യു.കെ.വാര്‍ത്തകള്‍

ജിസിഎസ് ഇ ഫലം; 22 % പേര്‍ക്ക് എ ഗ്രേഡ്; മൂന്നിലൊന്ന് വിദ്യാര്‍ത്ഥികള്‍ക്ക് അടിസ്ഥാന യോഗ്യതയായ ഗ്രേഡ് 4 നേടാനായില്ല!

ഇംഗ്ലണ്ട്, വെയില്‍സ്, നോര്‍ത്ത് അയര്‍ലന്‍ഡ് എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികളുടെ ജിസിഎസ് ഇ പരീക്ഷാഫലം വന്നപ്പോള്‍ 22 ശതമാനം പേര്‍ക്കാണ് കുറഞ്ഞത് 7 അല്ലെങ്കില്‍ എ ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇത് 21.9 ശതമാനമായിരുന്നു. 2024 ല്‍ 21.8 ശതമാനവും. കോവിഡ് പൂര്‍വ്വകാലത്തേക്കാള്‍ ജി സി എസ് ഇ ഗ്രേഡിംഗ് ഉയര്‍ന്നു നില്‍ക്കുന്നു എന്നാണ് ഇത് കാണിക്കുന്നത്. 2019 ല്‍ പരീക്ഷ എഴുതിയവരില്‍ 20.8 ശതമാനം പേര്‍ക്ക് മാത്രമായിരുന്നു എ ഗ്രേഡ് ലഭിച്ചത്. സ്‌കോട്ട്‌ലാന്‍ഡ് ഒഴിച്ചുള്ള എല്ലാ യു കെ അംഗരാജ്യങ്ങളിലും ഇപ്പോള്‍ ജി സി എസ് ഇ ആണുള്ളത്. അതില്‍ ഇംഗ്ലണ്ടില്‍ 9 മുതല്‍ 1 വരെയുള്ള ഗ്രേഡുകള്‍ ഉപയോഗിക്കുമ്പോള്‍ വെയില്‍സിലും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും എ മുതല്‍ ജി വരെയുള്ള ഗ്രേഡുകളാണ് മികവ് സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്നത്.

ഇതില്‍ ഗ്രേഡ് 7 എകദേശം ഗ്രേഡ് എ യ്ക്ക് സമാനമാണെങ്കില്‍ ഗ്രേഡ് 4 ഏതാണ്ട് ഗ്രേഡ് സി ക്ക് തുല്യമാണ്. ഇംഗ്ലണ്ടില്‍ ഗ്രേഡ് 9 ലഭിച്ച (എ പ്ലസ്സിനോട് സമാനം) വിദ്യാര്‍ത്ഥികള്‍ 5 ശതമാനമാണ്. കഴിഞ്ഞ വര്‍ഷം ഇത് 5.1 ശതമാനമായിരുന്നു. ജി സി എസ് ഇ എക്‌സാം ബോര്‍ഡുകളെ പ്രതിനിധീകരിക്കുന്ന ജോയിന്റ് കൗണ്‍സില്‍ ഫോര്‍ ക്വാളിഫിക്കേഷന്‍സ് (ജെ സി ക്യു) ആണ് ഫലം പ്രസിദ്ധീകരിച്ചത്. ഫലം പുറത്തുവന്ന പരീക്ഷകളില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗം പേരും സ്‌കൂളുകള്‍ അടഞ്ഞു കിടന്ന കോവിഡ് കാലത്ത് സെക്കന്‍ഡറി വിദ്യാഭ്യാസം ആരംഭിച്ചവരാണ്.

പെണ്‍കുട്ടികള്‍ ഇത്തവണയും ആണ്‍കുട്ടികളേക്കാള്‍ മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള അന്തരം കുറയുന്ന പ്രവണതയാണ് കാണുന്നത്. ഗ്രേഡ് 7 അല്ലെങ്കില്‍ അതിലുപരി നേടിയവരില്‍ പെണ്‍കുട്ടികളുടെ വിഹിതം 27.4 ശതമാനമായപ്പോള്‍ ആണ്‍കുട്ടികളുടേത് 16.9 ശതമാനമാണ്. മൊത്തം പാസ് നിരക്കില്‍ പെണ്‍കുട്ടികള്‍ക്ക് 70.2 ശതമാനവും ആണ്‍കുട്ടികള്‍ക്ക് 64.4 ശതമാനവും ലഭിച്ചു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇരുവരും തമ്മിലുള്ള വ്യത്യാസം കുറഞ്ഞതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ഉയര്‍ന്ന ഗ്രേഡുകളുടെ കാര്യത്തില്‍ പെണ്‍കുട്ടികളുടെ മേല്‍ക്കൊയ്മ തുടരുകയാണ്.

