ബ്രിട്ടനില്‍ അതി തീവ്ര ചുട് അനുഭവപ്പെടുമെന്ന മുന്നറിയിപ്പുമായി മെറ്റ് എഫ്‌സ്. ബുധനാഴ്ചയും വ്യാഴാഴ്ചയുമാണ് അപൂര്‍വമായി പ്രഖ്യാപിക്കാറുള്ള റെഡ് വെതര്‍ വാര്‍ണിങ് നല്‍കിയിരിക്കുന്നത്. ജീവന്‍ തന്നെ അപകടത്തിലാകുന്ന കാലാവ്യവസ്ഥാ മാറ്റമെന്ന വിലയിരുത്തലിന് പിന്നാലെ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.
തെക്കന്‍ വെയില്‍സിലെ സ്വാന്‍സി വരെ വ്യാപിക്കുന്ന പ്രദേശത്തും ഇംഗ്ലണ്ടിലെ ലണ്ടന്‍ ഉള്‍പ്പെടെ പ്രദേശങ്ങളിലും റെഡ് വാര്‍ണിങ്ങാണ്. കെന്റ് മുതല്‍ സോമര്‍സെറ്റ് വരേയും ബര്‍മ്മിങ് ഹാമിലും തെക്കന്‍ കേബ്രിഡ്ജിലും മുന്നറിയിപ്പുണ്ട്. ചിലയിടങ്ങളില്‍ 40 ഡിഗ്രി വരെ താപനില രേഖപ്പെടുത്താന്‍ സാധ്യതയുണ്ട്.
ഇംഗ്ലണ്ടില്‍ റെഡ് ഹീറ്റ് ഹെല്‍ത്ത് അലര്‍ട്ട് പ്രഖ്യാപിക്കുന്നത് ചരിത്രത്തില്‍ രണ്ടാമത്തെ തവണ മാത്രമാണ്. ആദ്യമായി 2022 ജൂലൈയില്‍ താപനില 40°C കടന്നപ്പോഴാണ് ഇത്തരമൊരു മുന്നറിയിപ്പ് നല്‍കിയിരുന്നത്. പൊതുജനങ്ങള്‍ അനാവശ്യ യാത്ര ഒഴിവാക്കാനും പുറം ജോലികള്‍ ഒഴിവാക്കാനും നിര്‍ദ്ദേശമുണ്ട്.
യുകെയില്‍ ജൂണ്‍ മാസത്തില്‍ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന താപനില 35.6 ഡിഗ്രി സെല്‍ഷ്യസാണ്. 1957ല്‍ ലണ്ടനിലെ കാംഡന്‍ സ്‌ക്വയറിലും 1976ല്‍ സൗത്താംപ്ടണിലുമാണ് ഈ താപനില രേഖപ്പെടുത്തിയത്. നിലവിലെ പ്രവചനം യാഥാര്‍ഥ്യമായാല്‍ പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന ജൂണ്‍ മാസത്തെ റെക്കോര്‍ഡ് മറികടന്നേക്കും.
പകല്‍ മാത്രമല്ല, രാത്രിയിലും കടുത്ത ചൂട് തുടരുമെന്നാണ് മുന്നറിയിപ്പ്. നഗരപ്രദേശങ്ങളില്‍ തുടര്‍ച്ചയായ രാത്രികളില്‍ താപനില 20 ഡിഗ്രി സെല്‍ഷ്യസിന് താഴെയെത്താതിരിക്കാം. ഉയര്‍ന്ന ഈര്‍പ്പം കൂടി അനുഭവപ്പെടുന്നതിനാല്‍ രേഖപ്പെടുത്തുന്ന താപനിലയേക്കാള്‍ കൂടുതല്‍ ചൂട് അനുഭവപ്പെടാം. രാത്രിയില്‍ ശരീരത്തിന് ആവശ്യമായ വിശ്രമവും തണുപ്പും ലഭിക്കാത്തത് ആരോഗ്യപ്രശ്‌നങ്ങളുടെ സാധ്യത വര്‍ധിപ്പിക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ലണ്ടന്‍ ഉള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളില്‍ പ്രായമായവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, ഒറ്റയ്ക്ക് താമസിക്കുന്നവര്‍, ദീര്‍ഘകാല രോഗങ്ങളുള്ളവര്‍ തുടങ്ങിയവര്‍ പ്രത്യേക ജാഗ്രത പാലിക്കണം. എന്നാല്‍ ഇത്തവണത്തെ ചൂട് ദുര്‍ബല വിഭാഗങ്ങളെ മാത്രമല്ല, പൊതുജനങ്ങളെയും ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.
