ലണ്ടന്‍: മദ്ധ്യപൂര്‍വേഷ്യയിലെ പ്രതിസന്ധി കൂടവേ കേവലം 42 ദിവസത്തേക്കുള്ള ഡീസല്‍ മാത്രമാണ് യു കെയില്‍ സ്റ്റോക്കുള്ളതെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍. യുദ്ധം പമ്പുകള്‍ക്ക് മേല്‍ ഇനിയും സമ്മര്‍ദ്ദം ചെലുത്തുകയാണെങ്കില്‍ ഇന്ധനത്തിന്റെ കാര്യത്തില്‍ ബ്രിട്ടന്‍ ഒരു അടിയന്തിരാവസ്ഥയിലേക്ക് നീങ്ങിയേക്കും എന്നാണു മുന്നറിയിപ്പ് . പെട്രോളിനും ഡീസലിനും റേഷന്‍ ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലുണ്ടെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇറാന്‍ പ്രതിസന്ധി ഇന്ധന വിതരണം തടസ്സപ്പെടുത്തുകയാണെങ്കിലോ വില കുതിച്ചുയരുകയാണെങ്കിലോ സര്‍ക്കാര്‍ റേഷനിംഗ് കൊണ്ടുവരും.
നിലവില്‍ മറ്റേതൊരു വികസിത രാജ്യത്തുമുള്ളതിനേക്കാള്‍ സ്റ്റോക്ക് കുറവാണ് ബ്രിട്ടനിലെന്ന് സ്‌കൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കേവലം 31 ദിവസത്തെ ഇന്ധനം മാത്രം സ്റ്റോക്കുള്ള ഓസ്‌ട്രേലിയ മാത്രമാണ് ഇക്കാര്യത്തില്‍ ബ്രിട്ടനേക്കാള്‍ ശോച്യാവസ്ഥയിലുള്ളത്. ഇത്തരമൊരു പ്രതിസന്ധി രൂപപ്പെട്ടാല്‍ പെട്രോളിനും ഡീസലിനും റേഷനിംഗ് ഏര്‍പ്പെടുത്താനുള്ള സാധ്യത തള്ളിക്കളയാന്‍ ഈ മാസമാദ്യം ട്രഷറി മിനിസ്റ്റര്‍ വിസമ്മതിച്ചിരുന്നു. ഇന്ധന റേഷന്‍ നടപ്പിലാക്കേണ്ടി വന്നാല്‍ അത് പ്രായോഗികമായി എങ്ങനെ പ്രവര്‍ത്തിക്കുമെന്നും ആര്‍ക്കായിരിക്കും പ്രഥമ പരിഗണന ലഭിക്കുകയെന്നും വ്യക്തമാക്കുന്ന അടിയന്തര പദ്ധതികള്‍ സര്‍ക്കാരിന്റെ പക്കലുണ്ട്. 'നാഷണല്‍ എമര്‍ജന്‍സി പ്ലാന്‍ ഫോര്‍ ഫ്യൂവല്‍' പ്രകാരം 'ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ എനര്‍ജി സെക്യൂരിറ്റി ആന്‍ഡ് നെറ്റ് സീറോ' ആണ് ഇത് തയ്യാറാക്കിയിട്ടുള്ളത്.
പമ്പുകളില്‍ അടുത്തിടെ ഇന്ധനവിലയില്‍ വര്‍ദ്ധനവ് വന്നിരുന്നു. ആര്‍ എ സിയുടെ കണക്കനുസരിച്ച് പെട്രോളിന്റെ ശരാശരി വില 173.95 പെന്‍സ് ആയും ഡീസലിന്റെത് ശരാശരി 198.89 പെന്‍സ് ആയും ഉയര്‍ന്നിരുന്നു. ഫെബ്രുവരിയില്‍ മദ്ധ്യപൂര്‍വ്വേഷ്യയില്‍ സംഘര്‍ഷം ആരംഭിച്ചതിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വിലയാണിത്. ഈ സാഹചര്യത്തിലാണ് ഒരു ഇന്ധന അടിയന്തിരാവസ്ഥ ആവശ്യമായി വന്നേക്കുമെന്ന സാഹചര്യം ഉണ്ടാകുന്നത്. അത്തരമൊരു സാഹചര്യം ഉണ്ടായാല്‍ പെട്രോളും ഡീസലും ലഭിക്കുന്നതിന് ആര്‍ക്കൊക്കെയായിരിക്കും മുന്‍ഗണന നല്‍കേണ്ടതെന്ന് നാഷണല്‍ എമര്‍ജന്‍സി പ്ലാന്‍ ഫോര്‍ ഫ്യുവല്‍ വ്യക്തമാക്കുന്നുണ്ട്.
