യു.കെ.വാര്‍ത്തകള്‍

കാലിഫോര്‍ണിയയിലെ ഇരട്ടക്കൊല: വിശ്വസിക്കാനാവാതെ അനിലയുടെ സുഹൃത്തുക്കളും നാട്ടുകാരും


അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ രണ്ട് മലയാളി യുവതികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ദുരൂഹതകള്‍ തുടരുകയാണ്. കൂട്ടുകാരികളെ കൊലപ്പെടുത്തിയത് അനിലയാണെന്ന് വിശ്വസിക്കാന്‍ ആര്‍ക്കും സാധിച്ചിട്ടില്ല. ഇതിലേക്ക് നയിച്ച കാരണമെന്താണ് എന്നാണ് ഉയരുന്ന ചോദ്യം.

അമേരിക്കയിലെ കാലിഫോര്‍ണിയയിലുള്ള മില്‍പിറ്റാസില്‍ മലയാളി യുവതി സുഹൃത്തുക്കളായ രണ്ട് മലയാളി യുവതികളെ ദാരുണമായി കൊലപ്പെടുത്തിയെന്ന വാര്‍ത്തയുടെ ഞെട്ടലില്‍ നിന്നും ഈരാറ്റുപേട്ട മൂന്നിലവ് തഴച്ചവയല്‍ പ്രദേശം ഇനിയും മുക്തമായിട്ടില്ല. തങ്ങളുടെ നാട്ടുകാരിയായ അനില രണ്ട് കൂട്ടുകാരികളുടെ ജീവനെടുത്തു എന്ന് വിശ്വസിക്കാന്‍ ബന്ധുക്കള്‍ക്കും അയല്‍വാസികള്‍ക്കും ഇപ്പോഴും കഴിയുന്നില്ല.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് നാടിനെ നടുക്കിയ കൊലപാതക വിവരങ്ങള്‍ പുറത്തുവരുന്നത്. മുടിക്കോട് പാണഞ്ചേരി തെക്കൂട്ട് ഹരിദാസ്-സുഷമ ദമ്പതിമാരുടെ മകള്‍ അഞ്ജന (35), തിരുവനന്തപുരം സ്വദേശിനിയും കോട്ടയം കുറിച്ചി പള്ളത്തറ വീട്ടില്‍ ജേക്കബ്ബിന്റെ ഭാര്യയുമായ ആനി (35) എന്നിവരാണ് കൊല്ലപ്പെട്ടത്.

കേസുമായി ബന്ധപ്പെട്ട് മൂന്നിലവ് പഞ്ചായത്തിലെ തഴയ്ക്കവയല്‍ സ്വദേശി മാറാമറ്റം വീട്ടില്‍ അനിലയെ യു.എസ് പോലീസ് കസ്റ്റഡിയിലെടുത്തു. യുവതി കുറ്റം സമ്മതിച്ചതായാണ് പ്രാഥമിക വിവരങ്ങള്‍ ലഭിക്കുന്നത്. അമേരിക്കയിലെ ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്നുണ്ടായ കടുത്ത വിഷാദമാണ് ഈ കൊലപാതകങ്ങളിലേക്ക് നയിച്ചതെന്നാണ് നിഗമനമെങ്കിലും യുവതിയെ വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ കൃത്യമായ കാരണം വ്യക്തമാകൂ.

എന്നാല്‍, ഇത്തരത്തിലൊരു ക്രൂരകൃത്യം ചെയ്യാന്‍ തങ്ങള്‍ക്കറിയാവുന്ന അനിലയ്ക്ക് ഒരിക്കലും സാധിക്കില്ലെന്നാണ് നാട്ടുകാരും ബന്ധുക്കളും ഒരേസ്വരം പറയുന്നത്. ആരോടും എപ്പോഴും ചിരിച്ചു സംസാരിക്കുന്ന, ശാന്തസ്വഭാവക്കാരിയായ അനിലയെക്കുറിച്ചോ കുടുംബത്തെക്കുറിച്ചോ നാട്ടില്‍ ആര്‍ക്കും ഒരു മോശം അഭിപ്രായവും പറയാനില്ല.

സാമ്പത്തികമായി ഏറെ മുന്നില്‍നില്‍ക്കുന്നതും നാട്ടുക്കാര്‍ക്കിടയില്‍ വലിയ തറവാട്ടു മഹിമയുള്ളതുമായ കുടുംബത്തിലാണ് അനില ജനിച്ചു വളര്‍ന്നത്. ഭരണങ്ങാനം എ.ആര്‍.എസ് സ്‌കൂളിലാണ് അനില പഠിച്ചത്. നാലുവര്‍ഷം മുന്‍പാണ് ഉപരിപഠനത്തിനും ജോലിക്കുമായി ഇവര്‍ യു.എസ്സിലേക്ക് പോയത്. എഞ്ചിനീയറിങ് ബിരുദധാരിയായ അനില അവിടെ പ്രമുഖ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു.

യു.എസ്സില്‍ ഭര്‍ത്താവിനും കുഞ്ഞിനുമൊപ്പം അനില സന്തുഷ്ട കുടുംബജീവിതമാണ് നയിച്ചിരുന്നതെന്നാണ് നാട്ടുകാരുടെ അറിവ്. കഴിഞ്ഞ രണ്ടുമാസമായി അനിലയുടെ മാതാപിതാക്കളും ഇവരുടെ കൂടെ അമേരിക്കയിലുണ്ട്. അനിലയുടെ സഹോദരന്‍ കാനഡയിലാണ് താമസം. അതിനാല്‍ തറവാട്ടുവീട്ടില്‍ നിലവില്‍ ആരുമില്ല.

