യു.കെ.വാര്‍ത്തകള്‍

ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍

കേരളത്തില്‍നിന്ന് യുകെയിലെത്തി എന്‍എച്ച്എസില്‍ ബാന്‍ഡ് 5 നഴ്‌സായി സേവനം ആരംഭിച്ച് അഡ്വാന്‍സ്ഡ് ക്ലിനിക്കല്‍ പ്രാക്ടീഷണറും ന്യൂറോളജി വിഭാഗത്തിലെ ലീഡ് നഴ്‌സുമായി ഉയര്‍ന്ന മലയാളി ഷൈനി ബേസിലിന്റെ ജീവിതയാത്ര പുതുതലമുറയ്ക്ക് പ്രചോദനം. എന്‍എച്ച്എസിന്റെ 78-ാം വാര്‍ഷികാഘോഷത്തില്‍ അന്നത്തെ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറെ നേരില്‍ കാണാന്‍ പ്രത്യേക ക്ഷണം ലഭിച്ചതും ഷൈനിയുടെ കരിയറിലെ അഭിമാനനേട്ടമായി. 'വീട് വിട്ടിറങ്ങാന്‍ ഭയപ്പെടരുത്. വലിയ സ്വപ്നങ്ങള്‍ കാണുക. കഠിനാധ്വാനവും ആത്മവിശ്വാസവും ഉണ്ടെങ്കില്‍ വിജയത്തിന് അതിരുകളില്ല,' യുകെയിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന മലയാളി നഴ്‌സുമാര്‍ക്ക് ഷൈനി നല്‍കുന്ന സന്ദേശമാണിത്. കേരളത്തില്‍ ജനിച്ചുവളര്‍ന്ന ഷൈനി, മാതാപിതാക്കളായ പൗലോസും സാറാമ്മയും പകര്‍ന്നുനല്‍കിയ കഠിനാധ്വാനം, വിനയം, ആത്മവിശ്വാസം എന്നീ മൂല്യങ്ങളാണ് തന്റെ വിജയത്തിന്റെ അടിത്തറയെന്ന് പറയുന്നു. ബെംഗളൂരുവില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം മണിപ്പാല്‍ ആശുപത്രിയിലായിരുന്നു നഴ്‌സിങ് കരിയറിന്റെ തുടക്കം. പിന്നീട് സൗദി അറേബ്യയില്‍ ഐസിയു ഇന്‍ചാര്‍ജായി പ്രവര്‍ത്തിച്ച അവര്‍ കൂടുതല്‍ അവസരങ്ങള്‍ തേടി 2003ലാണ് യുകെയിലെത്തിയത്.

