യു.കെ.വാര്‍ത്തകള്‍

ഇന്ത്യ-ബ്രിട്ടന്‍ സ്വതന്ത്ര വ്യാപാര കരാര്‍ പ്രാബല്യത്തില്‍; തൊഴില്‍ മേഖലയിലും സുപ്രധാന മാറ്റങ്ങള്‍ വരും

ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള ചരിത്രപ്രാധാന്യമുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ഇന്ന് പ്രാബല്യത്തില്‍ വന്നു. കരാര്‍ നിലവില്‍ വരുന്നതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം കൂടുതല്‍ ശക്തിപ്പെടുകയും കയറ്റുമതിക്കും ഇറക്കുമതിക്കും വലിയ ഇളവുകള്‍ ലഭിക്കുകയും ചെയ്യും.

കരാര്‍ പ്രകാരം ഇന്ത്യ ബ്രിട്ടനിലേക്ക് കയറ്റുമതി ചെയ്യുന്ന 99 ശതമാനം ഉല്‍പ്പന്നങ്ങള്‍ക്കുമേലുള്ള ഇറക്കുമതി തീരുവ ബ്രിട്ടന്‍ ഘട്ടംഘട്ടമായി ഒഴിവാക്കും. അതേസമയം, ബ്രിട്ടനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഏകദേശം 90 ശതമാനം ഉല്‍പ്പന്നങ്ങളിലെ തീരുവ ഇന്ത്യയും കുറയ്ക്കും. എന്നാല്‍ ഇന്ത്യന്‍ കര്‍ഷകരുടെ താല്‍പര്യം സംരക്ഷിക്കുന്നതിനായി ക്ഷീരോല്‍പ്പന്നങ്ങള്‍, പച്ചക്കറികള്‍, ആപ്പിള്‍, ഭക്ഷ്യഎണ്ണ, അരി തുടങ്ങിയ മേഖലകളില്‍ ഇന്ത്യ തീരുവ ഇളവ് നല്‍കിയിട്ടില്ല.

പത്ത് വര്‍ഷത്തിനുള്ളില്‍ 85 ശതമാനം ഉല്‍പ്പന്നങ്ങളും പൂര്‍ണമായും തീരുവരഹിതമാകും. സമുദ്രോല്‍പ്പന്നങ്ങള്‍ക്ക് നിലവിലുണ്ടായിരുന്ന 20 ശതമാനം വരെ തീരുവ പൂജ്യമായി കുറയുന്നതും സുഗന്ധവ്യഞ്ജനങ്ങളുടെ തീരുവ ഒഴിവാക്കുന്നതും കേരളത്തിന്റെ കയറ്റുമതിക്ക് വലിയ നേട്ടമാകുമെന്നാണ് വിലയിരുത്തല്‍.

ബ്രിട്ടനില്‍ നിന്നുള്ള ജാഗ്വാര്‍ ലാന്‍ഡ് റോവര്‍, ആസ്റ്റണ്‍ മാര്‍ട്ടിന്‍, റോള്‍സ്-റോയ്‌സ് തുടങ്ങിയ ആഡംബര വാഹനങ്ങളുടെ ഇറക്കുമതി തീരുവ നിലവിലെ 110 ശതമാനത്തില്‍ നിന്ന് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 10 ശതമാനമായി കുറയ്ക്കും. ഇതോടെ ഇത്തരം വാഹനങ്ങളുടെ ഇന്ത്യന്‍ വിപണിയിലെ വില ഗണ്യമായി കുറയാന്‍ സാധ്യതയുണ്ട്.

മദ്യവിപണിയിലും വലിയ മാറ്റങ്ങളാണ് കരാര്‍ കൊണ്ടുവരുന്നത്. ബ്രിട്ടനില്‍ നിന്നുള്ള സ്‌കോച്ച് വിസ്‌കിയുടെയും ജിന്നിന്റെയും ഇറക്കുമതി തീരുവ അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ 150 ശതമാനത്തില്‍ നിന്ന് 40 ശതമാനമായി കുറയും. ബ്രാന്‍ഡി, റം, വോഡ്ക എന്നിവയുടെ തീരുവയും 150 ശതമാനത്തില്‍ നിന്ന് 75 ശതമാനമായി കുറയ്ക്കും.

തൊഴില്‍ മേഖലയിലും കരാര്‍ സുപ്രധാന മാറ്റങ്ങള്‍ സൃഷ്ടിക്കും. ഇന്ത്യന്‍ കമ്പനികളിലെ ജീവനക്കാരെ അതേ കമ്പനിയുടെ ബ്രിട്ടനിലെ ശാഖകളിലേക്ക് മാറ്റുമ്പോള്‍ മൂന്ന് വര്‍ഷം വരെ വിസ അനുവദിക്കും. ജീവനക്കാരുടെ ജീവിതപങ്കാളികള്‍ക്കും തൊഴില്‍ വിസ ലഭ്യമാകും. കൂടാതെ, ബ്രിട്ടനിലേക്ക് ജോലി ആവശ്യങ്ങള്‍ക്കായി പോകുന്ന ഇന്ത്യക്കാര്‍ക്ക് ബാധകമായ സാമൂഹിക സുരക്ഷാ നികുതിയുമായി ബന്ധപ്പെട്ട ഇളവുകളുടെ കാലാവധിയും വര്‍ധിപ്പിച്ചിട്ടുണ്ട്.

ഇന്ത്യന്‍ ഷെഫുമാര്‍, യോഗ അധ്യാപകര്‍, ശാസ്ത്രീയ സംഗീതജ്ഞര്‍ തുടങ്ങിയ പ്രൊഫഷണലുകള്‍ക്കും ബ്രിട്ടനില്‍ താല്‍ക്കാലികമായി ജോലി ചെയ്യാനും സേവനം നല്‍കാനും കൂടുതല്‍ അവസരങ്ങള്‍ ഈ കരാറിലൂടെ ലഭ്യമാകും.

  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  • ലണ്ടന് പുറത്ത് വാടക നിരക്കുകള്‍ ആദ്യമായി 1400 പൗണ്ട് കടന്നു; തലസ്ഥാനത്ത് താമസം അസാധ്യം
  • ബെനഫിറ്റ് തട്ടിപ്പ്: ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ സര്‍ക്കാരിന് അനുമതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions