്ടം നടത്തും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions