കുടിയേറ്റ നിയന്ത്രണം കടുപ്പിക്കുന്നതിന്റെ ഭാഗമായി വിദേശ വിദ്യാര്‍ത്ഥികള്‍ക്കും വര്‍ക്കിംഗ് ഹോളിഡേ വിസക്കാര്‍ക്കും എതിരെ കര്‍ശന നടപടികളുമായി ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍. പുതിയ നിയന്ത്രണങ്ങള്‍ പ്രകാരം, പിഎച്ച്ഡി വിദ്യാര്‍ത്ഥികള്‍ ഒഴികെയുള്ള വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഇനിമുതല്‍ ഡിപെന്‍ഡന്റ് വിസയില്‍ കുടുംബാംഗങ്ങളെ ഒപ്പം കൂട്ടാന്‍ സാധിക്കില്ല. രാജ്യത്തെ ജനസംഖ്യാ വര്‍ദ്ധനവും ഭവന നിര്‍മ്മാണ മേഖലയിലെ പ്രതിസന്ധികളും കണക്കിലെടുത്താണ് ഓസ്‌ട്രേലിയയുടെ ഈ പുതിയ കുടിയേറ്റ വിരുദ്ധ നടപടി.
പഠനം പൂര്‍ത്തിയാക്കിയ ശേഷം ചെറിയ കോഴ്‌സുകളിലേക്ക് വീണ്ടും വിസ മാറ്റുന്ന രീതിയായ 'വിസ ഹോപ്പിംഗ്' കര്‍ശനമായി തടയാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. സ്റ്റുഡന്റ് വിസ എക്സ്റ്റന്റ് ചെയ്യണമെങ്കില്‍ വിദ്യാര്‍ത്ഥികള്‍ നിലവിലുള്ള യോഗ്യതയേക്കാള്‍ ഉയര്‍ന്ന നിലവാരത്തിലുള്ള കോഴ്‌സുകള്‍ക്ക് ചേരണം. ഉദാഹരണത്തിന് ബാച്ചിലര്‍ ബിരുദം പൂര്‍ത്തിയാക്കിയ ഒരാള്‍ക്ക് മാസ്റ്റേഴ്‌സ് കോഴ്‌സിന് അപേക്ഷിക്കാം. എന്നാല്‍ നിലവിലുള്ള കോഴ്‌സിനേക്കാള്‍ താഴ്ന്ന യോഗ്യതയുള്ള കോഴ്‌സുകളിലേക്കോ വ്യാജ സ്ഥാപനങ്ങളിലേക്കോ വിസ മാറ്റാന്‍ ഇനി സാധിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
വര്‍ക്കിംഗ് ഹോളിഡേ വിസകളിലും വലിയ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. 18 നും 30 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ലഭ്യമാകുന്ന ഈ വിസയുടെ കാലാവധി നീട്ടുന്നതിനായി പുതിയ ബാലറ്റ് സമ്മാനം നടപ്പിലാക്കും. രണ്ടാം വര്‍ഷ വിസയ്ക്കുള്ള പരിധി 45,000 ആയും മൂന്നാം വര്‍ഷ വിസയ്ക്കുള്ള പരിധി 5,000 ആയും വെട്ടിക്കുറച്ചു. എന്നാല്‍ യുകെയും ഓസ്‌ട്രേലിയയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിന്റെ ഭാഗമായി ഈ മാറ്റങ്ങള്‍ യുകെ പൗരന്മാരെ ബാധിക്കില്ല.
കുടിയേറ്റം 2028-ഓടെ 225,000 ആയി കുറയ്ക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. മാര്‍ച്ച് വരെ അവസാനിച്ച ഒരു വര്‍ഷത്തിനിടയില്‍ ഓസ്‌ട്രേലിയയുടെ ജനസംഖ്യ 1.4 ശതമാനം വര്‍ദ്ധിച്ച് 27.9 കോടിയിലെത്തിയതായി ഓസ്‌ട്രേലിയന്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. വര്‍ദ്ധിച്ചുവരുന്ന ജീവിതച്ചെലവും പൊതുസേവനങ്ങളിലെ ബുദ്ധിമുട്ടുകളും കാരണം രാജ്യത്ത് കുടിയേറ്റം നിലവില്‍ വലിയൊരു രാഷ്ട്രീയ ചര്‍ച്ചാ വിഷയമായി മാറിയിരിക്കുകയാണ്.
വരാനിരിക്കുന്ന പ്രതിസന്ധികള്‍ ഒഴിവാക്കാന്‍ കുടിയേറ്റത്തില്‍ ഉയര്‍ന്ന നിയന്ത്രണങ്ങള്‍ ആവശ്യമാണെന്ന് മന്ത്രി ടോണി ബര്‍ക്ക് ന്യായീകരിക്കുമ്പോള്‍, ഈ നടപടികള്‍ക്കെതിരെ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. സര്‍ക്കാരിന്റെ ഈ പുതിയ പ്രഖ്യാപനങ്ങള്‍ ഓസ്‌ട്രേലിയയിലെ വിദേശ വിദ്യാര്‍ത്ഥി സമൂഹത്തില്‍ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.