കാന്‍സര്‍ ഇമ്യൂണോ തെറാപ്പിക്കിടെ രോഗപ്രതിരോധ സംവിധാനം അമിതമായി പ്രതികരിക്കുന്നതിലൂടെ ഉണ്ടാകുന്ന 'സൈറ്റോകൈന്‍ റിലീസ് സിന്‍ഡ്രോം' (സി.ആര്‍.എസ്.) തടയാന്‍ ലക്ഷ്യമിട്ടുള്ള പുതിയ മരുന്നിന്റെ ക്ലിനിക്കല്‍ പരീക്ഷണം ബ്രിട്ടനിലെ ആറ് എന്‍എച്ച്എസ് ആശുപത്രികളില്‍ ആരംഭിക്കുന്നു. ലണ്ടന്‍ ആസ്ഥാനമായ പൂള്‍ബെഗ് ഫാര്‍മ വികസിപ്പിച്ച 'പോള്‍ബ് 001' എന്ന മരുന്നാണ് പരീക്ഷണത്തിന് വിധേയമാകുന്നത്.
രക്താര്‍ബുദങ്ങള്‍ ഉള്‍പ്പെടെയുള്ള ചില കാന്‍സര്‍ ചികിത്സകളില്‍ രോഗപ്രതിരോധ സംവിധാനം നിയന്ത്രണം വിട്ട് പ്രവര്‍ത്തിക്കുന്നതിലൂടെ സി.ആര്‍.എസ്. ഉണ്ടാകാം. പനി, ഹൃദയമിടിപ്പ് വര്‍ധിക്കല്‍, അവയവങ്ങള്‍ക്ക് കേടുപാടുകള്‍ എന്നിവയ്ക്ക് കാരണമാകുന്ന ഈ അവസ്ഥ ചിലപ്പോള്‍ ജീവന് ഭീഷണിയാകാറുണ്ട്. ഇമ്യൂണോതെറാപ്പി സ്വീകരിക്കുന്നവരില്‍ വലിയൊരു വിഭാഗത്തെ ഇത് ബാധിക്കുന്നുണ്ടെങ്കിലും മുന്‍കൂട്ടി തടയാനുള്ള അംഗീകൃത ചികിത്സ നിലവിലില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.
മാഞ്ചസ്റ്റര്‍ സര്‍വകലാശാലയുടെയും ദി ക്രിസ്റ്റി എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റിന്റെയും നേതൃത്വത്തില്‍ 30 രോഗികളിലാണ് പരീക്ഷണം നടത്തുക. ചികിത്സ ആരംഭിക്കുന്നതിന് മുമ്പ് വീട്ടില്‍വെച്ച് തന്നെ കഴിക്കാവുന്ന ഗുളികരൂപത്തിലുള്ള മരുന്നാണിത്. പരീക്ഷണം വിജയിച്ചാല്‍ പ്രത്യേക കാന്‍സര്‍ കേന്ദ്രങ്ങളില്‍ മാത്രം നല്‍കിവരുന്ന ചില ഇമ്യൂണോതെറാപ്പികള്‍ പ്രാദേശിക ആശുപത്രികളിലേക്കും വ്യാപിപ്പിക്കാന്‍ സാധിക്കുമെന്നും ചികിത്സാചെലവും രോഗികളുടെ ബുദ്ധിമുട്ടുകളും കുറയുമെന്നും ഗവേഷകര്‍ പ്രതീക്ഷിക്കുന്നു.
യുകെയില്‍ കാന്‍സര്‍ രോഗികളുടെ എണ്ണം ആശങ്കപ്പെടുത്തും വിധം കൂടുകയാണ്. ഓരോ 80 സെക്കന്റിലും ഒരാള്‍ക്ക് രോഗം സ്ഥിരീകരിക്കുന്നു. കാന്‍സര്‍ റിസര്‍ച്ച് യുകെയുടെ വിലയിരുത്തല്‍ പ്രകാരം വര്‍ഷത്തില്‍ 403000 ലേറെ പേര്‍ക്കാണ് കാന്‍സര്‍ കണ്ടെത്തുന്നത്.
10 വര്‍ഷത്തിനിടെ രോഗനിരക്ക് 610ല്‍ നിന്ന് 620 (ഒരു ലക്ഷം ആളില്‍) ആയി ഉയര്‍ന്നു. അമിതവണ്ണം കൂടുന്നതും ഒരു പ്രധാന ഘടകമാണ്. നേരത്തെ കണ്ടെത്തുന്ന കേസുകളുടെ ശതമാനം 54%ല്‍ നിന്ന് 55% ആയി .
എന്‍എച്ച്എസ് കൂടുതല്‍ രോഗികളുടെ സമ്മര്‍ദ്ദം കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടുകയാണ്. കാന്‍സര്‍ ചികിത്സയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പ് സമയം ചരിത്രത്തിലെ ഏറ്റവും മോശം നിലയിലാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
2025ല്‍ മാത്രം 1,07,000 രോഗികള്‍ 62 ദിവസത്തിലധികം ചികിത്സ തുടങ്ങാന്‍ കാത്തിരിക്കേണ്ടി വന്നു. ആരോഗ്യ മേഖലയിലെ സമ്മര്‍ദ്ദം മൂലം വേണ്ടത്ര രോഗികള്‍ക്ക് ചികിത്സ നല്‍കാനാകുന്നില്ല.
കഴിഞ്ഞ വര്‍ഷം റെക്കോര്‍ഡ് പരിശോധനകളാണ് കാന്‍സര്‍ രംഗത്ത് നടത്തിയത്. എന്‍എച്ച്എസിന് 26 ബില്യണ്‍ പൗണ്ട് അധിക ഫണ്ടിംഗ് ലഭിച്ചു.