നാട്ടുവാര്‍ത്തകള്‍

10 വര്‍ഷത്തെ കാത്തിരിപ്പ്: സ്‌കോട്ടിഷ് എംപിയ്ക്കു ഗുരുവായൂരില്‍ താലികെട്ട്

സ്‌കോട്ടിഷ് എംപി മലയാളി പങ്കാളിയെ ഗുരുവായൂരില്‍ താലികെട്ടി. പത്തുവര്‍ഷത്തോളം മനസ്സില്‍ സൂക്ഷിച്ച ഗുരുവായൂരില്‍ വിവാഹം എന്ന ആഗ്രഹമാണ് സഫലമായത്. പിറവം പാമ്പാക്കുട സ്വദേശിനി നിധിന്‍ ചന്ദും നിലവിലെ സ്‌കോട്ടിഷ് പാര്‍ലമെന്റ് അംഗമായ മാര്‍ട്ടിന്‍ ഡേയും ഗുരുവായൂരില്‍ ഹിന്ദു ആചാരപ്രകാരം വിവാഹച്ചടങ്ങ് നടത്തി. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു.

2008ല്‍ വിദ്യാര്‍ഥി വീസയിലാണ് നിധിന്‍ യുകെയിലെത്തിയത്. ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്‍ജിനിയറിങ് പഠനത്തിന് ശേഷം ഐടി മാനേജ്‌മെന്റില്‍ മാസ്റ്റേഴ്‌സ് പഠിച്ചു. തുടര്‍ന്ന് പിഎച്ച്ഡി പഠനം നടത്തുന്നതിനിടെയാണ് വിദേശ വിദ്യാര്‍ഥികളെ ബാധിക്കുന്ന തരത്തില്‍ യുകെയിലെ വീസ ചട്ടങ്ങളില്‍ മാറ്റമുണ്ടായത്. വീസ സംബന്ധമായ പ്രതിസന്ധി നേരിട്ട നിധിന്‍ സ്വന്തം പ്രശ്‌നത്തില്‍ മാത്രം ഒതുങ്ങാതെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ അധികാരികളുടെ ശ്രദ്ധയിലെത്തിക്കാന്‍ രംഗത്തിറങ്ങി. പാര്‍ലമെന്ററി കമ്മിറ്റികള്‍ക്ക് മുന്നിലും വിഷയങ്ങള്‍ അവതരിപ്പിച്ചു. ഈ ഇടപെടലുകള്‍ക്കിടയിലാണ് അന്ന് യുകെ പാര്‍ലമെന്റ് അംഗമായിരുന്ന മാര്‍ട്ടിന്‍ ഡേയുമായി നിധിന്‍ പരിചയപ്പെടുന്നത്. മാര്‍ട്ടിന്‍ 2015 മുതല്‍ 2024 വരെ ലിന്‍ലിത്ഗോ ആന്‍ഡ് ഈസ്റ്റ് ഫാല്‍കിര്‍ക്ക് മണ്ഡലത്തെ പ്രതിനിധീകരിച്ച് മൂന്ന് തവണ യുകെ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

2016 ഫെബ്രുവരിയിലാണ് നേരില്‍ കണ്ടത്. അതേ വര്‍ഷം മേയില്‍ മാര്‍ട്ടിന്‍ നിധിനോട് വിവാഹാഭ്യര്‍ഥന നടത്തി. താന്‍ വിവാഹമോചിതയാണെന്നും 12 വയസ്സുള്ള മകന്റെ അമ്മയാണെന്നും നിധിന്‍ വ്യക്തമാക്കിയെങ്കിലും അത് മാര്‍ട്ടിന്റെ തീരുമാനത്തിന് തടസ്സമായില്ല. നിധിനെയും മകനെയും തന്റെ ജീവിതത്തിന്റെ ഭാഗമാക്കാന്‍ അദ്ദേഹം തയ്യാറായി. പിന്നീട് മാര്‍ട്ടിന്‍ നിധിനെ മാതാപിതാക്കളായ മാര്‍ഗരറ്റ് ഡേയുടെയും റോണ്‍ ഡേയുടെയും അടുത്തേക്ക് കൂട്ടിക്കൊണ്ടുപോയി. അവരും നിധിനെ സ്വീകരിച്ചു. നിധിന്റെ മകന്‍ വേദിക് ശങ്കറും പിന്നീട് യുകെയിലെത്തി. പഠനം പൂര്‍ത്തിയാക്കിയ വേദിക് ഇപ്പോള്‍ എഡിന്‍ബറോയില്‍ സീനിയര്‍ ഡേറ്റാബേസ് അഡ്മിനിസ്‌ട്രേറ്ററായി ജോലി ചെയ്യുന്നു.

നിധിന്‍ പാമ്പാക്കുട സ്വദേശികളായ കെ.എന്‍. ചന്ദ്രന്റെയും രാജമ്മയുടെയും ഏക മകളാണ്. കെ.എന്‍. ചന്ദ്രന്‍ വെറ്ററിനറി ഫീല്‍ഡ് ഓഫിസറായി വിരമിച്ചയാളാണ്. രാജമ്മ പാമ്പാക്കുട ഗ്രാമപഞ്ചായത്ത് മുന്‍ അംഗമാണ്.

