നാട്ടുവാര്‍ത്തകള്‍

വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ കുളു മണാലിയിലെത്തിയ മുന്‍ യുകെ മലയാളി ദമ്പതികളെ കാത്തിരുന്നത് ഞെട്ടിക്കുന്ന ദുരന്തം

ഒന്നാം വിവാഹ വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി കുളു മണാലിയിലേക്ക് യാത്ര തിരിച്ച മുന്‍ യുകെ മലയാളി ദമ്പതികളെ കാത്തിരുന്നത് വന്‍ ദുരന്തം. ബെഡ്‌ഫോര്‍ഡില്‍ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്തിരുന്ന അക്ഷര ജോസും (28) ഭര്‍ത്താവ് സാബിന്‍ മാത്യു കുര്യനും (33) സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തില്‍പ്പെട്ട് സാബിന് ദാരുണാന്ത്യം. ഗുരുതരമായി പരിക്കേറ്റ അക്ഷര ചികിത്സയിലാണ്.

സംഭവും യുകെ മലയാളി സമൂഹത്തേയും ബെഡ്‌ഫോര്‍ഡിലെ അക്ഷരയുടെ സുഹൃത്തുക്കളേയും സഹ പ്രവര്‍ത്തകരേയും ഞെട്ടിച്ചിരിക്കുകയാണ്. 2025 സെപ്തംബര്‍ 15നായിരുന്നു അക്ഷരയുടേയും സാബിന്റെയും വിവാഹം. ഒന്നാം വിവാഹ വാര്‍ഷികത്തോടനുബന്ധിച്ച് ഇരുവരും സെപ്തംബര്‍ 12 നാണ് കുളു മണാലിയിലേക്ക് യാത്ര തിരിച്ചത്. മണാലിയിലെത്തിയ ശേഷം വാടകയ്ക്ക് എടുത്ത ബൈക്കിലാണ് ഇരുവരും യാത്ര ചെയ്തത്. അപ്രതീക്ഷിതമായിട്ടാണ് ദുരന്തമുണ്ടായത്.

സെപ്തംബര്‍ 20 ഞായറാഴ്ച ഉച്ചയ്ക്ക് കുളുവിലെ ജിബി മേഖലയില്‍ ജിബി സോജാ ലിങ്ക് റോഡിലായിരുന്നു അപകടം. സോജയില്‍ നിന്ന് ജിബിയിലേക്ക് പോകുന്നതിനിടെ ഇവര്‍ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് റോഡില്‍ നിന്ന് തെന്നിമാറി ആഴമേറിയ ഗര്‍ത്തത്തിലേക്ക് പതിക്കുകയായിരുന്നു. സാബിന്‍ സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. അക്ഷരയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണം. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.

എറണാകുളം കോതമംഗലം നെല്ലിമറ്റം കാട്ടുവള്ളിയില്‍ വീട്ടില്‍ കെ വി ജോസിന്റെയും ഷെല്‍ബി ജോസിന്റെയും മകളാണ് അക്ഷര ജോസ്. സഹോദരന്‍ അരുള്‍ ജോസ്. അണ്ണാ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിഎ ബയോമെഡിക്കല്‍ എഞ്ചിനീയറിങ്ങ് പൂര്‍ത്തിയാക്കിയ അക്ഷര തുടര്‍ന്ന് കോലഞ്ചേരി എംഒഎസ് സി മെഡിക്കല്‍ കോളജില്‍ ജൂനിയര്‍ ബയോമെഡിക്കല്‍ എഞ്ചിനീയറായി ജോലി ചെയ്തു. ഉപരിപഠനത്തിനായി 2023 ല്‍ യുകെയിലെത്തിയ അക്ഷര അഡ്വാന്‍സ്ഡ് ബയോമെഡിക്കല്‍ എഞ്ചിനീയറിങ്ങില്‍ എംഎസ് സി പഠനം പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റ് സ്റ്റഡി വര്‍ക്ക് വീസയില്‍ ബെഡ്‌ഫോര്‍ഡ് എന്‍എച്ച്എസ് ആശുപത്രിയില്‍ ബയോടെക്‌നോളജിസ്റ്റായി ജോലി ചെയ്തു വരികയായിരുന്നു.

പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസയുടെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ഓഗസ്ത് ആദ്യവാരത്തില്‍ അക്ഷര നാട്ടിലേക്ക് മടങ്ങി. തുടര്‍ന്ന് നാട്ടില്‍ ജോലി നോക്കുന്നതിനിടെയാണ് സാബിനൊപ്പം കുളു മണാലി യാത്ര തിരിച്ചത്.

പെരുമ്പാവൂര്‍ അല്ലപ്ര ചീനിക്കുഴി കണ്ടനാടന്‍ വീട്ടില്‍ കുര്യാക്കോസിന്റെയും സാലിക്കുട്ടിയുടേയും മകനാണ് സാബിന്‍ മാത്യു കുര്യന്‍. തൃപ്പൂണിത്തുറ ഇരുമ്പനം റെയില്‍വേയില്‍ എഞ്ചിനീയറിങ് വിഭാഗത്തില്‍ ട്രാക്ക് മെയിന്റനന്‍സ് ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്നു കായിക താരം കൂടിയായിരുന്ന സാബിന്‍.

അക്ഷരയുടെ ആരോഗ്യനില മെച്ചമായിട്ടണ്ടെന്നും നാട്ടിലേക്ക് എത്തിക്കാനുള്ള നടപടികള്‍ ക്രമീകരിക്കുകയാണെന്നുമാണ് റിപ്പോര്‍ട്ട്. സാബിന്റെ മരണ വിവരം അക്ഷരയെ അറിയിച്ചിട്ടില്ലെന്നും നാട്ടിലെത്തിയ ശേഷം വിവരം അറിയിക്കാമെന്നുമാണ് ബന്ധുക്കള്‍ കരുതുന്നത്. സാബിന്റെ മൃതദേഹം നാട്ടിലെത്തിച്ച് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഞായറാഴ്ച അക്ഷരയെ നാട്ടിലെത്തിച്ച് തിങ്കളാഴ്ചയോടെ സാബിന്റെ സംസ്‌കാരം നടത്താനാണ് ആലോചന. എറണാകുളം ചീനക്കുഴിയിലെ തുരുത്തിപ്ലി സെന്റ് മേരീസ് യാക്കോബായ സുറിയാനി വലിയ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടത്തുക.

  • 'ഗ്യാനേഷ് കുമാര്‍ ബിജെപിയിലേക്ക് ചേരാന്‍ നിര്‍ദേശിച്ചു, കേന്ദ്രമന്ത്രിയാകാമെന്ന് പറഞ്ഞു'; വെളിപ്പെടുത്തലുമായി ജിജി തോംസണ്‍
  • തിരുവനന്തപുരം മൃഗശാല മാറ്റും; ആ സ്ഥലത്ത് മാഡിസണ്‍ സ്‌ക്വയര്‍ മാതൃകയില്‍ ചത്വരം: മുഖ്യമന്ത്രി
  • 'മാസപ്പടി ഡയറി'യില്‍ വി.ഡി. സതീശന്റെ പേരും; രേഖ പുറത്തുവിട്ട് ഷോണ്‍ ജോര്‍ജ്
  • ഡല്‍ഹിയില്‍ വീണ്ടും കൂട്ടബലാത്സംഗം; പൊലീസ് ചമഞ്ഞെത്തി 17 കാരിയെ മൂന്നംഗ സംഘം പീഡിപ്പിച്ചു
  • മൂന്ന് ദിവസത്തെ ബാങ്ക് പണിമുടക്ക്: അടുത്ത ഞായറാഴ്ച പ്രവര്‍ത്തി ദിനമാക്കി കേന്ദ്രസര്‍ക്കാര്‍
  • കൈയിലെ കൊഴുപ്പുനീക്കല്‍ ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവതി മരിച്ചു
  • അഞ്ജനയ്ക്കു ജന്മനാടിന്റെ വിട; ആന്‍മേരിയ്ക്കു ഇന്ന് യാത്രാമൊഴിയേകും
  • മാസപ്പടിക്കേസ്‌: പിണറായിയ്ക്കും റിയാസിനുമെതിരെ അന്വേഷണം
  • ലോക കേരളസഭ തുടരില്ലെന്നത് രാഷ്ട്രീയ തീരുമാനം, ഒരു രൂപ പോലും വകയിരുത്തിയിട്ടില്ല: മുഖ്യമന്ത്രി
  • കൊല്ലത്തുനിന്ന് കാണാതായ പത്താം ക്ലാസ് വിദ്യാര്‍ഥിനിയും ബന്ധുവും അങ്കമാലിയില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions