തന്റെ ആദ്യ ചിത്രം 'തുടക്കം' തിയറ്ററുകളില്‍ എത്താനിരിക്കെ ആലപ്പുഴ ഹരിപ്പാടുള്ള പ്രശസ്തമായ മണ്ണാറശാല നാഗരാജ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി വിസ്മയ മോഹന്‍ലാല്‍. അമ്മ സുചിത്രക്കോപ്പമാണ് താരം ക്ഷേത്രത്തിലെത്തിയത്. ദര്‍ശനത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. ചിത്രത്തിനും വിസ്മയയ്ക്കും ആശംസകളുമായി നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്.
ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മിക്കുന്നത്. വന്‍ വിജയം നേടിയ ‘2018’ എന്ന ചിത്രത്തിന് ശേഷം ജൂഡ് സംവിധാനം ചെയ്യുന്ന സിനിമ എന്ന പ്രത്യേകതയും ഈ പ്രോജക്ടിനുണ്ട്.
ആന്റണി പെരുമ്പാവൂരിന്റെ മകന്‍ ആശിഷ് ജോ ആന്റണിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ശ്രദ്ധ നേടിയിരുന്നു. മോഹന്‍ലാലും ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. ഫസ്റ്റ് ലുക്ക് പോസ്റ്ററിലും മോഹന്‍ലാലിന്റെ സാന്നിധ്യം ഉള്‍പ്പെടുത്തിയിരുന്നു.