യു.കെ.വാര്‍ത്തകള്‍

മഹാമാരികള്‍ തടയാന്‍ എഐ വാക്‌സിനുമായി കേംബ്രിഡ്ജ് ശാസ്ത്രജ്ഞര്‍

ലണ്ടന്‍: ഭാവിയില്‍ ഉണ്ടാകാനിടയുള്ള മഹാമാരികളെ നേരിടാന്‍ എഐ വാക്‌സിനുമായി കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍. വിവിധതരം വൈറസുകള്‍ക്കെതിരെ പ്രയോഗിക്കാനും ഭാവിയില്‍ ഉണ്ടാകാനിടയുള്ള മഹാമാരികളെ നേരിടാനും ഈ വാക്‌സിന്‍ സഹായകമാകുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ. വാക്‌സിന്റെ പ്രധാന ഘടകമായ ആന്റിജന്‍ പൂര്‍ണ്ണമായും എഐ ഉപയോഗിച്ച് രൂപകല്‍പ്പന ചെയ്ത് മനുഷ്യരില്‍ പരീക്ഷിക്കുന്നത് ചരിത്രത്തില്‍ ആദ്യമായാണെന്ന് ഗവേഷക സംഘം വ്യക്തമാക്കി. എല്ലാത്തരം കൊറോണ വൈറസുകള്‍ക്കെതിരെയും, ഇപ്പോള്‍ മൃഗങ്ങളില്‍ മാത്രം കാണപ്പെടുന്നുവെങ്കിലും ഭാവിയില്‍ മനുഷ്യരിലേക്ക് പടര്‍ന്ന് മഹാമാരിയാകാന്‍ സാധ്യതയുള്ള വൈറസുകള്‍ക്കെതിരെയും പ്രവര്‍ത്തിക്കാന്‍ കഴിയുന്ന രീതിയിലാണ് വാക്‌സിന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

വാക്‌സിന്‍ വികസനം ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണ്. എന്നാല്‍ ഇന്‍ഫ്‌ലുവന്‍സ, എബോള തുടങ്ങിയ രോഗങ്ങള്‍ക്കെതിരെ സമാനമായ വാക്‌സിനുകള്‍ വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഇതിനകം ആരംഭിച്ചതായും ശാസ്ത്രജ്ഞര്‍ അറിയിച്ചു. വിവിധ നിരീക്ഷണ പരിപാടികളിലൂടെ മുന്‍പ് രേഖപ്പെടുത്തിയിട്ടുള്ള നിരവധി കൊറോണ വൈറസുകളുടെ ജനിതക ഘടനകള്‍ കേംബ്രിഡ്ജ് ഗവേഷകര്‍ ശേഖരിച്ചു. തുടര്‍ന്ന് അവ എഐ സംവിധാനത്തിന്റെ സഹായത്തോടെ വിശദമായി വിശകലനം ചെയ്തു. വൈറസുകള്‍ക്ക് ജനിതക വ്യതിയാനം സംഭവിച്ചാലും ഒരു പ്രത്യേക വൈറസ് കുടുംബത്തിനെതിരെ ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെ സജ്ജമാക്കാന്‍ കഴിയുന്ന 'സൂപ്പര്‍ ആന്റിജന്‍' ആണ് എഐ രൂപകല്‍പ്പന ചെയ്തത്.