ലണ്ടന്‍ വീണ്ടും മികച്ച കാഴ്ചവയ്ക്കുന്ന മേഖലയായി. ലണ്ടനില്‍ 28.6 ശതമാനം വിദ്യാര്‍ത്ഥികള്‍ ഗ്രേഡ് 7 അല്ലെങ്കില്‍ അതിലുപരി നേടിയപ്പോള്‍ വടക്കു കിഴക്കന്‍ ഇംഗ്ലണ്ടില്‍ അത് 17.7 ശതമാനം മാത്രമാണ്. ഇംഗ്ലീഷും ഗണിതവും ആദ്യ ശ്രമത്തില്‍ വിജയിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും പരീക്ഷ എഴുതേണ്ട നിലവിലെ നയം സംബന്ധിച്ചു ആശങ്കകളുയരുന്നുണ്ട്. റീസിറ്റ് പരീക്ഷ എഴുതുന്നവരില്‍ വിജയ നിരക്ക് കുറഞ്ഞതോടെ വിദ്യാര്‍ത്ഥികളും സമ്മര്‍ദ്ദത്തിലാണ്.

രാജ്യം മുഴുവനുമായി പരിഗണിച്ചാല്‍, 67.3 ശതമാനം പേര്‍ക്ക് 4 അല്ലെങ്കില്‍ സി ഗ്രേഡോ അതിനു മുകളിലോ ലഭിച്ചിട്ടുണ്ട്. 2025 ല്‍ ഇത് 67.4 ശതമാനമായിരുന്നു. ഗ്രേഡ് 4 അല്ലെങ്കില്‍ സി സ്റ്റാന്‍ഡേര്‍ഡ് പാസ്സ് ആയാണ് കണക്കാക്കുന്നത്. ഒട്ടുമിക്ക സ്ഥാപനങ്ങളും യൂണിവേഴ്‌സിറ്റികളും ഇതിനെയാണ് അടിസ്ഥാന യോഗ്യതയായി പരിഗണിക്കുന്നത്. വിഷയാടിസ്ഥാനത്തില്‍ നോക്കിയാല്‍ ഇംഗ്ലീഷില്‍ 60 ശതമാനം പേരാണ് വിജയിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇത് 60.2 ശതമാനമായിരുന്നു. മാത്ത്‌സില്‍ കഴിഞ്ഞ വര്‍ഷം 58.3 ശതമാനം പേര്‍ വിജയിച്ചപ്പോള്‍ ഈ വര്‍ഷം ഇത് 57.3 ശതമാനമായി കുറഞ്ഞു.

തുടര്‍ച്ചയായി ഇത് രണ്ടാം വര്‍ഷമാണ് ഈ വിഷയങ്ങളിലെ വിജയ ശതമാനം കുറയുന്നത്. ഒരുപക്ഷെ, മുന്‍വര്‍ഷത്തെ പരീക്ഷയില്‍ പരാജയപ്പെട്ടവര്‍ ഈ വര്‍ഷം വീണ്ടും ഈ വിഷയങ്ങളിലെ പരീക്ഷകള്‍ക്ക് ഇരുന്നതാകാം ഇതിനു കാരണം. ഈ രണ്ട് വിഷയങ്ങളിലും പരീക്ഷയെഴുതുന്ന 17 വയസ്സുകാരുടെ എണ്ണത്തില്‍ ഈ വര്‍ഷം വര്‍ദ്ധനയുണ്ടായിരുന്നു . ഇംഗ്ലണ്ടില്‍, ഇംഗ്ലീഷിനും മാത്ത്‌സിനും ഗ്രേഡ് 4 ലഭിക്കാത്ത വിദ്യാര്‍ത്ഥികള്‍ 16 വയസ്സിനു ശേഷമുള്ള വിദ്യാഭ്യാസകാലത്ത് ഈ പരീക്ഷ എഴുതി പാസ്സായിരിക്കണം എന്നത് നിര്‍ബന്ധമാണ്.

  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  • ലണ്ടന് പുറത്ത് വാടക നിരക്കുകള്‍ ആദ്യമായി 1400 പൗണ്ട് കടന്നു; തലസ്ഥാനത്ത് താമസം അസാധ്യം
  • ബെനഫിറ്റ് തട്ടിപ്പ്: ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ സര്‍ക്കാരിന് അനുമതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions