വിമാന യാത്രയില്‍ കുട്ടികള്‍ക്ക് ഒപ്പം ഇരിക്കാന്‍ അധിക തുക ഈടാക്കാനാകില്ല, നിര്‍ദ്ദേശവുമായി സര്‍ക്കാര്‍
വിമാനയാത്രയ്ക്കിടെ കുട്ടികള്‍ക്കൊപ്പം ഇരിക്കാന്‍ മാതാപിതാക്കളില്‍ നിന്ന് അധിക തുക ഈടാക്കുന്നത് നിരോധിക്കാന്‍ സര്‍ക്കാര്‍. 14 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് മാതാപിതാക്കളുടെയോ ഒപ്പമുള്ള മുതിര്‍ന്ന വ്യക്തിയുടെയോ സമീപം സൗജന്യമായി സീറ്റ് ഉറപ്പാക്കുന്നതാണ് പുതിയ നിര്‍ദേശം. വിമാന ടിക്കറ്റ് ബുക്കിങ്ങിലെ പേരിലെ അക്ഷരത്തെറ്റ് തിരുത്തുന്നതിനും ഇനി അധിക ഫീസ് നല്‍കേണ്ടിവരില്ല.
അടുത്ത വര്‍ഷത്തെ വേനലവധിക്ക് മുമ്പ് പുതിയ മാറ്റങ്ങള്‍ നടപ്പാക്കാനാണ് മന്ത്രിമാരുടെ നീക്കമെന്നാണ് റിപ്പോര്‍ട്ട്. കുടുംബങ്ങള്‍ അവധിയാത്ര ആസൂത്രണം ചെയ്യുമ്പോള്‍ പണം നഷ്ടമാക്കാതിരിക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാം പറഞ്ഞു.
കുട്ടികള്‍ക്കൊപ്പം ഇരിക്കാന്‍ മാതാപിതാക്കളില്‍ നിന്ന് പണം ഈടാക്കുന്നത് അന്യായമാണെന്നും ചെറിയ പിഴവിന് പേരിലെ തിരുത്തലിന് വലിയ തുക നല്‍കേണ്ടിവരുന്നതും അംഗീകരിക്കാനാവില്ലെന്നും ബേണ്‍ഹാം പറഞ്ഞു
മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും മടക്കയാത്രയില്‍ ഒരുമിച്ചിരിക്കാന്‍ നിലവില്‍ 104 പൗണ്ട് വരെ അധികമായി ചെലവാകാമെന്നാണ് ഗതാഗത വകുപ്പിന്റെ കണക്ക്. ആകാശ യാത്രയില്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ പിന്തുണ നല്‍കാന്‍ പുതിയ ബില്ലിന് സാധിക്കും.