അടുത്തിടെ അമേരിക്കയിലെ ജോലിസ്ഥലത്ത് ചില പ്രശ്‌നങ്ങള്‍ ഉള്ളതായി വിവരമുണ്ടായിരുന്നെങ്കിലും അതിനെക്കുറിച്ച് കൂടുതല്‍ അറിയുമായിരുന്നില്ലെന്ന് കുടുംബവുമായി അടുത്തബന്ധമുള്ളവര്‍ പറയുന്നു. എന്നാല്‍ ജോലി നഷ്ടപ്പെട്ടതിന്റെ പേരില്‍ ഇത്രയും ക്രൂരമായ ഒരു കടുംകൈക്ക് അനില മുതിരുമെന്ന് വിശ്വസിക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല. അത്രയേറെ സൗഹൃദമാണ് കൊല്ലപ്പെട്ട അഞ്ജനയും ആനിയുമായി അനിലയ്ക്കുണ്ടായിരുന്നത്.

ആഴ്ചകള്‍ക്ക് മുന്‍പ് വരെ മൂവരും ഒരുമിച്ച് സിനിമയ്ക്ക് പോവുകയും കഴിഞ്ഞ ആഴ്ച ഓണം ഒന്നിച്ച് ആഘോഷിക്കുകയും ചെയ്തിരുന്നു. സംഭവദിവസം ഫ്‌ലാറ്റിലായിരുന്ന അഞ്ജനയെ താഴേക്ക് വിളിച്ചുവരുത്തി അനില കാറിടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണു പറയുന്നത്.

അപകടമുണ്ടാക്കിയ ശേഷം നിര്‍ത്താതെ പോയ കാറിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസ് അനിലയെ തിരിച്ചറിഞ്ഞത്. വിവരമറിഞ്ഞ അഞ്ജനയുടെ ഭര്‍ത്താവ് വിജീഷ് ഉടന്‍ തന്നെ ഇവരുടെ പൊതുസുഹൃത്തായ ആനിയുടെ ഭര്‍ത്താവ് ജേക്കബ്ബിനെ വിവരമറിയിച്ചു. ജേക്കബ്ബ് ആനിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടര്‍ന്ന് അദ്ദേഹം വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.

ഉച്ചയ്ക്ക് രണ്ടു മണിയോടെ ലിന്‍ഡ വിസ്റ്റ സ്ട്രീറ്റിലെ വീട്ടിലെത്തിയ പോലീസ് സംഘം നടത്തിയ പരിശോധനയിലാണ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയില്‍ ആനിയുടെ മൃതദേഹം കണ്ടെത്തിയത്. കുത്തേറ്റാണ് ആനി കൊല്ലപ്പെട്ടത്. എട്ടുവര്‍ഷമായി കാലിഫോര്‍ണിയയില്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയറായ ഭര്‍ത്താവ് വിജീഷിനൊപ്പം കഴിയുകയായിരുന്നു കൊല്ലപ്പെട്ട അഞ്ജന. വാമികയാണ് ഇവരുടെ മകള്‍. ആണ്ട്രീന, അലീസ എന്നിവരാണ് കൊല്ലപ്പെട്ട ആനിയുടെ മക്കള്‍.

  • പുതിയതായി അറസ്റ്റിലാകുന്നവരെ പാര്‍പ്പിക്കാന്‍ ജയിലുകളില്‍ സെല്ലുകളില്ലെന്ന് മന്ത്രി
  • വരും ദിവസങ്ങളിലും കനത്ത മഴ തുടരും; വെള്ളപ്പൊക്ക മുന്നറിയിപ്പ്
  • ബ്രിട്ടനില്‍ സാല്‍മൊണല്ല കേസുകള്‍ ഇനിയും ഉയര്‍ന്നേക്കുമെന്ന് മുന്നറിയിപ്പ്; ഇറക്കുമതി മുട്ടകളില്‍ അന്വേഷണം
  • യുകെയില്‍ പെട്രോള്‍ വില പൊള്ളുന്നു; 2022-ന് ശേഷം ഏറ്റവും ഉയര്‍ന്ന നിലയില്‍
  • ബ്രിട്ടനില്‍ കനത്ത മഴ; പലയിടങ്ങളിലും വെള്ളപ്പൊക്കം
  • സാല്‍മൊണല്ല ബാധ; യുകെയില്‍ 474 പേര്‍ക്ക് രോഗം, രണ്ട് മരണം
  • ഓരോ മിനിറ്റിലും ഒരു കുടിയേറ്റക്കാരന് പൗരത്വം നല്‍കി ബ്രിട്ടന്‍!
  • നേപ്പാള്‍ പ്രളയം: രണ്ട് നഴ്‌സുമാര്‍ ഉള്‍പ്പെടെ 33 യുകെ പൗരന്മാരെ ഇനിയും കണ്ടെത്താനായില്ല; തിരച്ചില്‍ ഊര്‍ജിതം
  • ലെസ്റ്ററില്‍ ഇടുക്കി സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു
  • വീടിന് തീപിടിച്ച് കുട്ടിയുള്‍പ്പെടെ 2 മരണം: കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions