യു.കെ.വാര്‍ത്തകള്‍

സോഫ്റ്റ് ഡ്രിങ്കുകള്‍ 16 വയസില്‍ താഴെയുള്ളവര്‍ക്ക് നിരോധിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍; ലംഘിച്ചാല്‍ കനത്ത പിഴ

പതിനാറ് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗത്തില്‍ വരുത്തുന്ന നിയന്ത്രണവും സമൂഹമാധ്യമങ്ങളിലെ രാത്രികാല വിലക്കും വലിയ ചര്‍ച്ചയായിരുന്നു.അര്‍ദ്ധരാത്രി മുതല്‍ രാവിലെ 6 മണിവരെ 18 വയസ്സില്‍ താഴെയുള്ളവര്‍ക്ക് സമൂഹമാധ്യമങ്ങളില്‍ പ്രവേശനം വിലക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

ഇപ്പോഴിതാ കൗമാരക്കാര്‍ക്ക് എനര്‍ജി ഡ്രിങ്കുകള്‍ നിരോധിക്കാനും ഒരുങ്ങുകയാണ് സര്‍ക്കാര്‍. അടുത്ത വര്‍ഷം മുതല്‍ ഇംഗ്ലണ്ടില്‍ 16 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ എനര്‍ജി ഡ്രിങ്കുകള്‍ വാങ്ങുന്നതും അവര്‍ക്ക് അത്തരം ഡ്രിങ്കുകള്‍ വില്‍ക്കുന്നതും നിരോധിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഒരു ലിറ്ററില്‍ 150 മില്ലി ഗ്രാമില്‍ അധികം കഫേന്‍ ഉള്‍ക്കൊള്ളുന്ന പാനീയങ്ങള്‍ക്കായിരിക്കും നിരോധനം. എന്നാല്‍, കാപ്പിയും ചായയും ഇതില്‍ ഉള്‍പ്പെടില്ല.

അതുപോലെ കുറഞ്ഞ അളവില്‍ കഫേന്‍ ഉള്‍ക്കൊള്ളുന്ന കൊക്കോകോള, കൊക്കോകോള സീറോ, ഡയറ്റ് കോക്ക്, പെപ്‌സി തുടങ്ങിയ പാനീയങ്ങളേയും നിരോധനം ബാധിക്കുകയില്ല. എന്നാല്‍, കഫേന്റെ നിര്‍ദ്ദിഷ്ട പരിധി ലംഘിക്കുന്നതിനാല്‍ റെഡ് ബുള്‍, മോണ്‍സ്റ്റര്‍, റെലെന്റ്‌ലെസ്സ്, പ്രൈം തുടങ്ങിയവയ്ക്ക് നിരോധനം ബാധകമാവും. ഇത്തരം പാനീയങ്ങള്‍ 16 വയസ്സില്‍ താഴെയുള്ളവര്‍ക്ക് വില്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്താന്‍ റീട്ടെയ്‌ലര്‍മാര്‍ ബാദ്ധ്യസ്ഥരായിരിക്കും. അത് ലംഘിച്ചാല്‍ 2,500 പൗണ്ട് വരെ പിഴയൊടുക്കേണ്ടതായി വരും.

ഏകദേശം ഒരു ലക്ഷത്തോളം കുട്ടികള്‍ പ്രതിദിനം ഉയര്‍ന്ന കഫേന്‍ അടങ്ങിയ ഒരു പാനീയമെങ്കിലും കുടിക്കുന്നുണ്ട് എന്നാണ് കണക്കാക്കപ്പെടുന്നത്. കുട്ടികളില്‍ വ്യാപകമായി കണ്ടുവരുന്ന അമിതവണ്ണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ നീക്കം. അതുപോലെ, ഉറക്കക്കുറവ്, വര്‍ദ്ധിച്ചു വരുന്ന ഉത്ക്കണ്ഠ, ശ്രദ്ധക്കുറവ് എന്നിവയും ഇതിന്റെ ഫലമായി പഠനകാര്യങ്ങളില്‍ പിന്നോക്കം പോകുന്നതും ഇതുവഴി വലിയൊരു പരിധിവരെ തടയാന്‍ കഴിയുമെന്ന് സര്‍ക്കാര്‍ കരുതുന്നു. പ്രമേഹ രോഗികളുടെ എണ്ണം കൂടുന്നതും സര്‍ക്കാറിനെ ഇത്തരമൊരു കാര്യത്തിന് പ്രേരിപ്പിച്ചു.