2016ല്‍ മാര്‍ട്ടിന്‍ ജീവിതത്തിലേക്ക് ക്ഷണിച്ചപ്പോള്‍ നിധിന്‍ മുന്നോട്ടുവച്ച പ്രധാന ആഗ്രഹം ഗുരുവായൂരപ്പന്റെ സന്നിധിയില്‍ വിവാഹച്ചടങ്ങ് നടത്തണമെന്നതായിരുന്നു. എന്നാല്‍ യുകെയിലെ സ്ഥിരതാമസം, കുടുംബവീസ തുടങ്ങിയ നടപടികളും പിന്നീട് ഉണ്ടായ വിവിധ സാഹചര്യങ്ങളും കാരണം ആ ആഗ്രഹം നീണ്ടുപോയി. 2018, 2019, 2023 വര്‍ഷങ്ങളില്‍ മാര്‍ട്ടിന്‍ കേരളത്തിലെത്തിയിരുന്നെങ്കിലും പ്രളയം, കോവിഡ് മഹാമാരി, കുടുംബാംഗങ്ങളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ തുടങ്ങിയ കാരണങ്ങളാല്‍ ഗുരുവായൂരിലെ ചടങ്ങ് നടത്താന്‍ കഴിഞ്ഞില്ല. നാലാമത്തെ കേരള സന്ദര്‍ശനത്തിലാണ് ദീര്‍ഘകാലത്തെ ആഗ്രഹം സഫലമായത്.

പത്തുവര്‍ഷത്തോളം നീണ്ട കാത്തിരിപ്പിനൊടുവില്‍ ഗുരുവായൂരില്‍ ഇരുവരും പരമ്പരാഗത രീതിയില്‍ വിവാഹച്ചടങ്ങ് നടത്തി. തുടര്‍ന്ന് ക്ഷേത്രനഗരിയിലെ ഓഡിറ്റോറിയത്തില്‍ മറ്റ് ചടങ്ങുകള്‍ നടന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങ് നിധിന്റെ ഏറെക്കാലമായുള്ള സ്വപ്നസാക്ഷാത്കാരമായി. ദമ്പതികള്‍ നേരത്തെ യുകെയില്‍ വിവാഹിതരായിരുന്നുവെന്നും ഗുരുവായൂരില്‍ ചടങ്ങ് നടത്തണമെന്ന നിധിന്റെ ദീര്‍ഘകാല ആഗ്രഹമാണ് ഇപ്പോള്‍ സഫലമായതെന്നും പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

55 വയസ്സുകാരനായ മാര്‍ട്ടിന്‍ ഡേ സ്‌കോട്ടിഷ് നാഷനല്‍ പാര്‍ട്ടി (SNP) നേതാവാണ്. 2015 മുതല്‍ 2024 വരെ മൂന്ന് തവണയായി ഒന്‍പത് വര്‍ഷത്തോളം യുകെ ഹൗസ് ഓഫ് കോമണ്‍സില്‍ അംഗമായിരുന്നു. 2026 മേയ് ഏഴുമുതല്‍ ഫാല്‍കിര്‍ക്ക് ഈസ്റ്റ് ആന്‍ഡ് ലിന്‍ലിത്ഗോ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന സ്‌കോട്ടിഷ് പാര്‍ലമെന്റ് അംഗമാണ്. ഇന്ത്യയുമായുള്ള ബന്ധങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന സ്‌കോട്ടിഷ് പാര്‍ലമെന്റിലെ 'ക്രോസ് പാര്‍ട്ടി ഗ്രൂപ്പ് ഓണ്‍ ഇന്ത്യ'യുടെ കണ്‍വീനറുമാണ് മാര്‍ട്ടിന്‍ ഡേ.

  • ഗ്യാനഷ് കുമാറിന്റെ് രാജി ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് തിരംഗ തരംഗം
  • തിരംഗ മാര്‍ച്ചുമായി സിജെപി; സെന്‍ട്രല്‍ പാര്‍ക്ക് അടച്ച് പൊലീസ്
  • ഗുരുഗ്രാമില്‍ മലയാളി ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി; യുവതിയെ കൊലപ്പെടുത്തിയതെന്ന് പോലീസ്
  • 3 പേരുടെ ജീവനെടുത്ത വാഹനാപകടം; കാര്‍ ഓടിച്ച സുഹൈല്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യപിച്ചിരുന്നെന്ന് സ്ഥിരീകരണം
  • മാസപ്പടിക്കേസ്: പിണറായി വിജയനടക്കമുള്ളവരുടെ അപ്പീല്‍ അനുമതി അപേക്ഷ തള്ളി ഹൈക്കോടതി
  • എല്ലാ സമരവും ഒരു ലക്ഷ്യത്തിന് വേണ്ടി; സിജെപിക്ക് പിന്തുണയുമായി രാഹുല്‍ ഗാന്ധി
  • എറണാകുളം സിനഗോഗിന് മുന്നിലെ തീവയ്പ്: അറസ്റ്റിലായ യുവാവിന്റെ വിദേശബന്ധങ്ങള്‍ അന്വേഷിക്കുന്നു
  • ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യത്തിന്റെ സുപ്രീം കോടതി മാര്‍ച്ച്
  • കൊല്ലത്ത് പാര്‍ക്കിന്‍സണ്‍സ് രോഗിയായ ഭര്‍ത്താവിനെ പ്ലാസ്റ്റിക് ചരട് മുറുക്കി കൊലപ്പെടുത്തിയ കേസില്‍ ഭാര്യ ചെന്നൈയില്‍ പിടിയില്‍
  • യുകെയില്‍ മലയാളി യുവതിയെ തടഞ്ഞുവച്ചിരിക്കുന്നതായി ആരോപണം: ഹൈക്കമ്മിഷന്‍ ഇടപെടും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions