ഫ്ലൈ ദുബായില്‍ നടന്നത് 9/11 മോഡല്‍ ആക്രമണ പദ്ധതി! ഇന്ത്യന്‍ പൈലറ്റും യാത്രക്കാരും രക്ഷകരായി
ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്ക് പറന്ന ഫ്ലൈ ദുബൈ വിമാനത്തിലുണ്ടായത് 9/11 മാതൃകയിലുള്ള ആക്രമണ പദ്ധതിയെന്ന് ഇസ്രയേല്‍ ഇന്റലിജന്‍സ് വൃത്തങ്ങള്‍. മറ്റൊരു ദുരന്തം ഒഴിവാക്കാന്‍ കഴിഞ്ഞെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.
ദുബായില്‍ നിന്ന് ഇസ്രയേല്‍ തലസ്ഥാനമായ ടെല്‍ അവീവിലേക്ക് പറന്ന വിമാനം നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ സൗദിയിലെ തബൂക്കില്‍ അടിയന്തരമായി ഇറക്കുകയായിരുന്നു. വിമാനത്തിലെ കോ പൈലറ്റായ ഒമാന്‍ സ്വദേശി ഇന്ത്യക്കാരനായ ക്യാപ്റ്റനെ കുത്തി പരിക്കേല്‍പ്പിച്ചാണ് വിമാനം തകര്‍ക്കാന്‍ ശ്രമം നടത്തിയത്. കുത്തേറ്റ ഇന്ത്യന്‍ പൈലറ്റ് സ്മിത്ത് മച്ചാറും വിമാനത്തിലുണ്ടായിരുന്ന മൂന്ന് ഇസ്രയേല്‍ പൗരന്മാരുമാണ് വന്‍ ദുരന്തം ഒഴിവാക്കിയത്. ആറു മണിക്കൂര്‍ സൗദിയിലെ തബൂക്കില്‍ തങ്ങിയ ശേഷം മറ്റൊരു വിമാനത്തില്‍ യാത്രക്കാരെ ടെല്‍ അവീവിലെത്തിച്ചു.
ബുധനാഴ്ച ദുബായില്‍നിന്ന് ഇസ്രയേലിലെ ടെല്‍ അവീവിലേക്ക് പോയ ഫ്‌ളൈ ദുബായിയുടെ FZ 1073 വിമാനത്തിലാണ് കോക്ക്പിറ്റില്‍ കത്തിക്കുത്തുണ്ടായത്. വിമാനം ദുബായില്‍നിന്ന് പറന്നുയര്‍ന്നതിന് പിന്നാലെ സഹപൈലറ്റ് ക്യാപ്റ്റനെ കുത്തിപരിക്കേല്‍പ്പിക്കുകയായിരുന്നു. വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാതെ ക്യാപ്റ്റന്‍ ഇതിനെ പ്രതിരോധിച്ചു. യാത്രക്കാരെത്തിയാണ് കോക്ക്പിറ്റില്‍നിന്ന് ക്യാപ്റ്റനെ രക്ഷിച്ചത്. അക്രമിയെ ഇവര്‍ കീഴ്‌പ്പെടുത്തി. ഇതിനിടെ അവധിയിലായിരുന്ന ചില പൈലറ്റുമാരും വിമാനത്തിലുണ്ടായിരുന്നു. ഇവര്‍ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും വിമാനം സൗദി അറേബ്യയിലെ തബൂക്കില്‍ അടിയന്തര ലാന്‍ഡിങ് നടത്തുകയുമായിരുന്നു.
180 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ ഭൂരിഭാഗംപേരും ഇസ്രയേല്‍ പൗരന്മാരായിരുന്നു. കോക്ക്പിറ്റിലെ ആക്രമണത്തിനിടെ വിമാനം രണ്ടുമിനിറ്റിനുള്ളില്‍ 17400 അടിയിലേക്ക് താഴ്ന്നു. ഇതിനിടെ വിമാനത്തില്‍നിന്ന് അപായസന്ദേശവും പോയി. വിമാനം ഹൈജാക്ക് ചെയ്താല്‍ നല്‍കുന്ന അന്താരാഷ്ട്ര എമര്‍ജന്‍സി കോഡാണ് സന്ദേശമായി പോയത്. ഇതോടെ വിമാനം തട്ടിയെടുത്തതാണെന്ന് കരുതി ഇസ്രയേല്‍ സൈന്യം യുദ്ധവിമാനങ്ങളും അയച്ചു.