യു.കെ.വാര്‍ത്തകള്‍

ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 100 കോടി നല്‍കണം; നീരവ് മോദിക്ക് ലണ്ടന്‍ ഹൈക്കോടതിയില്‍ തിരിച്ചടി



ലണ്ടന്‍: വജ്രവ്യാപാരിയും പഞ്ചാബ് നാഷണല്‍ ബാങ്ക് സാമ്പത്തിക തട്ടിപ്പുകേസിലെ പ്രതിയുമായ നീരവ് മോദിക്ക് ലണ്ടന്‍ ഹൈക്കോടതിയില്‍ തിരിച്ചടി. ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് വായ്പാ കുടിശ്ശികയും പലിശയും ഉള്‍പ്പെടെ 10.7 മില്യണ്‍ യുഎസ് ഡോളറിലധികം-ഏകദേശം 100 കോടി രൂപയ്ക്കുമുകളില്‍-നല്‍കാന്‍ നീരവ് മോദി ബാധ്യസ്ഥനാണെന്ന് കോടതി വിധിച്ചു. ദുബായില്‍ രജിസ്റ്റര്‍ ചെയ്ത ഫയര്‍സ്റ്റാര്‍ ഡയമണ്ട് എഫ്ഇസഡ്ഇ എന്ന കമ്പനിക്ക് ബാങ്ക് ഓഫ് ഇന്ത്യ അനുവദിച്ച വായ്പയുമായി ബന്ധപ്പെട്ട സിവില്‍ കേസിലാണ് ലണ്ടന്‍ സര്‍ക്യൂട്ട് കൊമേഴ്‌സ്യല്‍ കോടതി വിധി പുറപ്പെടുവിച്ചത്. കമ്പനിയുടെ വായ്പയ്ക്ക് നീരവ് മോദി നല്‍കിയ വ്യക്തിഗത ഗ്യാരണ്ടിയുടെ അടിസ്ഥാനത്തിലാണ് ബാങ്ക് തുക ആവശ്യപ്പെട്ടത്. കുടിശ്ശികയായ പ്രധാന തുകയായ 4.105 മില്യണ്‍ ഡോളര്‍ നല്‍കാന്‍ നീരവ് മോദി ബാധ്യസ്ഥനാണെന്നും ഇതിനൊപ്പം ബാങ്ക് കണക്കാക്കിയ പലിശയും ചേര്‍ക്കണമെന്നും ഡെപ്യൂട്ടി ഹൈക്കോടതി ജഡ്ജി സൈമണ്‍ ടിങ്ക്‌ലര്‍ വ്യക്തമാക്കി.

ഇന്ത്യയുടെ വിദേശനാണ്യ വിനിമയ നിയമമായ ഫെമയുടെ വ്യവസ്ഥകള്‍ പ്രകാരം റിസര്‍വ് ബാങ്കിന്റെ അനുമതി ലഭിക്കാത്തതിനാല്‍ വ്യക്തിഗത ഗ്യാരണ്ടി നിയമപരമായി നടപ്പാക്കാന്‍ കഴിയില്ലെന്നായിരുന്നു നീരവ് മോദിയുടെ പ്രധാന വാദം. എന്നാല്‍ ഗ്യാരണ്ടി അസാധുവോ നടപ്പാക്കാനാകാത്തതോ അല്ലെന്ന് കോടതി കണ്ടെത്തി. ബാങ്ക് നല്‍കിയ പണമടയ്ക്കല്‍ നോട്ടീസ് സാധുവായി കൈമാറിയിട്ടില്ലെന്ന വാദവും കോടതി തള്ളി. 2012-ലാണ് ബാങ്ക് ഓഫ് ഇന്ത്യ ഫയര്‍സ്റ്റാര്‍ ഡയമണ്ട് എഫ്ഇസഡ്ഇയ്ക്ക് വായ്പ അനുവദിച്ചത്. 2013 ഓഗസ്റ്റ് മൂന്നിന് നീരവ് മോദി ഇതിന് വ്യക്തിഗത ഗ്യാരണ്ടി നല്‍കിയിരുന്നു. വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്ന് 2024-ല്‍ ബാങ്കിന് കമ്പനിക്കെതിരെ പ്രധാന തുകയും പലിശയും ഈടാക്കാന്‍ അനുകൂല വിധി ലഭിച്ചിരുന്നു. പിന്നീട് 2025 ഒക്ടോബറില്‍ നീരവ് മോദിക്ക് വീണ്ടും പണമടയ്ക്കല്‍ നോട്ടീസ് നല്‍കി.

പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് അനധികൃത ലെറ്റേഴ്‌സ് ഓഫ് അണ്ടര്‍ടേക്കിങ് ഉപയോഗിച്ച് ഏകദേശം രണ്ട് ബില്യണ്‍ ഡോളറിന്റെ വായ്പ നേടിയെന്ന കേസിലും കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണങ്ങളിലും നീരവ് മോദിയെ ഇന്ത്യ അന്വേഷിച്ചുവരികയാണ്. നാടുകടത്തല്‍ നടപടികള്‍ തുടരുന്നതിനിടെ അദ്ദേഹം നിലവില്‍ ബ്രിട്ടനിലെ ജയിലിലാണ്. അതേസമയം, ബാങ്ക് ഓഫ് ഇന്ത്യയുടെ കേസ് പിഎന്‍ബി തട്ടിപ്പുമായി ബന്ധപ്പെട്ട ക്രിമിനല്‍ വിചാരണയല്ലെന്നും, ഫയര്‍സ്റ്റാര്‍ കമ്പനിയുടെ വായ്പയ്ക്കായി നല്‍കിയ വ്യക്തിഗത ഗ്യാരണ്ടി നടപ്പാക്കി കുടിശ്ശിക ഈടാക്കുന്നതിനുള്ള സ്വതന്ത്ര സിവില്‍ നടപടിയാണെന്നും കോടതി വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  • ലണ്ടന് പുറത്ത് വാടക നിരക്കുകള്‍ ആദ്യമായി 1400 പൗണ്ട് കടന്നു; തലസ്ഥാനത്ത് താമസം അസാധ്യം
  • ബെനഫിറ്റ് തട്ടിപ്പ്: ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ സര്‍ക്കാരിന് അനുമതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions