ഇംഗ്ലണ്ടിലും, വെയില്‍സിലും ഇനി മക്കള്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട് പിടിക്കപ്പെട്ടാല്‍ മാതാപിതാക്കള്‍ക്ക് കനത്ത നഷ്ടം വരും. ബെനഫിറ്റുകള്‍ നഷ്ടമാകുന്നതിന് പുറമെ ഫൈനും, ജയില്‍ശിക്ഷയും ഉള്‍പ്പെടെ മാതാപിതാക്കളെ തേടിയെത്തുമെന്നാണ് മന്ത്രി വ്യക്തമാക്കിയത്.
സമൂഹത്തെ സുരക്ഷിതമാക്കാന്‍ മാതാപിതാക്കള്‍ അവരുടെ പങ്കുവഹിക്കുന്നുവെന്ന് ഉറപ്പാക്കാനാണ് ഈ സിസ്റ്റം നടപ്പിലാക്കുന്നതെന്ന് യൂത്ത് ജസ്റ്റിസ് സിസ്റ്റം മന്ത്രി ജേക്ക് റിച്ചാര്‍ഡ്‌സ് പറഞ്ഞു. പാരന്റിംഗ് ഓര്‍ഡര്‍ ശക്തിപ്പെടുത്താനും, വികസിപ്പിക്കാനും ഗവണ്‍മെന്റ് പദ്ധതികള്‍ തയ്യാറാക്കി വരികയാണ്.
കുട്ടികളുടെ പെരുമാറ്റം മാതാപിതാക്കള്‍ കൂടി കൈകാര്യം ചെയ്യാനായി കൗണ്‍സിലിംഗ് സെഷന്‍ ഉള്‍പ്പെടെ നല്‍കാനും, തയ്യാറാകാത്തവര്‍ക്ക് 1000 പൗണ്ട് വരെ പിഴ ഈടാക്കാനുമാണ് ഉദ്ദേശിക്കുന്നത്. ഏറ്റവും ഗുരുതരമായ കേസുകളില്‍ മാത്രമാണ് മാതാപിതാക്കളെ ജയിലിലേക്ക് അയയ്ക്കുകയെന്ന് യൂത്ത് ജസ്റ്റിസ് മന്ത്രി വ്യക്തമാക്കി.
ജഡ്ജിമാര്‍ക്കാണ് ഇതിനുള്ള തീരുമാനമെടുക്കാന്‍ അവകാശം നല്‍കുക. എന്നാല്‍ പുതിയ നിര്‍ദ്ദേശങ്ങള്‍ ഫലപ്രദമാകില്ലെന്നും, പാവങ്ങളെ മാത്രമാണ് ഇത് പെടുത്തുകയെന്നും ക്രിമിനല്‍ ജസ്റ്റിസ് സിസ്റ്റം വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
16 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ ഒരു കേസില്‍ ശിക്ഷിക്കപ്പെട്ടാല്‍ കോടതികള്‍ക്ക് പാരന്റിംഗ് ഓര്‍ഡര്‍ പുറത്തിറക്കാം. ഭാവിയില്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാന്‍ സാധ്യതയുണ്ടെങ്കില്‍ 16, 17 വയസ്സുകാര്‍ക്ക് എതിരെയും ഓര്‍ഡര്‍ ഇറക്കാം.