ഉയര്‍ന്ന മോര്‍ട്ട്‌ഗേജ് ചെലവുകളും, പലിശ നിരക്ക് വര്‍ദ്ധിക്കുമെന്ന ആശങ്കയും മൂലം സെപ്റ്റംബറില്‍ യുകെയിലെ ഭവനവിലകള്‍ താഴ്ന്നു. മുന്‍ മാസത്തെ അപേക്ഷിച്ച് സെപ്റ്റംബറില്‍ ഭവനവില 0.2% താഴ്ന്നതായി നേഷന്‍വൈഡ് ഡാറ്റ പറയുന്നു. വാര്‍ഷിക അടിസ്ഥാനത്തില്‍ ഭവനവിലയിലെ വളര്‍ച്ച വര്‍ഷത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണ്. ആഗസ്റ്റില്‍ 1.6 ശതമാനം വര്‍ദ്ധിച്ച വില സെപ്റ്റംബറില്‍ 0.8% മാത്രമാണ് ഉയര്‍ന്നത്.
പ്രോപ്പര്‍ട്ടി വിപണിയിലെ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ മാസങ്ങളില്‍ വളരെ ഇടിഞ്ഞതായി നേഷന്‍വൈഡ് ചീഫ് ഇക്കണോമിസ്റ്റ് റോബര്‍ട്ട് ഗാര്‍ഡ്‌നര്‍ പറഞ്ഞു. സമ്പദ് വ്യവസ്ഥയിലെ അനിശ്ചിതാവസ്ഥയും, ഉയര്‍ന്ന മോര്‍ട്ട്‌ഗേജ് നിരക്കും, പലിശ നിരക്ക് വര്‍ദ്ധന വരുമെന്ന ആശങ്കയും ചേര്‍ന്നാണ് ഈ അവസ്ഥ സൃഷ്ടിക്കുന്നത്.
മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം സൃഷ്ടിച്ച എനര്‍ജി വില ഷോക്കാണ് ബാങ്ക് നിരക്കുകള്‍ വര്‍ദ്ധിക്കുമെന്ന പ്രതീക്ഷ ഉയര്‍ത്തുന്നത്. ഇത് പലിശ നിരക്കുകളെയും, മോര്‍ട്ട്‌ഗേജ് നിരക്കുകളെയും സമ്മര്‍ദത്തിലാക്കുകയും ചെയ്തു.
നവംബറില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകള്‍ നിലവിലെ 3.75 ശതമാനത്തില്‍ നിന്നും ക്വാര്‍ട്ടര്‍ പോയിന്റ് വര്‍ദ്ധന വരുത്തുമെന്ന് സാമ്പത്തിക വിപണികള്‍ കരുതുന്നു. ഇതിനൊപ്പം ഒക്ടോബര്‍ 28ന് അവതരിപ്പിക്കാന്‍ ഇരിക്കുന്ന ബജറ്റിലെ അനിശ്ചിതാവസ്ഥയും പ്രോപ്പര്‍ട്ടി ഡിമാന്‍ഡിനെ ബാധിക്കുന്നുണ്ട്. ബജറ്റില്‍ ഫസ്റ്റ് ടൈം ബയേഴ്‌സിനെ സഹായിക്കാന്‍ പുതിയ സപ്പോര്‍ട്ട് സ്‌കീം വരുമെന്ന് കഴിഞ്ഞ ആഴ്ച പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ആദ്യമായി വീട് വാങ്ങുന്നവര്‍ വിപണിയിലെ ഒരു വിഭാഗം മാത്രമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
കുടുംബത്തിന്റെ സാമ്പത്തിക സഹായമില്ലാതെ ഇംഗ്ലണ്ടില്‍ ആദ്യമായി വീട് വാങ്ങുന്നവരെ ലക്ഷ്യമിട്ടാണ് പദ്ധതി. പദ്ധതിയുടെ ഭാഗമായി പുതിയതായി നിര്‍മിക്കുന്ന വീടുകള്‍ വാങ്ങാന്‍ 20 ശതമാനം ഇക്വിറ്റി ലോണ്‍ ലഭിക്കും. തുടക്കത്തില്‍ വായ്പയ്ക്ക് പലിശരഹിത കാലയളവും ഉണ്ടായിരിക്കും. വാങ്ങുന്നവര്‍ കുറഞ്ഞത് 2.5 ശതമാനം ഡെപ്പോസിറ്റ് മാത്രം നല്‍കിയാല്‍ മതിയാകും.
വലിയ ശമ്പളമുള്ളവരെയും ഉയര്‍ന്ന സമ്പാദ്യമുള്ളവരെയും പദ്ധതിയില്‍ നിന്ന് ഒഴിവാക്കുന്നതിനായി കുടുംബവരുമാനത്തിനും ഡെപ്പോസിറ്റിനും പരിധി ഏര്‍പ്പെടുത്തും. കൂടാതെ വീടുകളുടെ വിലയ്ക്കും പരിധിയുണ്ടാകും. സ്വന്തം നിലയില്‍ വീട് വാങ്ങാന്‍ ബുദ്ധിമുട്ടുന്നവരെ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.
പുതുതായി നിര്‍മ്മിച്ച വീടുകള്‍ വാങ്ങാന്‍ ആവശ്യത്തിന് ഉപഭോക്താക്കള്‍ മുന്നോട്ട് വരുന്നില്ലെന്നതും പ്രതിസന്ധിയാണ്. 2029-നകം 1.5 മില്ല്യണ്‍ പുതിയ വീടുകള്‍ ഇംഗ്ലണ്ടില്‍ നിര്‍മ്മിക്കാനാണ് ഗവണ്‍മെന്റ് ലക്ഷ്യമിടുന്നത്. എന്നാല്‍ ഈ ലക്ഷ്യം എത്തിപ്പിടിക്കുന്നത് ബുദ്ധിമുട്ടാകുമെന്ന് ഹൗസിംഗ് സെക്രട്ടറി ആഞ്ചെല റെയ്‌നര്‍ തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.