ചൂട് ആരോഗ്യസംവിധാനം, ഗതാഗതം, വൈദ്യുതി-ജലവിതരണം, തൊഴില്‍ക്രമം തുടങ്ങിയ മേഖലകളെ ബാധിച്ചേക്കാമെന്നാണ് മുന്നറിയിപ്പ്. റോഡ്, റെയില്‍, വിമാനയാത്രകളില്‍ കാലതാമസമുണ്ടാകാനും ചൂട് ബാധിക്കുന്ന സാങ്കേതിക സംവിധാനങ്ങള്‍ തകരാറിലാകാനും സാധ്യതയുണ്ട്. കടല്‍ത്തീരങ്ങള്‍, തടാകങ്ങള്‍, നദികള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ എത്തുന്നവരുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ ജലസുരക്ഷയിലും അതീവ ശ്രദ്ധ വേണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. കടുത്ത ചൂടാണെങ്കിലും കടലിലെയും നദികളിലെയും ജലം ഇപ്പോഴും തണുപ്പായിരിക്കാം. പെട്ടെന്ന് വെള്ളത്തിലേക്ക് ചാടുന്നത് 'കോള്‍ഡ് വാട്ടര്‍ ഷോക്ക്' ഉണ്ടാക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് രക്ഷാപ്രവര്‍ത്തന ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കുന്നു.
കടുത്ത ചൂടിനെ നേരിടാന്‍ പൊതുജനങ്ങള്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പും മെറ്റ് ഓഫീസും നിര്‍ദേശിച്ചു. ഉച്ചയ്ക്ക് 11 മുതല്‍ വൈകിട്ട് മൂന്നുവരെ നേരിട്ടുള്ള വെയിലില്‍ കഴിയുന്നതും കഠിനമായ വ്യായാമവും പരമാവധി ഒഴിവാക്കണം. ധാരാളം വെള്ളം കുടിക്കുക, പുറത്തുപോകുമ്പോള്‍ വെള്ളം കൈയില്‍ കരുതുക, ഇളം നിറത്തിലുള്ള അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക, സണ്‍സ്‌ക്രീനും വീതിയുള്ള തൊപ്പിയും ഉപയോഗിക്കുക തുടങ്ങിയ മുന്‍കരുതലുകളും സ്വീകരിക്കണം. സൂര്യപ്രകാശം നേരിട്ട് ലഭിക്കുന്ന മുറികളിലെ കര്‍ട്ടനുകള്‍ അടച്ചിടുകയും രാത്രിയില്‍ സുരക്ഷിതമായ സാഹചര്യത്തില്‍ വായുസഞ്ചാരം ഉറപ്പാക്കുകയും വേണം. തലകറക്കം, അമിതമായ ക്ഷീണം, തലവേദന, ഛര്‍ദി, ആശയക്കുഴപ്പം, അമിത വിയര്‍പ്പ് തുടങ്ങിയ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ ഉടന്‍ തണലുള്ള സ്ഥലത്തേക്ക് മാറുകയും വൈദ്യസഹായം തേടുകയും ചെയ്യണം. ആരോഗ്യനിലയില്‍ ആശങ്കയുണ്ടെങ്കില്‍ എന്‍എച്ച്എസ് 111 സേവനവുമായി ബന്ധപ്പെടാനും നിര്‍ദേശിച്ചിട്ടുണ്ട്.