50 കോടി തട്ടിയെടുക്കാന്‍ വീട്ടില്‍ കയറി ചെക്ക് മോഷ്ടിച്ചു; നടി അംബികയ്‌ക്കെതിരെ സഹോദരി രാധ
നടി അംബികയ്ക്കും സഹോദരന്‍ മല്ലികാര്‍ജുനും എതിരെ സാമ്പത്തിക തട്ടിപ്പ് പരാതിയുമായി സഹോദരിയും അഭിനേത്രിയുമായ രാധ. 50 കോടി വരുന്ന ചെക്കുകള്‍ തന്റെ മുറിയില്‍ നിന്നും ഇരുവരും ചേര്‍ന്ന് തട്ടിയെടുത്തുവെന്നും അവ ബാങ്കില്‍ കൊണ്ടുപോയി പണമായി മാറ്റാന്‍ ശ്രമിച്ചു എന്നുമാണ് രാധ ചെന്നൈ പൊലീസിന് നല്‍കിയിട്ടുള്ള പരാതി.
എആര്‍എസ് ഗാര്‍ഡന്‍ സ്റ്റുഡിയോ എന്ന പേരിലുണ്ടായിരുന്ന ആര്‍ ആര്‍ ഗാര്‍ഡന്‍ എന്ന ബിസിനസ് സ്ഥാപനവുമായി ബന്ധപ്പെട്ടുള്ള ചെക്കുകളാണ് ബാങ്കില്‍ കൈമാറ്റം ചെയ്യാന്‍ ഉപയോഗിച്ചത് എന്നാണ് രാധ പരാതിയില്‍ പറയുന്നത്. സ്ഥാപനത്തിന്റെ വിവിധ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ഒപ്പിട്ട ചെക്കുകള്‍ സൂക്ഷിച്ചിരുന്നു. 11 ലക്ഷം, 13.17 കോടി, 27.73 കോടി. 7 കോടി, 1.79 കോടി എന്നീ തുകകള്‍ രേഖപ്പെടുത്തിയ ചെക്കുകളായിരുന്നു ഉണ്ടായിരുന്നത്.
താന്‍ വീട്ടിലില്ലാതിരുന്ന സമയത്ത് അംബികയും സഹോദരനും മുറിയില്‍ നിന്നും ഇവ എടുത്തുകൊണ്ടുപോയെന്നുമാണ് രാധ പരാതിയില്‍ പറയുന്നത്. രാധയും അംബികയും ഒരേ കെട്ടിടത്തിന്റെ വിവിധ നിലകളിലുള്ള ഫ്‌ളാറ്റിലാണ് താമസിക്കുന്നത്. അംബികയുടെ കയ്യില്‍ തന്റെ മുറിയുടെ ചാവി ഉണ്ടായിരുന്നെന്നാണ് രാധയുടെ വാക്കുകള്‍.
സെപ്റ്റംബര്‍ 17ന് ബാങ്കില്‍ നിന്നും വിളിച്ചപ്പോഴാണ് ചെക്കുകള്‍ നഷ്ടമായ കാര്യം താന്‍ അറിയുന്നതെന്നാണ് രാധ പരാതിയില്‍ പറയുന്നത്. അംബിക നായരുടെ പേരിലേക്ക് തുക മാറ്റുന്നതിനായി സഹോദരന്‍ ചെക്കുമായി എത്തിയെന്നും ഈ ചെക്കുകള്‍ സ്ഥാപനത്തിന്റെ പേര് മാറ്റുന്നതിന് മുന്‍പുള്ളതായതിനാല്‍ അവ ഉപയോഗിക്കാനാകില്ല എന്നാണ് രാധ ബാങ്ക് ഉദ്യോഗസ്ഥരോടും പൊലീസിന് നല്‍കിയ പരാതിയിലും പറയുന്നത്.
സഹോദരങ്ങള്‍ തമ്മിലുള്ള സാമ്പത്തിക തര്‍ക്കമാണോ നിലവിലെ പരാതിയിലേക്ക് നയിച്ചത് എന്നതടക്കമുള്ള അഭ്യൂഹങ്ങള്‍ ഇപ്പോള്‍ ശക്തമാകുന്നുണ്ട്. നടി അംബികയോ സഹോദരനോ ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല.