യൂറോപ്യന്‍ യൂണിയനുമായുള്ള ബ്രിട്ടന്റെ ദീര്‍ഘകാല ബന്ധം പുനഃപരിശോധിക്കുമ്പോള്‍ വീണ്ടും അംഗത്വം നേടുന്നതുള്‍പ്പെടെ എല്ലാ സാധ്യതകളും പരിഗണിക്കുമെന്ന് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാം. നിലവിലെ ബ്രക്‌സിറ്റ് ക്രമീകരണം രാജ്യത്തിന് ഗുണത്തേക്കാള്‍ ദോഷമാണ് ഉണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ സ്ഥിതി തുടരുക, കസ്റ്റംസ് യൂണിയനില്‍ വീണ്ടും ചേരുക, സിംഗിള്‍ മാര്‍ക്കറ്റുമായി കൂടുതല്‍ അടുക്കുക, യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം പുനഃസ്ഥാപിക്കുക തുടങ്ങിയ സാധ്യതകളാണ് പരിശോധിക്കുക. ഓരോന്നിന്റെയും പ്രായോഗികതയും ഗുണദോഷങ്ങളും വിശദമായി വിലയിരുത്തേണ്ടതുണ്ടെന്ന് ബേണ്‍ഹാം വ്യക്തമാക്കി.
സിംഗിള്‍ മാര്‍ക്കറ്റിലേക്കോ കസ്റ്റംസ് യൂണിയനിലേക്കോ മടങ്ങില്ലെന്നായിരുന്നു 2024ലെ ലേബര്‍ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് നിലപാട്. ഇതില്‍നിന്നുള്ള ശ്രദ്ധേയമായ മാറ്റമായാണ് പ്രധാനമന്ത്രിയുടെ പ്രതികരണം വിലയിരുത്തപ്പെടുന്നത്. ഈ വര്‍ഷം നടക്കാനിരിക്കുന്ന യുകെ-യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയില്‍ ബ്രിട്ടന്റെ യൂറോപ്പുമായുള്ള ദീര്‍ഘകാല ബന്ധം സംബന്ധിച്ച വിവിധ സാധ്യതകള്‍ മുന്നോട്ടുവയ്ക്കാനാണ് ബേണ്‍ഹാം ലക്ഷ്യമിടുന്നത്. അതേസമയം, ബേണെത്തിന്റെ നിലപാടിനെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും റീഫോം യുകെയും വിമര്‍ശിച്ചു. യൂറോപ്പുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കണമെന്ന ആവശ്യവുമായി ലിബറല്‍ ഡെമോക്രാറ്റുകളും ഗ്രീന്‍ പാര്‍ട്ടിയും രംഗത്തെത്തി.