യുകെയിലെ വാഹനങ്ങളില്‍ നിയമവിരുദ്ധമായി മാറ്റം വരുത്തിയ ആയിരക്കണക്കിന് നമ്പര്‍ പ്ലേറ്റുകള്‍ കണ്ടെത്തി. തെക്കുകിഴക്കന്‍ ഇംഗ്ലണ്ടിലെ മോട്ടോര്‍വേകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ സ്ഥാപിച്ച പുതിയ ക്യാമറ സംവിധാനമാണ് വ്യാപകമായ നിയമലംഘനങ്ങള്‍ കണ്ടെത്തിയത്.
ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കഗ്‌നിഷന്‍ സംവിധാനങ്ങളില്‍ നിന്ന് തിരിച്ചറിയല്‍ ഒഴിവാക്കുന്നതിനായി പ്രത്യേക രീതിയില്‍ മാറ്റം വരുത്തിയ നമ്പര്‍ പ്ലേറ്റുകളാണ് കണ്ടെത്തിയത്. വേഗപരിധി ലംഘനം, കുറഞ്ഞ മലിനീകരണ മേഖലകളിലെ നിയന്ത്രണങ്ങള്‍ എന്നിവ നിരീക്ഷിക്കുന്നതിനും കുറ്റവാളികളെ കണ്ടെത്തുന്നതിനുമാണ് ഇത്തരം ക്യാമറകള്‍ ഉപയോഗിക്കുന്നത്.
നിയമവിരുദ്ധ നമ്പര്‍ പ്ലേറ്റുകള്‍ പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും വളരെ എളുപ്പത്തില്‍ ഇവ ലഭ്യമാകുന്നുണ്ടെന്നും മുന്‍ സര്‍ക്കാര്‍ ഉപദേഷ്ടാവ് മുന്നറിയിപ്പ് നല്‍കി. ഇത്തരം നമ്പര്‍ പ്ലേറ്റുകള്‍ ഉള്‍പ്പെട്ട വാഹനാപകടങ്ങളില്‍ കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടവരെയും ബിബിസി പനോരമ അഭിമുഖം ചെയ്തു.
മതിയായ പരിശോധനകളോ പശ്ചാത്തല വിവരങ്ങളോ ഇല്ലാതെ കുറഞ്ഞ വിലയ്ക്ക് ഇത്തരം നമ്പര്‍ പ്ലേറ്റുകള്‍ വാങ്ങാന്‍ കഴിയുമെന്നും രഹസ്യമായി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.
ലോകത്തിലെ ഏറ്റവും വലിയ എഎന്‍പിആര്‍ ക്യാമറ ശൃംഖലകളിലൊന്നാണ് യുകെയിലുള്ളത്. 14,000 കേന്ദ്രങ്ങളിലായി പ്രതിദിനം 10 കോടി വാഹന നമ്പര്‍ പ്ലേറ്റുകളാണ് ക്യാമറകള്‍ പകര്‍ത്തുന്നത്.