യുകെയിലെ അഡാപ്‌റ്റേഷന്‍ പ്രോഗ്രാം പൂര്‍ത്തിയാക്കി അതേവര്‍ഷം എന്‍എച്ച്എസില്‍ ചേര്‍ന്ന ഷൈനി, ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് അഡ്വാന്‍സ്ഡ് ക്ലിനിക്കല്‍ പ്രാക്ടീഷണര്‍ വരെയുള്ള വളര്‍ച്ച സ്വന്തമാക്കി. ഇതിനിടെ യുകെയില്‍വെച്ച് നഴ്‌സിങ്ങില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. ഇന്റന്‍സീവ് കെയര്‍, സ്‌ട്രോക്ക് സര്‍വീസ്, കാര്‍ഡിയോതൊറാസിക് കെയര്‍ തുടങ്ങിയ വിഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചശേഷമാണ് ന്യൂറോളജി വിഭാഗത്തിലെ ലീഡ് നഴ്‌സായി ചുമതലയേറ്റത്. എന്‍എച്ച്എസിനോടുള്ള സമര്‍പ്പണവും സേവനമികവും പരിഗണിച്ചാണ് 78-ാം വാര്‍ഷികാഘോഷത്തിലേക്ക് പ്രത്യേക ക്ഷണം ലഭിച്ചതെന്ന് ഷൈനി പറയുന്നു. കേരളത്തില്‍നിന്ന് ഒരു സ്വപ്നവുമായി യുകെയിലെത്തിയ തനിക്ക് ദേശീയതലത്തിലുള്ള ഇത്തരമൊരു അംഗീകാരം ലഭിക്കുമെന്ന് കരുതിയിരുന്നില്ലെന്നും ആ നിമിഷത്തിന് ഏറെ നന്ദിയുണ്ടെന്നും അവര്‍ പറഞ്ഞു. സ്റ്റാര്‍മറുമായുള്ള കൂടിക്കാഴ്ച ഹൃദ്യമായിരുന്നുവെന്നും ഷൈനി ഓര്‍ക്കുന്നു. എന്‍എച്ച്എസിലെ സഹപ്രവര്‍ത്തകര്‍ക്കും ട്രസ്റ്റിലെ ജീവനക്കാര്‍ക്കും തന്റെ നന്ദിയും അഭിനന്ദനവും അറിയിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. രോഗികളെ കരുതലോടെയും ആത്മാര്‍ഥതയോടെയും പരിചരിക്കുന്ന എന്‍എച്ച്എസ് ജീവനക്കാരുടെ സമര്‍പ്പണത്തെ അദ്ദേഹം പ്രശംസിച്ചെന്നും സഹപ്രവര്‍ത്തകര്‍ക്കുവേണ്ടി ആ സന്ദേശം ഏറ്റുവാങ്ങാന്‍ കഴിഞ്ഞത് വലിയ അഭിമാനമായെന്നും ഷൈനി പറഞ്ഞു.

മിഡ് ആന്‍ഡ് സൗത്ത് എസ്സെക്‌സ് ആശുപത്രിയില്‍ ഇന്‍ഡിപെന്‍ഡന്റ് ലംബര്‍ പങ്ക്ചര്‍ ക്ലിനിക് ആരംഭിച്ചതാണ് ഷൈനി തന്റെ പ്രധാന കരിയര്‍ നേട്ടങ്ങളിലൊന്നായി കാണുന്നത്. സ്വതന്ത്രമായി ലംബര്‍ പങ്ക്ചര്‍ നടപടിക്രമം നിര്‍വഹിക്കുന്ന എസ്സെക്‌സിലെ ഏക അഡ്വാന്‍സ്ഡ് നഴ്‌സ് പ്രാക്ടീഷണറാണ് താനെന്ന് അവര്‍ പറയുന്നു. രോഗികള്‍ക്ക് ചികിത്സ വേഗത്തില്‍ ലഭ്യമാക്കാനും അഡ്വാന്‍സ്ഡ് നഴ്‌സിങ് സേവനങ്ങളുടെ സാധ്യതകള്‍ വിപുലീകരിക്കാനും ക്ലിനിക്കിലൂടെ കഴിഞ്ഞു. ബേസില്‍ഡണ്‍ ആശുപത്രിയിലെ സ്റ്റാഫ് ഗവര്‍ണറായി സഹപ്രവര്‍ത്തകര്‍ വോട്ടിലൂടെ തിരഞ്ഞെടുത്തതും ഷൈനിക്ക് ലഭിച്ച മറ്റൊരു അംഗീകാരമാണ്. നഴ്‌സിങ് ആന്‍ഡ് മിഡ്വൈഫറി എക്‌സലന്‍സ് അവാര്‍ഡ് 2026ലേക്കുള്ള നാമനിര്‍ദേശം, ഷൈന്‍ അവാര്‍ഡിലെ 'ഹൈലി കമന്‍ഡഡ്' അംഗീകാരം എന്നിവയും അവര്‍ സ്വന്തമാക്കി. ഈ നേട്ടങ്ങള്‍ രോഗികളും സഹപ്രവര്‍ത്തകരും തന്നിലര്‍പ്പിച്ച വിശ്വാസത്തിന്റെ അംഗീകാരമാണെന്ന് ഷൈനി പറയുന്നു. മലയാളി നഴ്‌സുമാരെ ഒരുമിപ്പിക്കുന്നതിനായി 2025ല്‍ ഷൈനി സ്ഥാപിച്ച ബേസില്‍ഡണ്‍ മലയാളി നഴ്‌സസ് ഫോറം (ബിഎംഎന്‍എഫ്) ഇന്ന് പ്രാദേശിക നഴ്‌സുമാരുടെ പ്രധാന കൂട്ടായ്മയാണ്. പരസ്പരം പിന്തുണയ്ക്കാനും അനുഭവങ്ങള്‍ പങ്കുവയ്ക്കാനും പഠിക്കാനും വളരാനും സഹായിക്കുന്ന കുടുംബമായാണ് ബിഎംഎന്‍എഫിനെ കാണുന്നതെന്ന് അവര്‍ പറഞ്ഞു.