1990 ലെ ഭക്ഷ്യ സുരക്ഷാ നിയമത്തിലെ ഉപ നിയമമായിട്ടായിരിക്കും ഈ പുതിയ നിയമം നിലവില്‍ വരിക. പാര്‍ലമെന്റ് അംഗീകരിച്ചാല്‍ 2027 ഏപ്രില്‍ മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും.

അദ്ധ്യാപക സംഘടനകളും, സ്‌കൂള്‍ മാനേജ്‌മെന്റുകളും ഈ നീക്കത്തെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും തീര്‍ത്തും അനാവശ്യമായ ഒരു നീക്കം എന്നാണ് ബ്രിട്ടീഷ് സോഫ്റ്റ് ഡ്രിങ്ക്‌സ് അസ്സോസിയേഷന്‍ പ്രതികരിച്ചത്. അസ്സോസിയേഷന്‍ ഏര്‍പ്പെടുത്തിയ മര്യാദാ ചട്ടത്തില്‍ ഉറച്ചു നിന്നുകൊണ്ട് തീര്‍ത്തും ഉത്തരവാദിത്തത്തോടെ മാത്രമാണ് ഇത്തരം പാനീയങ്ങള്‍ തങ്ങളുടെ അംഗങ്ങള്‍ വില്‍ക്കുന്നതെന്ന് അസ്സോസിയേഷന്‍ പറയുന്നു. 2010 മുതല്‍ തന്നെ തങ്ങളുടെ അംഗങ്ങള്‍ ഉയര്‍ന്ന തോതില്‍ കഫേന്‍ അടങ്ങിയ എനര്‍ജി ഡ്രിങ്കുകള്‍ കുട്ടികള്‍ക്ക് വില്‍ക്കുന്നതും, അവര്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നതും നിര്‍ത്തലാക്കിയതാണെന്നും അസ്സോസിയേഷന്‍ പറയുന്നു.

അമിതവണ്ണം എന്ന ആരോഗ്യ പ്രശ്‌നം നിയന്ത്രിക്കുവാന്‍ സ്‌കൂളുകള്‍ക്ക് സമീപം കെ എഫ് സി പോലെയുള്ള ഫാസ്റ്റ്ഫുഡ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത് തടയണമെന്ന് നേരത്തേ പാര്‍ലമെന്റിലെ ആരോഗ്യകാര്യ കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

ചിത്രം -കടപ്പാട് ബിബിസി

  • ഇറങ്ങുന്നതിന് മുമ്പ് 26 പേരെ പ്രഭുസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത് സ്റ്റാര്‍മര്‍; സാദിഖ് ഖാനും പട്ടികയില്‍
  • 1.5 മില്ല്യണ്‍ കെയര്‍ വര്‍ക്കര്‍മാര്‍ക്ക് എന്‍എച്ച്എസ് മോഡല്‍ ശമ്പളവര്‍ധനയ്ക്ക് കളമൊരുങ്ങുന്നു
  • അര്‍ജന്റീനിയന്‍ താരങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബ്രിട്ടീഷ് സര്‍ക്കാര്‍
  • ലണ്ടനില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ട സംഭവം; പ്രതി അറസ്റ്റില്‍
  • യുകെയില്‍ കൗമാരക്കാരുടെ രാത്രികാല സോഷ്യല്‍ മീഡിയ ഉപയോഗത്തിന് നിയന്ത്രണം
  • സെമിക്ക് പിന്നാലെ അര്‍ജന്റീന താരങ്ങളുടെ വിവാദ രാഷ്ട്രീയ ബാനര്‍: ഫൈനലിലെത്തിയ ടീമിനെതിരെ ഫിഫയുടെ നടപടി!
  • വികാര ഭരിതമായ വിടവാങ്ങല്‍ പ്രസംഗവുമായി കീര്‍ സ്റ്റാര്‍മര്‍; രാഷ്ട്രീയ വ്യത്യാസങ്ങള്‍ മറന്ന് ജനപ്രതിനിധി സഭ
  • യുകെയില്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തല്‍ വേഗത്തിലാക്കാന്‍ സര്‍ക്കാര്‍
  • ഇംഗ്ലീഷ് സ്വപ്‌നങ്ങള്‍ തല്ലിക്കെടുത്തി അര്‍ജന്റീന ലോകകപ്പ് ഫൈനലില്‍
  • അപ്രതീക്ഷിതമായി വിടപറഞ്ഞ ചിഞ്ചു തോമസിന്റെ കുടുംബത്തെ സഹായിക്കാന്‍ യുകെ മലയാളികള്‍ കൈകോര്‍ത്തു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions