യുകെയില്‍ ദുരിതം അനുഭവിക്കുന്ന കെയര്‍ വര്‍ക്കര്‍മാര്‍ക്ക് ആശ്വാസമേകുന്ന സുപ്രധാന പ്രഖ്യാപനവുമായി ഹോം ഓഫീസ്. ആധുനിക അടിമത്തത്തിന്റെയും, ഗാര്‍ഹിക പീഡനത്തിന്റെയും ഗണത്തില്‍ വരുന്ന അവസ്ഥകള്‍ നേരിടുന്ന സ്‌കില്‍ഡ് വര്‍ക്കേഴ്‌സിന് സുരക്ഷ ഒരുക്കാനായി ഇമിഗ്രേഷന്‍ നിയമങ്ങള്‍ പ്രഖ്യാപിച്ചാണ് യുകെ ഈ ആശ്വാസമേകുന്നത്.
ബ്രിട്ടീഷ് പാര്‍ലമെന്റില്‍ അവതരിപ്പിച്ച ഇമിഗ്രേഷന്‍ നിയമങ്ങള്‍ പ്രകാരമുള്ള മാറ്റങ്ങള്‍ വ്യാഴാഴ്ച നിലവില്‍ വരും. ഏതെങ്കിലും എംപ്ലോയര്‍ക്കായി ജോലി ചെയ്യുന്നവര്‍ ആധുനിക അടിമത്തത്തിന് ഇരയാകുന്നുവെന്ന് ഹോം ഓഫീസ് കണ്ടെത്തിയാല്‍ വിസ അനുവദിച്ചിട്ടുള്ള കാലപരിധിയില്‍ തുടര്‍ന്നും ഇവര്‍ക്ക് യുകെയില്‍ തുടരാനും, ജോലി ചെയ്യാനും അനുമതിയുണ്ടാകും.
സ്‌കില്‍ഡ് വര്‍ക്കര്‍ വിസയുള്ളവര്‍ക്ക് സ്‌പോണ്‍സര്‍ അനുവദിച്ചിട്ടുള്ള ജോലി ചെയ്യാന്‍ മാത്രമാണ് ഇതുവരെ കഴിഞ്ഞിരുന്നത്. ഇരകളായി തിരിച്ചറിഞ്ഞാല്‍ ഈ നിബന്ധന ഒഴിവാകുന്നതാണ് നിയമമാറ്റം.
എംപ്ലോയറില്‍ നിന്നും ചൂഷണം നേരിട്ടാല്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഇരകളെ പ്രോത്സാഹിപ്പിക്കുകയാണ് നടപടിയുടെ ഉദ്ദേശമെന്ന് ഹോം ഓഫീസ് പറഞ്ഞു. ജോലിക്കാരെ ചൂഷണം ചെയ്യാന്‍ സ്‌പോണ്‍സര്‍ഷിപ്പ് സിസ്റ്റം ഉപയോഗിക്കുന്നത് തടയാനും ഇതുവഴി കഴിയുമെന്നാണ് പ്രതീക്ഷ.
ഇതിന് പുറമെ വിക്ടിം ഓഫ് ഡൊമസ്റ്റിക് അബ്യൂസ് റൂട്ടില്‍ മുതിര്‍ന്ന ഡിപ്പന്റന്‍ഡ് കുട്ടികളെ കൂടി ഉള്‍പ്പെടുത്തി. നിലവില്‍ പങ്കാളി, ഭാര്യാഭര്‍ത്താക്കന്‍മാര്‍, അവരുടെ കുട്ടികള്‍ എന്നിവര്‍ക്കാണ് സ്‌പോണ്‍സറായ ബന്ധുവില്‍ നിന്നും ഗാര്‍ഹിക പീഡനം നേരിട്ടാലും യുകെയില്‍ സെറ്റില്‍മെന്റിന് സുരക്ഷ നല്‍കുന്നത്. ഇത് മുതിര്‍ന്ന കുട്ടികള്‍ക്ക് കൂടി ദീര്‍ഘിപ്പിച്ചിട്ടുണ്ട്.
സ്‌കില്‍ഡ് വര്‍ക്കര്‍ വിസയിലെ ഈ നിയമമാറ്റം കെയര്‍ വര്‍ക്കര്‍മാര്‍ക്ക് വലിയ ആശ്വാസമാണ്. പലപ്പോഴും കുറഞ്ഞ ശമ്പളത്തില്‍, മോശം അവസ്ഥകളില്‍ ജോലി ചെയ്യേണ്ടി വന്നാലും സ്‌പോണ്‍സര്‍ഷിപ്പ് നഷ്ടമാകുമെന്ന ഭീതിയില്‍ കെയര്‍ വര്‍ക്കര്‍മാര്‍ പരാതിപ്പെടാന്‍ മടിക്കും.