കോതമംഗലം സ്വദേശിയും ബേസില്‍ഡണ്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റുമായ ബേസില്‍ ചാക്കോയാണ് ഷൈനിയുടെ ഭര്‍ത്താവ്. മക്കളായ ബെനിറ്റ, എല്‍ദോ, അന്നബെല്‍ എന്നിവരും ജീവിതയാത്രയില്‍ വലിയ പിന്തുണയാണ്. ബെനിറ്റ ചെക്ക് റിപ്പബ്ലിക്കില്‍ നാലാംവര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിനിയാണ്. ഇരട്ടകളായ എല്‍ദോയും അന്നബെലും ഇയര്‍ 10ല്‍ പഠിക്കുന്നു. യുകെയിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന നഴ്‌സുമാര്‍ എന്‍എച്ച്എസിന്റെ മൂല്യങ്ങളെ ബഹുമാനിക്കണമെന്നും പഠനം ഒരിക്കലും അവസാനിപ്പിക്കരുതെന്നും ലഭിക്കുന്ന അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്നും ഷൈനി നിര്‍ദേശിക്കുന്നു. വിജയം ഒറ്റരാത്രികൊണ്ട് ലഭിക്കുന്നതല്ലെന്നും പ്രതിബദ്ധത, കഠിനാധ്വാനം, തുടര്‍ച്ചയായ പഠനം എന്നിവയാണ് അതിന്റെ അടിത്തറയെന്നും അവര്‍ പറഞ്ഞു. 'എനിക്ക് ലഭിച്ച പദവികളോ അംഗീകാരങ്ങളോ അല്ല ഏറ്റവും വലിയ നേട്ടം. എന്റെ പരിചരണത്തിലൂടെ ആശ്വാസം കണ്ടെത്തിയ രോഗികളും പരസ്പരം കൈപിടിച്ചുയര്‍ത്തിയ സഹപ്രവര്‍ത്തകരും ആത്മവിശ്വാസം നേടിയ നഴ്‌സുമാരുമാണ് എന്റെ ഏറ്റവും വലിയ സമ്പത്ത്,' ഷൈനി പറഞ്ഞു. കോതമംഗലം മാര്‍ത്തോമ്മാ ചെറിയപള്ളി ഇടവകാംഗമായ ഷൈനിയും കുടുംബവും യുകെയില്‍ ബേസില്‍ഡണ്‍ സെന്റ് മേരീസ് യാക്കോബായ പള്ളി ഇടവകാംഗങ്ങളാണ്. മാതാപിതാക്കള്‍ക്കും ഭര്‍ത്താവിനും മക്കള്‍ക്കും സഹോദരങ്ങള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ജീവിതയാത്രയില്‍ വഴികാട്ടിയ ഗുരുക്കന്മാര്‍ക്കും നന്ദി രേഖപ്പെടുത്തിയാണ് ഷൈനി തന്റെ അനുഭവങ്ങള്‍ പങ്കുവച്ചത്.
കടപ്പാട് -മനോരമ

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions