യു.കെ.വാര്‍ത്തകള്‍

പിആര്‍ കാലാവധി പതിനഞ്ച് വര്‍ഷം വരെയാക്കി മാറ്റാനുള്ള പുതിയ കുടിയേറ്റ നീക്കങ്ങള്‍; കടുത്ത ആശങ്കയില്‍ നഴ്‌സുമാരും കെയറര്‍മാരും

യുകെയില്‍ സ്ഥിരതാമസത്തിനുള്ള കാലാവധി വര്‍ദ്ധിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ട്രേഡ് യൂണിയനുകള്‍ . വിദേശ തൊഴിലാളികള്‍ക്ക് സ്ഥിരതാമസം ലഭിക്കുന്നതിനുള്ള കാത്തിരിപ്പ് കാലാവധി നിലവിലുള്ള അഞ്ച് വര്‍ഷത്തില്‍ നിന്ന് പത്ത് വര്‍ഷമായി ഉയര്‍ത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ആരോഗ്യ, സാമൂഹിക പരിചരണ വിസകളിലെത്തുന്ന വിദേശ തൊഴിലാളികള്‍ക്കു ഇത് പത്തു വര്‍ഷത്തിന് പകരം പതിനഞ്ച് വര്‍ഷമായി വര്‍ദ്ധിപ്പിക്കുമെന്നാണ് പുതിയ നിര്‍ദ്ദേശം.

കുടിയേറ്റ നിയമങ്ങളില്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന ഈ പുതിയ മാറ്റങ്ങള്‍ യുകെയിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദേശ തൊഴിലാളികളെയും നഴ്‌സുമാര്‍, കെയറര്‍മാര്‍ തുടങ്ങിയ ആരോഗ്യപ്രവര്‍ത്തകരെയും സാരമായി ബാധിക്കുന്ന ഒന്നാണ്. മുന്‍പ് അഞ്ച് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ സ്ഥിരതാമസത്തിന് അര്‍ഹത നേടാമെന്ന പ്രതീക്ഷയില്‍ യുകെയില്‍ എത്തിയവരെയും പുതിയ നിര്‍ദ്ദേശം ബാധിക്കുമെന്നതാണ് പ്രധാന ആശങ്ക. ഇതിനെതിരെയാണ് ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ് ഡെഗലേറ്റുകള്‍ പ്രമേയം പാസാക്കിയിരിക്കുന്നത്.

യുകെയില്‍ നിലവില്‍ ജോലി ചെയ്യുന്നവരെ ബാധിക്കുന്ന തരത്തിലുള്ള മാറ്റങ്ങള്‍ പൂര്‍ണ്ണമായി പിന്‍വലിക്കണമെന്നാണ് യൂണിയനുകളുടെ ആവശ്യം. നിയമങ്ങള്‍ പകുതിവഴിയില്‍ മാറ്റുന്നത് തൊഴിലാളികളുമായുള്ള കരാര്‍ ലംഘനത്തിന് തുല്യമാണെന്നും, ഇത് ന്യായമല്ലെന്നും യൂണിയന്‍ നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ എന്‍.എച്ച്.എസിലെയും കെയര്‍ സെക്ടറിലെയും വലിയ തൊഴില്‍ പ്രതിസന്ധി പരിഹരിക്കാന്‍ എത്തിയ വിദേശ തൊഴിലാളികളോട് ചെയ്യുന്ന നീതികേടാണിതെന്ന് രാജ്യത്തെ ഏറ്റവും വലിയ യൂണിയനായ യൂണിസണ്‍ വ്യക്തമാക്കി.

സര്‍ക്കാര്‍ നിര്‍ദ്ദേശത്തിനെതിരെ ഭരണപക്ഷമായ ലേബര്‍ പാര്‍ട്ടിയിലെ ചില എം.പിമാരും രംഗത്തുണ്ട്. മുന്‍പ് ബാക്ക്‌ബെഞ്ച് എം.പിയായിരുന്ന കാലത്ത് ഈ പ്രൊപ്പോസലുകളെ 'അണ്‍-ബ്രിട്ടീഷ്' എന്ന് വിശേഷിപ്പിച്ച അംഗങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. നിയമങ്ങള്‍ പകുതിവഴിയില്‍ മാറ്റി ഗോള്‍പോസ്റ്റ് മാറ്റുന്നത് ബ്രിട്ടന്റെ നീതിബോധത്തിന് നിരക്കുന്നതല്ലെന്ന വിമര്‍ശനമാണ് ഉയരുന്നത്.