അതനുസരിച്ച്, എമര്‍ജന്‍സി സര്‍വ്വീസ്, ക്രിറ്റിക്കല്‍ സര്‍വീസ് വാഹനങ്ങള്‍ക്കായിരിക്കും പ്രഥമ പരിഗണന ലഭിക്കുക. അതിനുശേഷം, ഗ്യാസ്, ഇലക്ട്രിസിറ്റി വിതരണ കമ്പനികള്‍, ജല വിതരണ കമ്പനികള്‍ എന്നിവര്‍ക്ക് പരിഗണന ലഭിക്കും. അതിനുശേഷം പൊതുഗതാഗത സംവിധാനത്തില്‍ ഉള്‍പ്പെടുന്ന വാഹനങ്ങള്‍ക്കും (ബസ്സുകളും ഡീസല്‍ ട്രെയിനുകളും ഉള്‍പ്പടെ) പരിഗണന ലഭിക്കും. അടുത്ത പരിഗണന ഭക്ഷ്യവസ്തുക്കളുടെ നീക്കത്തിനായി ഉപയോഗിക്കുന്ന ലോറികള്‍, ആരോഗ്യമേഖലയുമായി ഡെലിവറികള്‍ നടത്തുന്ന വാഹനങ്ങള്‍ എന്നിവയ്ക്കായിരിക്കും പരിഗണന.
ഇതിനെല്ലാം ശേഷം മാത്രമായിരിക്കും പൊതുജനങ്ങള്‍ക്ക്, അവരുടെ സ്വകാര്യ വാഹനങ്ങളില്‍ നിറയ്ക്കുന്നതിനുള്ള ഇന്ധനം ലഭിക്കുക. മാത്രമല്ല, പൊതുജനങ്ങള്‍ക്ക് ഒരുസമയം വാങ്ങാന്‍ കഴിയുന്ന ഇന്ധനത്തിന്റെ അളവില്‍ നിയന്ത്രണം കൊണ്ടുവരികയും ചെയ്യും. ഒപ്പം, പെട്രോള്‍ പമ്പുകളുടെ പ്രവൃത്തി സമയവും വെട്ടിച്ചുരുക്കും. ഇന്ധന വിതരണം ശരിയായ രീതിയില്‍ നടത്തുന്നതിനുള്ള സഹായങ്ങള്‍ ഉറപ്പാക്കി അതുമൂലമുള്ള തടസ്സങ്ങള്‍ പരമാവധി പരിഹരിക്കാന്‍ കഴിയുമെന്ന് രേഖയില്‍ പറയുന്നു. ഇത് എണ്ണ വിതരണ കമ്പനികളും, വിവിധ സര്‍ക്കാര്‍ ഏജന്‍സികളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച് ഡി ഇ എസ് എന്‍ സെഡ് നിര്‍വ്വഹിക്കുമെന്നും രേഖയില്‍ പറയുന്നു.
1976 ലെ എനര്‍ജി ആക്റ്റ് അനുസരിച്ച് പെട്രോളിയം ഉത്പന്നങ്ങളുടെ ആവശ്യകതയും വിതരണവും നിയന്ത്രിക്കാന്‍ അടിയന്തിര ഘട്ടങ്ങളില്‍ സര്‍ക്കാരിന് അധികാരമുണ്ട്. ഏറ്റവും ഗുരുതര സാഹചര്യങ്ങളില്‍ മാത്രമെ സര്‍ക്കാര്‍ ഈ അധികാരം പ്രയോഗിക്കുകയുള്ളു.
യൂറോപ്പിലും അമേരിക്കയിലും പെട്രോള്‍ പമ്പുകളിലെ വില ഇതിനോടകം തന്നെ കുത്തനെ ഉയര്‍ന്നു കഴിഞ്ഞു.
റഷ്യന്‍ റിഫൈനറികള്‍ക്ക് മേല്‍ നടക്കുന്ന യുക്രൈന്‍ ആക്രമണം ആഗോള വിപണിയില്‍ ഇന്ധന വില ഇനിയും കുത്തനെ ഉയര്‍ത്തിയേക്കാം.
മദ്ധ്യപൂര്‍വ്വേഷ്യയിലെ സംഘര്‍ഷം ഇതിനോടകം തന്നെ മേഖലയില്‍ പല റിഫൈനറികളുടെയും പ്രവര്‍ത്തനം തടസപ്പെടുത്തിയിട്ടുണ്ട്.
ആഗോളാടിസ്ഥാനത്തില്‍ മൊത്തം ശുദ്ധീകൃത ഇന്ധനത്തിന്റെ 10 ശതമാനം പോയിരുന്നത് ഇവിടെ നിന്നായിരുന്നു. ഹോര്‍മൂസ് കടലിടുക്ക് സാധാരണ രീതിയില്‍ പ്രവര്‍ത്തിക്കാത്തതും കടുത്ത ഇന്ധനക്ഷാമത്തിന് വഴി തെളിക്കും.