മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം ശക്തമാക്കാന്‍ കോണ്‍ഗ്രസ്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിലാണ് തുടര്‍നീക്കങ്ങള്‍ക്ക് തീരുമാനമായത്. പ്രത്യേക തീവ്ര വോട്ടര്‍പട്ടിക പുനഃപരിശോധനയായ SIR നിര്‍ത്തിവെക്കണമെന്നും ഇതിന്റെ ഭാഗമായി പുറത്തായെന്ന് പാര്‍ട്ടി ആരോപിക്കുന്ന 13.3 കോടി പേരുടെ പേരുകള്‍ വോട്ടര്‍പട്ടികയില്‍ പുനഃസ്ഥാപിക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്ര മോദി രാജിവെക്കണമെന്നും ഗ്യാനേഷ് കുമാറിനെതിരെ നടപടി സ്വീകരിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. തുടര്‍ പ്രതിഷേധങ്ങളുടെ രൂപരേഖ ഇന്ത്യ സഖ്യ യോഗത്തിന് ശേഷം തീരുമാനിക്കാനാണ് നീക്കം. ഇംപീച്ച്മെന്റ് ഉള്‍പ്പെടെയുള്ള നടപടികളും യോഗത്തില്‍ ചര്‍ച്ചയാകും. സഖ്യത്തിന്റെ നീക്കങ്ങള്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് പ്രഖ്യാപിക്കില്ലെന്നാണ് വ്യക്തമാക്കിയത്.
അതേസമയം, ഇന്ത്യ സഖ്യ യോഗത്തില്‍ സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് പങ്കെടുക്കില്ലെന്ന് അറിയിച്ചു. പ്രായോഗിക ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടിയ അദ്ദേഹം പകരം പ്രതിനിധിയെ അയയ്ക്കാമെന്ന് കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചു. തമിഴ്നാട്ടിലെ ഡിഎംകെയെ സഖ്യത്തിന്റെ പ്രവര്‍ത്തനങ്ങളിലേക്ക് തിരികെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും അടുത്ത ദിവസം നടക്കുമെന്ന് കെ.സി. വേണുഗോപാല്‍ പറഞ്ഞു.