ആരോഗ്യമേഖലയിലെ ജീവനക്കാരുടെ എണ്ണത്തില്‍ ഇതിനകം തന്നെ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് സൊസൈറ്റി ഓഫ് റേഡിയോഗ്രാഫേഴ്‌സ് വ്യക്തമാക്കുന്നു. സ്ഥിരതാമസ നിയമങ്ങളിലെ അനിശ്ചിതത്വം കാരണം നിരവധി അന്താരാഷ്ട്ര ടെക്‌നീഷ്യന്‍മാര്‍ യുകെ വിട്ടുപോകുകയോ പുതിയ അപേക്ഷകളില്‍ നിന്ന് പിന്മാറുകയോ ചെയ്യുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

കുടിയേറ്റ നയങ്ങളുമായി ബന്ധപ്പെട്ട് പൊതുജനങ്ങളില്‍ നിന്നും വിവിധ സംഘടനകളില്‍ നിന്നും ലഭിച്ച 200,000-ത്തോളം പ്രതികരണങ്ങള്‍ സര്‍ക്കാര്‍ പരിശോധിച്ചു വരികയാണെന്ന് ഔദ്യോഗിക വക്താക്കള്‍ അറിയിച്ചു. പുതിയ മൈഗ്രേഷന്‍ സിസ്റ്റത്തിന്റെ സാങ്കേതിക വിവരങ്ങള്‍ അന്തിമ ഘട്ടത്തിലാണെന്നും, ഇതുസംബന്ധിച്ച കൂടുതല്‍ പ്രഖ്യാപനങ്ങള്‍ ഈ വര്‍ഷം തന്നെ ഉണ്ടാകുമെന്നും ഹോം സെക്രട്ടറി ശബാന മഹമൂദ് വ്യക്തമാക്കിയിട്ടുണ്ട്.

സ്ഥിരതാമസത്തിനുള്ള കാത്തിരിപ്പ് കാലാവധി പത്ത് വര്‍ഷമാക്കുന്നതിനൊപ്പം, ഏതെങ്കിലും തരത്തിലുള്ള സര്‍ക്കാര്‍ ആനുകൂല്യങ്ങളെ 12 മാസത്തില്‍ കൂടുതല്‍ ആശ്രയിക്കുന്നവര്‍ക്ക് അത് ഇരുപത് വര്‍ഷമായി വര്‍ദ്ധിപ്പിക്കുമെന്നും നിര്‍ദ്ദേശത്തിലുണ്ട്. സ്ഥിരതാമസം ലഭിക്കുന്ന വ്യക്തിക്ക് യുകെയില്‍ എത്രകാലം വേണമെങ്കിലും ജീവിക്കാനും ജോലിയെടുക്കാനും പഠിക്കാനുമുള്ള അവകാശമാണ് ലഭിക്കുന്നത്. സര്‍ക്കാരിന്റെ അന്തിമ പ്രഖ്യാപനം വരുന്നതുവരെ കടുത്ത ആശങ്കയോടെയാണ് പ്രവാസി സമൂഹം ഈ വിഷയത്തെ കാണുന്നത് .


  • ബിന്‍ലാദനെ പുകഴ്ത്തി; മുസ്ലീം പുരോഹിതന് നല്‍കിയ പുരസ്‌കാരം പിന്‍വലിച്ച് കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ്
  • അധ്യാപകര്‍ക്ക് 3.5% ശമ്പളവര്‍ധന പൂര്‍ണ്ണമായി അനുവദിച്ച് സര്‍ക്കാര്‍; സമരം ഒഴിവാകും
  • ബജറ്റ് വെല്ലുവിളി, സമ്മതിച്ച് ബേണ്‍ഹാം; ബുദ്ധിമുട്ടേറിയ തീരുമാനങ്ങളിലേക്ക് നയിക്കുന്നത് ഇറാന്‍ യുദ്ധമെന്ന്
  • യുകെ ആറാം ഉഷ്ണതരംഗത്തിലേയ്ക്ക്! ഏറ്റവും കൂടുതല്‍ ചൂട് നേരിടുക തെക്കന്‍ ഇംഗ്ലണ്ട്
  • സ്‌പോണ്‍സറുടെ ലൈസന്‍സ് നഷ്ടമായാലും കെയര്‍ വര്‍ക്കര്‍മാര്‍ക്ക് സംരക്ഷണം; പുതിയ ഗൈഡന്‍സുമായി ഹോം ഓഫീസ്
  • ഇംഗ്ലണ്ടിലെ സ്‌കൂള്‍ ഭക്ഷണരീതിയില്‍ പഴത്തിനും പച്ചക്കറിക്കും മുന്‍ഗണന
  • യുകെയില്‍ അസമത്വവും വിവേചനവും വര്‍ധിക്കുന്നതായി പുതിയ പഠന റിപ്പോര്‍ട്ട്
  • കുടുംബാംഗങ്ങളുടെ പരിചരണം: ബ്രിട്ടനില്‍ ദിവസവും 1,500 പേര്‍ ജോലി ഉപേക്ഷിക്കുന്നു
  • മലയാളി ഫിസിയോയ്ക്ക് മദ്യപിച്ച് വാഹനം ഓടിച്ചതിന് 12 മാസത്തെ വിലക്ക്
  • ഭാര്യക്ക് മയക്കുമരുന്ന് നല്‍കി 20 വര്‍ഷങ്ങളായി ബലാത്സംഗം; 60 കുറ്റകൃത്യങ്ങള്‍ സമ്മതിച്ച് ബ്രിട്ടീഷുകാരന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions