അടിസ്ഥാന പലിശ നിരക്കുകള്‍ ഈ വര്‍ഷം കുറയ്ക്കാനുള്ള സാധ്യതകള്‍ ഇപ്പോള്‍ ചര്‍ച്ചകളില്‍ നിന്നും പൂര്‍ണ്ണമായി ഒഴിവാക്കിയെന്ന് വ്യക്തമാക്കി ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്‌ലി. യുഎസ്- ഇറാന്‍ യുദ്ധം സമാധാനത്തിലേക്ക് നീങ്ങിയതിന്റെ ബലത്തില്‍ എണ്ണ വില താഴ്ന്നിട്ടുണ്ടെങ്കിലും, യുദ്ധത്തിന് മുന്‍പുള്ള നിലയിലേക്ക് ഇപ്പോഴും എത്തിയിട്ടില്ലെന്ന് പോര്‍ച്ചുഗലില്‍ യൂറോപ്യന്‍ സെന്‍ഡ്രല്‍ ബാങ്കിന്റെ വാര്‍ഷിക കോണ്‍ഫറന്‍സില്‍ സംസാരിക്കവെ ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്‌ലി പറഞ്ഞു.
'ഈ വര്‍ഷം റേറ്റുകള്‍ വെട്ടിക്കുറയ്ക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. പക്ഷെ മാര്‍ച്ചോടെ ഇത് ഇല്ലാതായി. നിലവില്‍ ഈ ആലോചനയില്ല', ബെയ്‌ലി വ്യക്തമാക്കി.
പലിശ നിരക്കുകള്‍ കൂടുതല്‍ മാസങ്ങള്‍ ഉയര്‍ന്ന നിലയില്‍ തുടരുമെന്നാണ് വിപണികള്‍ ആശങ്കപ്പെടുന്നത്. നേരത്തെ ഇറാന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നിരക്ക് കൂടുമെന്നും വിപണി പ്രതീക്ഷിച്ചിരുന്നു. യുദ്ധം നിരക്ക് കുറയ്ക്കാനുള്ള സാധ്യതകള്‍ ഇല്ലാതാക്കിയെന്ന് ബെയ്‌ലി പറഞ്ഞു.
ഇതോടെ 2026-ല്‍ ഉടനീളം പലിശ നിരക്ക് 3.75 ശതമാനത്തില്‍ നിലകൊള്ളുമെന്നാണ് സാമ്പത്തിക വിപണികള്‍ കരുതുന്നത്. ഈ വര്‍ഷം മോണിറ്ററി പോളിസി യോഗങ്ങളില്‍ പലിശ വര്‍ദ്ധിക്കാതിരിക്കാനാണ് താന്‍ വോട്ട് ചെയ്തതെന്ന് ബെയ്‌ലി വ്യക്തമാക്കി.
സമ്പദ് വ്യവസ്ഥയും, തൊഴില്‍ വിപണിയും ദുര്‍ബലമാകുന്നതാണ് ഇതിന് കാരണമെന്ന് ഗവര്‍ണര്‍ ചൂണ്ടിക്കാണിക്കുന്നു. മാര്‍ച്ചില്‍ നിരക്കുകള്‍ മാറ്റമില്ലാതെ നിര്‍ത്തിയതിനാല്‍ സമ്പദ് വ്യവസ്ഥ ദുര്‍ബലമാകുന്ന സ്ഥിതി കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഈ ഘട്ടത്തില്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ 1% വര്‍ദ്ധിക്കുകയും ചെയ്തു. ജൂലൈ 30-നാണ് ഇനി മോണിറ്ററി പോളിസി കമ്മിറ്റി യോഗം ചേരുന്നത്.
മിഡില്‍ ഈസ്റ്റ് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഉയര്‍ന്ന ചെലവുകളാണ് ഈ വര്‍ഷം ഉപഭോക്താക്കളെ കാത്തിരിക്കുന്നതെന്ന് ഗവര്‍ണര്‍ മുന്നറിയിപ്പ് നല്‍കി.
യുഎസ്- ഇറാന്‍ സമാധാന കരാറിലേക്ക് നീങ്ങിയതോടെ എണ്ണ വില താഴ്ന്നിട്ടുണ്ടെങ്കിലും പ്രത്യാഘാതങ്ങള്‍ ഒഴിവാക്കാന്‍ കഴിയില്ലെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് വ്യക്തമാക്കുന്നു.
യുകെയുടെ പണപ്പെരുപ്പം 2.8 ശതമാനത്തിലാണ് കഴിഞ്ഞ മാസം എത്തിനില്‍ക്കുന്നത്. പലിശ നിരക്ക് പ്രഖ്യാപിച്ചതിന് ശേഷം പൗണ്ട് ഡോളറിന് എതിരെ 10 ആഴ്ചത്തെ താഴ്ന്ന നിലയിലേക്ക് വീണു.