യുകെയില്‍ മോര്‍ട്ട്‌ഗേജ് ഡിമാന്‍ഡില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി. ആഗസ്റ്റില്‍ വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കിടയില്‍ മോര്‍ട്ട്‌ഗേജുകളുടെ ഡിമാന്‍ഡ് 32 മാസത്തെ താഴ്ന്ന നിലയിലാണ്. ആഗസ്റ്റില്‍ പുതിയ വീട് വാങ്ങാനുള്ള കേവലം 54,918 മോര്‍ട്ട്‌ഗേജുകളാണ് അംഗീകരിക്കപ്പെട്ടതെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് റിപ്പോര്‍ട്ട് ചെയ്യുന്നു. 2023 ഡിസംബറിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണ് ഇത്.
ഫെബ്രുവരിയില്‍ ഇറാന്‍ യുദ്ധം തുടങ്ങിയത് മുതല്‍ യുകെയില്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വര്‍ദ്ധിക്കാന്‍ തുടങ്ങിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു. എണ്ണവില വര്‍ദ്ധിച്ചതും, പലിശ നിരക്ക് ഉയരാന്‍ സാധ്യതയുണ്ടെന്നതും ചേര്‍ന്നാണ് മോര്‍ട്ട്‌ഗേജ് നിരക്കുകളെ ബാധിക്കാന്‍ തുടങ്ങിയത്.
അതേസമയം, ആഗസ്റ്റിലെ റീമോര്‍ട്ട്‌ഗേജിംഗ് അപ്രൂവല്‍ 34,000 ആയി കുറഞ്ഞു. ആഗസ്റ്റില്‍ പുതിയ മോര്‍ട്ട്‌ഗേജുകളുടെ പലിശ നിരക്ക് 4.60 ശതമാനമായി ഉയര്‍ന്നുവെന്ന് ബാങ്ക് കണ്ടെത്തി. കടമെടുപ്പ് ചെലവുകള്‍ ഉയരുന്നത് ഹൗസിംഗ് മേഖലയിലെ ഇടപാടുകളെ സാരമായി ബാധിക്കുകയാണ്.
അഞ്ച് വര്‍ഷത്തെ ഫിക്‌സഡ് മോര്‍ട്ട്‌ഗേജ് ഡീലുകള്‍ ഇപ്പോള്‍ ശരാശരി 5.94 ശതമാനത്തിലാണ് ലഭിക്കുന്നതെന്ന് മണിഫാക്ട്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2023 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. രണ്ട് വര്‍ഷത്തെ ഫിക്‌സഡ് മോര്‍ട്ട്‌ഗേജുകള്‍ 5.93 ശതമാനത്തിലുമാണ് ലഭിക്കുന്നത്. 2024 ജൂലൈയ്ക്ക് ശേഷമുള്ള ഉയര്‍ന്ന നിരക്കാണ് ഇത്.