എഐ രൂപകല്‍പ്പന ചെയ്ത ആന്റിജന്‍ മനുഷ്യരില്‍ പരീക്ഷിക്കുന്നത് ഇതാദ്യമായാണെന്ന് കേംബ്രിഡ്ജ് സര്‍വകലാശാലയിലെ പ്രൊഫസര്‍ ജോനാഥന്‍ ഹീനി പറഞ്ഞു. ഈ സാങ്കേതികവിദ്യ തങ്ങളെയെല്ലാം അത്ഭുതപ്പെടുത്തുന്നുവെന്നും മനുഷ്യരാശിയുടെ നന്മയ്ക്കായി ഇതിലൂടെ ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ അതീവ പ്രതീക്ഷജനകമാണെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിലുള്ള വൈറസുകളില്‍ നിന്നു മാത്രമല്ല, അടുത്ത വലിയ രോഗവ്യാപനത്തിന് കാരണമാകാന്‍ സാധ്യതയുള്ള ഭീഷണികളില്‍ നിന്നുമാണ് മനുഷ്യരെ സംരക്ഷിക്കുകയെന്നതാണ് ലക്ഷ്യം. മഹാമാരികളെ നേരിടുന്ന രീതിയില്‍ ഇത് അടിസ്ഥാനപരമായ മാറ്റം കൊണ്ടുവരുന്ന മുന്നേറ്റമാണെന്നും ഗവേഷകര്‍ പറയുന്നു. വൈറസുകള്‍ക്ക് തുടര്‍ച്ചയായി രൂപംമാറാനും ജനിതക വ്യതിയാനം വരുത്താനും കഴിയുന്നത് നിലവിലുള്ള പല വാക്‌സിനുകളുടെയും ഫലപ്രാപ്തിക്ക് വെല്ലുവിളിയാണ്. ഈ പ്രശ്‌നം മറികടക്കുന്നതിനായി വൈറസുകളുടെ മാറ്റങ്ങളെക്കാള്‍ ഒരുപടി മുന്നില്‍ സഞ്ചരിക്കുന്ന വാക്‌സിന്‍ സാങ്കേതികവിദ്യ വികസിപ്പിക്കാനാണ് ഗവേഷക സംഘം ശ്രമിക്കുന്നത്.

വാക്‌സിന്റെ സുരക്ഷിതത്വം വിലയിരുത്തുന്നതിനായുള്ള ആദ്യഘട്ട മനുഷ്യപരീക്ഷണങ്ങളില്‍ 39 പേര്‍ പങ്കെടുത്തു. വാക്‌സിന്‍ രോഗപ്രതിരോധ ശേഷിയില്‍ ഉണ്ടാക്കിയ സ്വാധീനം 'മിതമായത്' മാത്രമാണെന്നാണ് ജേണല്‍ ഓഫ് ഇന്‍ഫെക്ഷനില്‍ പ്രസിദ്ധീകരിച്ച പഠനവിവരങ്ങള്‍ വ്യക്തമാക്കുന്നത്. സതാംപ്ടണ്‍ സര്‍വകലാശാലയില്‍ പരീക്ഷണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പ്രൊഫസര്‍ സോള്‍ ഫോസ്റ്റ്, എഐ അടിസ്ഥാനമാക്കിയുള്ള വാക്‌സിന്‍ രൂപകല്‍പ്പനയ്ക്ക് വലിയ സാധ്യതകളുണ്ടെന്ന് അഭിപ്രായപ്പെട്ടു. ഓരോ വര്‍ഷവും മാറ്റം വരുത്തേണ്ടതില്ലാത്ത സാര്‍വത്രിക സീസണല്‍ ഫ്‌ലൂ വാക്‌സിനുകള്‍ക്കും എച്ച്5എന്‍1 പക്ഷിപ്പനി വാക്‌സിനും വേണ്ടിയുള്ള മൃഗപരീക്ഷണങ്ങള്‍ നടത്തിവരികയാണ്.

  • ഇന്ത്യന്‍ വംശജയടക്കം 3 പേര്‍ കൊല്ലപ്പെട്ട കേസിലെ മെഡിക്കല്‍ രേഖകള്‍ പരിശോധിച്ചു; 15 എന്‍എച്ച്എസ് ജീവനക്കാരെ പുറത്താക്കി
  • വിന്റര്‍ കടുപ്പമാകുമെന്ന് സര്‍ക്കാര്‍; എന്‍എച്ച്എസ് അടിയന്തര പരിചരണത്തിനായി 140 മില്ല്യണ്‍ പൗണ്ട് കൂടി
  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions