വെസ്റ്റ് സസെക്സില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞുവീണ അയല്‍വാസിയായ 50കാരന് സിപിആര്‍ നല്‍കി ജീവന്‍ രക്ഷിച്ച് മലയാളി നഴ്സ്. വെസ്റ്റ് സസെക്സിലെ വര്‍ത്തിങ്ങിന് സമീപം ലാന്‍സിങ്ങിലാണ് സംഭവം. സമീപത്തെ ഫ്ളാറ്റില്‍ ഒറ്റയ്ക്ക് താമസിക്കുന്ന നീല്‍ ക്രോസ് വുഡ് (50) ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു. വിവരമറിഞ്ഞ് അയല്‍വാസികള്‍ ഓടിയെത്തിയതിന് പിന്നാലെയാണ് തൊട്ടടുത്ത് താമസിക്കുന്ന മലയാളി നഴ്സ് ലിജി ജോസഫ് സ്ഥലത്തെത്തിയത്.
ആംബുലന്‍സ് ജീവനക്കാരുടെ നിര്‍ദേശപ്രകാരം ലിജി ഉടന്‍ സിപിആര്‍ ആരംഭിച്ചു. അടിയന്തര സാഹചര്യങ്ങളില്‍ സിപിആര്‍ നല്‍കുന്നതിനുള്ള പരിശീലനം നേടിയിട്ടുള്ള ലിജിയുടെ സമയോചിതമായ ഇടപെടലാണ് നീലിന്റെ ജീവന്‍ രക്ഷിക്കാന്‍ നിര്‍ണായകമായത്.
വര്‍ത്തിങ് ഹോസ്പിറ്റലിലെ ബോട്ടോള്‍ഫ്സ് സ്ട്രോക്ക് വാര്‍ഡില്‍ സ്റ്റാഫ് നഴ്സായി ജോലി ചെയ്യുകയാണ് ലിജി. യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് സസെക്‌സ് എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റിന് കീഴിലാണ് ആശുപത്രി പ്രവര്‍ത്തിക്കുന്നത്. നഴ്സിങ് ജോലിക്ക് പുറമെ കലാരംഗത്തും സജീവമായ ലിജി നര്‍ത്തകി കൂടിയാണ്.
കെയര്‍ ഹോമില്‍ ജോലി ചെയ്തിരുന്ന കാലത്തും സമാനമായൊരു സംഭവത്തിന് ലിജി സാക്ഷിയായിട്ടുണ്ട്. ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞുവീണ വയോധികന് സിപിആര്‍ നല്‍കിയെങ്കിലും അന്ന് ജീവന്‍ രക്ഷിക്കാനായിരുന്നില്ല. ആ സംഭവത്തിന്റെ ദുഃഖം ഇന്നും മനസിലുണ്ടെന്ന് ലിജി പറയുന്നു. പിന്നീട് വയോധികന്റെ ഭര്‍ത്താവും കുടുംബാംഗങ്ങളും കെയര്‍ ഹോമിലെത്തി ലിജിക്ക് നന്ദി അറിയിച്ചിരുന്നു.
എന്നാല്‍ ഇത്തവണ ഒരു ജീവന്‍ രക്ഷിക്കാനായതിന്റെ വലിയ സന്തോഷത്തിലാണ് ലിജി. സംഭവത്തിന് പിന്നാലെ അയല്‍വാസികളും കുടുംബവും ലിജിയോട് നന്ദിയും അഭിനന്ദനവും അറിയിച്ചു.
നാല് മാസം മുമ്പാണ് ലിജിയും കുടുംബവും ലാന്‍സിങ്ങിലേക്ക് താമസം മാറിയത്. അതിന് മുമ്പ് ഗ്ലോസ്റ്റര്‍ഷെയറിലെ ട്യൂക്സ്ബറിയിലായിരുന്നു താമസം. നാല് വര്‍ഷം മുമ്പ് ജോലിക്കായി യുകെയിലെത്തിയ ലിജി നേരത്തെ ഖത്തറിലും മുംബൈയിലെ റിലയന്‍സ് ഹോസ്പിറ്റലിലും നഴ്സായി ജോലി ചെയ്തിട്ടുണ്ട്.
എറണാകുളം നെടുമ്പാശ്ശേരി തുരുത്തിശ്ശേരി സ്വദേശിയായ ലിജി കന്നപ്പള്ളി ദേവസി ഔസേപ്പിന്റെയും പയ്യമ്പിള്ളി ഔസേപ്പ് ലിസിയുടെയും മകളാണ്. എറണാകുളം കടമക്കുടി സ്വദേശിയായ ഭര്‍ത്താവ് ജയ്സണ്‍ മണവാളനും മക്കളായ കെയ്റിന്‍, കൈഡന്‍, കെയ്ലിന്‍ എന്നിവര്‍ക്കുമൊപ്പമാണ് ലിജിയുടെ താമസം. ജയ്സണ്‍ ഷോര്‍ഹാം-ബൈ-സീയിലെ കിങ്സ് ലാന്‍ഡ് ഹൗസ് കെയര്‍ ഹോമില്‍ ജോലി ചെയ്യുന്നു. ലിജിയുടെ സഹോദരന്‍ ലിജോയും യുകെയില്‍ ജോലി ചെയ്യുന്നുണ്ട്.