സിനിമ

'അമ്മ'യില്‍ കൂട്ടയടി; ശ്വേതയെ പുകച്ചു ചാടിച്ചു


താരസംഘടന 'അമ്മ' യിൽ അടിയോടടി. വാര്‍ഷിക ജനറല്‍ ബോഡിയിലെ നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ പ്രസിഡന്റ് ശ്വേത മേനോൻ, ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരൻ തുടങ്ങി എല്ലാ അം​ഗങ്ങളും രാജിവെച്ചു. ശ്വേത അമ്മയുടെ അംഗത്വം പോലും ഒഴിഞ്ഞാണ് പോയത്. 'അമ്മ' വീണ്ടും ആരോപണവിധേയരുടെ കൈപിടിയിലായെന്നാണ് സൂചന. തൊഴുത്തില്‍കുത്തും അജണ്ടകളും ബാഹ്യ ഇടപെടലുമാണ് ശ്വേതയെ രാജിയിലേയ്ക്ക് നയിച്ചത്. രമേഷ് പിഷാരടിയുടെ നേതൃത്വത്തില്‍ താല്‍ക്കാലിക അഡ്‌ഹോക്ക് കമ്മിറ്റി വന്നിട്ടുണ്ട്.

ഞായറാഴ്ച രാവിലെ തുടങ്ങിയ ജനറല്‍ ബോഡിയില്‍ വാര്‍ഷിക റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കുകളും പാസാക്കുന്നതിനെച്ചൊല്ലി വന്‍ തര്‍ക്കവും നാടകീയ രംഗങ്ങളും ഉണ്ടായി. തര്‍ക്കം രൂക്ഷമായതോടെ അധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവെക്കുകയാണെന്ന് ശ്വേത മേനോൻ വൈകാരികമായി പ്രഖ്യാപിക്കുകയായിരുന്നു.

യോഗത്തിനിടെ സ്റ്റേജില്‍ കയറിയാണ് ശ്വേത രാജി പ്രഖ്യാപിച്ചത്. തനിക്ക് യാതൊരുവിധ രാഷ്ട്രീയവുമില്ലെന്നും എന്നാല്‍ തന്നെ ബിജെപിക്കാരിയാക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ടെന്നും ശ്വേത പറഞ്ഞു. തുടര്‍ന്ന് സ്റ്റേജില്‍ നിന്നും ഇറങ്ങിപ്പോയ ശ്വേതയെ നടന്‍ ബാബുരാജിന്റെ നേതൃത്വത്തില്‍ അംഗങ്ങള്‍ ചേര്‍ന്ന് അനുനയിപ്പിക്കാനും തിരികെ വിളിക്കാനും ശ്രമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഭരണസമിതി ഒന്നാകെ രാജിവെച്ചത്.

തങ്ങളെ പുറത്താക്കാന്‍ മുന്‍കൂട്ടി തയ്യാറാക്കിയ അജണ്ടയും ഗൂഢാലോചനയും നടന്നുവെന്നാണ് ശ്വേതയുടെ ആരോപണം. കുറ്റാരോപിതരായ ചിലരുടെ നിയന്ത്രണത്തിലേക്ക് സംഘടനയെ തിരികെ കൊണ്ടുവരാനുള്ള നീക്കങ്ങളാണ് ജനറല്‍ ബോഡിയില്‍ ഉണ്ടായതെന്നും, അവിശ്വാസ പ്രമേയം വരെ ഉയര്‍ത്തി തങ്ങളെ ഒതുക്കാന്‍ ശ്രമിച്ചുവെന്നും ശ്വേത പറഞ്ഞു. വ്യക്തിത്വം പണയം വെച്ച് മാത്രമേ സംഘടനയില്‍ തുടരാനാകൂ എന്ന സാഹചര്യമുണ്ടായതിനെ തുടര്‍ന്നാണ് രാജിയെന്നുമാണ് അവരുടെ വിശദീകരണം.

ഭരണസമിതിയിലെ ട്രഷറര്‍ ഉണ്ണി ശിവപാല്‍ മുന്‍കൂട്ടി അറിയിക്കാതെ പെട്ടെന്ന് മാറിനിന്നതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമായതെന്നും അവര്‍ ആരോപിച്ചു. മെയ് 1 മുതല്‍ അദ്ദേഹം ബന്ധപ്പെടാനാകാത്ത നിലയിലായിരുന്നുവെന്നും ശ്വേത മേനോന്‍ പറഞ്ഞു.

മുന്‍ കമ്മിറ്റിയിലെ ബാബുരാജിനെതിരെ ഗുരുതര ആരോപണങ്ങളും അവര്‍ ഉന്നയിച്ചു. സംഘടനയുടെ അന്തസ് കണക്കിലെടുത്ത് ഇതുവരെ പുറത്തുപറയാതിരുന്ന കാര്യങ്ങള്‍ വൈകാതെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തുമെന്നും ശ്വേത മേനോന്‍ മുന്നറിയിപ്പ് നല്‍കി.

'അമ്മ' ഭരണസമിതിക്കെതിരെ ഒരു വിഭാഗം അവിശ്വാസ പ്രമേയ രേഖ തയ്യാറാക്കി. നേതൃത്വത്തിന്റെ നടപടികള്‍ സംഘടനയ്ക്ക് അവമതിപ്പുണ്ടാക്കിയതാണെന്നും, നിലവിലെ ഭരണസമിതി ഒഴിയണമെന്നും തെറ്റുകള്‍ക്ക് നിരുപാധികം മാപ്പ് പറയണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു. എക്സിക്യൂട്ടീവ് അംഗങ്ങളിലെ തര്‍ക്കങ്ങള്‍ ഇങ്ങനെ തുടരാനാകില്ലെന്നും രേഖയില്‍ പരാമര്‍ശമുണ്ട്. ഇതിനായി ഒരു വിഭാഗം ഒപ്പുശേഖരണവും നടത്തി.

ഭരണസമിതിയിലെ അംഗങ്ങള്‍ക്കെതിരെ ഉയര്‍ന്ന ഗുരുതര ആരോപണങ്ങളില്‍ പ്രസിഡന്റ് നിശബ്ദത പാലിച്ചതായും വിവാദങ്ങളില്‍ വ്യക്തമായ നിലപാടോ നടപടികളോ സ്വീകരിച്ചില്ലെന്നും വിമര്‍ശനം ഉയര്‍ന്നു. ഇതോടെ സംഘടനയുടെ വാര്‍ഷിക റിപ്പോര്‍ട്ട് പാസാക്കുന്നതിലും അഭിപ്രായ ഭിന്നത പ്രകടമായി. വ്യക്തതയില്ലാത്ത കണക്കുകൾ ഉള്‍പ്പെടുത്തിയ റിപ്പോര്‍ട്ട് അംഗീകരിക്കാനാകില്ലെന്ന് നടന്‍ സിദ്ദിഖും ഇടവേള ബാബുവും നിലപാട് എടുത്തു. കണക്കുകളില്‍ പിഴവുകളുണ്ടെന്ന് രഞ്ജി പണിക്കരും ചൂണ്ടിക്കാട്ടി.

തുടര്‍ന്ന് വിഷയത്തില്‍ മോഹന്‍ലാല്‍ ഇടപെടണമെന്ന് ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടു. പിന്നാലെ വേദിയില്‍ സംസാരിച്ച മോഹന്‍ലാല്‍, സംഘടനയെ തകര്‍ക്കാന്‍ ആരാലും കഴിയില്ലെന്ന് വ്യക്തമാക്കി.

അതേസമയം, യോഗത്തില്‍ വലിയ യുവതാരനിരയുടെ അഭാവം ശ്രദ്ധേയമായി. ആസിഫ് അലി, പൃഥ്വിരാജ്, ടോവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, ബേസില്‍ ജോസഫ്, ദുല്‍ഖര്‍ സല്‍മാൻ, ഉണ്ണി മുകുന്ദന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തില്ല.

കാക്കനാട് ചിറ്റിലപ്പിള്ളി സ്‌ക്വയറിലാണ് ജനറല്‍ ബോഡി നടന്നത്. സംഘടനയിലെ ഭാരവാഹികള്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുകയും ജോയിന്റ് സെക്രട്ടറി സ്ഥാനം രാജിവെക്കുകയും ചെയ്ത അന്‍സിബയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കിയിട്ടുണ്ട്. സമിതി രാജിവച്ചതോടെ അച്ചടക്ക നടപടിയുണ്ടാകുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. അന്‍സിബ യോഗത്തില്‍ പങ്കെടുത്തു.

  • പ്രസിഡന്റ് സ്ഥാനത്തിനൊപ്പം 'അമ്മ' അംഗത്വവും രാജിവെച്ച് ശ്വേത മേനോന്‍
  • സിനിമയെ ഒരു വ്യവസായമായി പ്രഖ്യാപിച്ച്ബജറ്റ്; അഭിനന്ദിച്ച് മോഹന്‍ലാല്‍
  • അവസാനം നിര്‍മ്മിച്ച രണ്ടു സിനിമകള്‍ ഫ്‌ലോപ്പായി, പന്ത്രണ്ടര കോടി നഷ്ടമുണ്ടായി; ഷീലു എബ്രഹാം
  • മലയാളത്തില്‍ മറ്റൊരു 'ഒടിയന്‍; എത്തുന്നു; പ്രധാനകഥാപാത്രങ്ങളായി പൃഥ്വിരാജും മഞ്ജു വാര്യരും
  • ടിനി ടോം വര്‍ഗീയ അധിക്ഷേപം നടത്തിയതിനെക്കുറിച്ച് അറിയില്ലെന്ന് ശ്വേതാ മേനോന്റെ മൊഴി
  • വിജയ്-സംഗീത വിവാഹമോചന കേസ് ഓഗസ്ത് 7 ലേക്ക് മാറ്റി
  • 'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി
  • സ്‌പൈഡര്‍മാന്‍ ചിത്രം ഇന്ത്യയില്‍ ജൂലൈ 30നെത്തും
  • 'അമ്മ'യുടെ കാരണം കാണിക്കല്‍ നോട്ടീസില്‍ വ്യക്തത കുറവുണ്ടെന്ന് നടി അന്‍സിബയുടെ മറുപടി
  • കണ്ണൂര്‍ വിമാനത്താവളത്തില്‍ വിമാനത്തിന് ബോംബ് ഭീഷണി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions