ആദ്യമായി വീട് വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് സഹായവുമായി പുതിയ 'യുവര്‍ ഫസ്റ്റ് ഹോം' പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാം. കുടുംബത്തിന്റെ സാമ്പത്തിക സഹായമില്ലാതെ ഇംഗ്ലണ്ടില്‍ ആദ്യമായി വീട് വാങ്ങുന്നവരെ ലക്ഷ്യമിട്ടാണ് പദ്ധതി. പദ്ധതിയുടെ ഭാഗമായി പുതിയതായി നിര്‍മിക്കുന്ന വീടുകള്‍ വാങ്ങാന്‍ 20 ശതമാനം ഇക്വിറ്റി ലോണ്‍ ലഭിക്കും. തുടക്കത്തില്‍ വായ്പയ്ക്ക് പലിശരഹിത കാലയളവും ഉണ്ടായിരിക്കും. വാങ്ങുന്നവര്‍ കുറഞ്ഞത് 2.5 ശതമാനം ഡെപ്പോസിറ്റ് മാത്രം നല്‍കിയാല്‍ മതിയാകും.
വലിയ ശമ്പളമുള്ളവരെയും ഉയര്‍ന്ന സമ്പാദ്യമുള്ളവരെയും പദ്ധതിയില്‍ നിന്ന് ഒഴിവാക്കുന്നതിനായി കുടുംബവരുമാനത്തിനും ഡെപ്പോസിറ്റിനും പരിധി ഏര്‍പ്പെടുത്തും. കൂടാതെ വീടുകളുടെ വിലയ്ക്കും പരിധിയുണ്ടാകും. സ്വന്തം നിലയില്‍ വീട് വാങ്ങാന്‍ ബുദ്ധിമുട്ടുന്നവരെ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.
'നിരവധി യുവാക്കള്‍ക്ക് സ്വന്തമായി ഒരു വീട് എന്ന പ്രതീക്ഷ പോലും നഷ്ടപ്പെടുന്ന സാഹചര്യമാണ്. പ്രത്യേകിച്ച് മാതാപിതാക്കളുടെ സാമ്പത്തിക സഹായം ലഭിക്കാത്ത ആദ്യവീട് വാങ്ങുന്നവരെ സഹായിക്കുകയാണ് ലക്ഷ്യം,' ബേണ്‍ഹാം പറഞ്ഞു.
അതേസമയം, ദീര്‍ഘകാലമായി ഒഴിഞ്ഞുകിടക്കുന്നതും ജീര്‍ണിച്ചതുമായ വീടുകള്‍ പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് ഏറ്റെടുക്കാനുള്ള അധികാരം ശക്തിപ്പെടുത്താനുള്ള പദ്ധതിയും ബേണ്‍ഹാം പ്രഖ്യാപിച്ചു. കണ്‍സര്‍വേറ്റീവ് സര്‍ക്കാര്‍ വരുത്തിയ മാറ്റങ്ങള്‍ പുനഃപരിശോധിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
ഉയര്‍ന്ന മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ മൂലം ഹൗസിംഗ് വിപണി സ്തംഭനാവസ്ഥ നേരിടുന്നതിനിടെയാണ് ഈ വാര്‍ത്ത വരുന്നത്. പുതുതായി നിര്‍മ്മിച്ച വീടുകള്‍ വാങ്ങാന്‍ ആവശ്യത്തിന് ഉപഭോക്താക്കള്‍ മുന്നോട്ട് വരുന്നില്ലെന്നതും പ്രതിസന്ധിയാണ്. 2029-നകം 1.5 മില്ല്യണ്‍ പുതിയ വീടുകള്‍ ഇംഗ്ലണ്ടില്‍ നിര്‍മ്മിക്കാനാണ് ഗവണ്‍മെന്റ് ലക്ഷ്യമിടുന്നത്. എന്നാല്‍ ഈ ലക്ഷ്യം എത്തിപ്പിടിക്കുന്നത് ബുദ്ധിമുട്ടാകുമെന്ന് ഹൗസിംഗ് സെക്രട്ടറി ആഞ്ചെല റെയ്‌നര്‍ തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.