പൈലറ്റിന്റെ പദ്ധതി വിമാനം റാഞ്ചി ടെല്‍ അവീവ് വിമാനത്താവളത്തിലോ, ടവര്‍ കോംപ്ലക്‌സിലോ ഇടിച്ചിറക്കാന്‍
ഫ്ലൈ ദുബായ് വിമാനം റാഞ്ചി ടെല്‍ അവീവിലെ പ്രധാന എയര്‍പോര്‍ട്ടിലേക്ക് ഇടിച്ചിറക്കി പരമാവധി നാശം വിതയ്ക്കാനാണ് തീവ്രവാദി പൈലറ്റ് മോഹിച്ചിരുന്നതെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്മിത്ത് മച്ഛാറിനെ ക്രാഷ് ആക്‌സ് ഉപയോഗിച്ച് ഗുരുതരമായി പരുക്കേല്‍പ്പിച്ച് ഇസ്രയേലിലേക്കുള്ള വിമാനത്തിന്റെ നിയന്ത്രണം പിടിക്കാനായിരുന്നു 29-കാരന്‍ ഹമാം അല്‍ ഹമാമിയുടെ ശ്രമം.
എന്നാല്‍ ഗുരുതരമായി പരുക്കേറ്റിട്ടും വിമാനത്തിന്റെ നിയന്ത്രണം വിട്ടുകൊടുക്കാതെ, കോക്ക്പിറ്റ് വാതില്‍ തുറന്ന് കൊടുത്ത് യാത്രക്കാരെ അകത്തേക്ക് പ്രവേശിപ്പിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ ഈ മോഹങ്ങള്‍ പൊളിക്കുകയായിരുന്നു. 29 സെക്കന്‍ഡില്‍ 14,000 അടി താഴേക്ക് പതിച്ച വിമാനത്തിന്റെ നിയന്ത്രണം യാത്രക്കാരും, ക്രൂവും ചേര്‍ന്ന് തിരിച്ചുപിടിക്കുകയായിരുന്നു.
പൈലറ്റായി എത്തുന്നതിന് മുന്‍പ് തന്നെ വിമാനം റാഞ്ചാനുള്ള പദ്ധതി തുടങ്ങിയിരുന്നുവെന്ന് ചോദ്യം ചെയ്യലില്‍ അല്‍ ഹമാമി വെളിപ്പെടുത്തിയിട്ടുണ്ട്. മറ്റ് പല വിമാനകമ്പനികളിലും ജോലി നേടാന്‍ ശ്രമം നടത്തുകയും ചെയ്തു. ബെന്‍-ഗുറിയോണ്‍ എയര്‍പോര്‍ട്ടില്‍ വിമാനം ഇടിച്ചിറക്കുന്നതായിരുന്നു ഇയാളുടെ സ്വപ്‌നമെന്നും സ്രോതതസ്സുകളെ ഉദ്ധരിച്ച് ജെറുസലേം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
വിമാനം റാഞ്ചാന്‍ ശ്രമിക്കുന്നതിന് മുന്‍പ് വിവരങ്ങള്‍ ശേഖരിക്കാന്‍ ഹമാമി പല തവണ ബെന്‍-ഗുറിയോണ്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. ജൂലൈയില്‍ അക്രമം നടത്താന്‍ ഒരുങ്ങിയെങ്കിലും ഒരു ക്രൂ അംഗം സുഹൃത്തായതിനാല്‍ പദ്ധതി നീട്ടുകയായിരുന്നു. എയര്‍പോര്‍ട്ടില്‍ ഇടിച്ചിറക്കാന്‍ സാധിച്ചില്ലെങ്കില്‍ ഇസ്രയേലിന്റെ സൈനിക ആസ്ഥാനത്തിന് അടുത്തുള്ള ടവര്‍ ബ്ലോക്കായിരുന്നു ലക്ഷ്യം.
ജോര്‍ദാന് മുകളില്‍ എത്തിയപ്പോഴാണ് ഹമാമി ക്യാപ്റ്റന്‍ സ്മിത്തിനെ അക്രമിക്കാന്‍ തുടങ്ങിയത്. ഇസ്രയേല്‍ അതിര്‍ത്തിയിലേക്ക് കേവലം 10 മിനിറ്റ് ബാക്കിനില്‍ക്കെ ഇന്ത്യന്‍ പൈലറ്റിനെ കൊലപ്പെടുത്തി കോക്ക്പിറ്റ് പൂട്ടി വിമാനം സസുഖം ഇടിച്ചിറക്കാമെന്നായിരുന്നു ഹമാമിയുടെ മോഹം. എന്നാല്‍ സ്മിത്ത് മച്ഛറിന്റെ ധീരമായ പോരാട്ടം കാര്യങ്ങള്‍ പൊളിച്ചു. ഇതോടെ മറ്റൊരു 9/11 സ്‌റ്റൈല്‍ ഭീകരാക്രമണമാണ് ഒഴിവായത്.
ഹമാം അല്‍ ഹമാമി മൂന്ന് വര്‍ഷം മുന്‍പ് ഇസ്രയേലി വിമാനങ്ങളെ ലക്ഷ്യമിട്ടതായി റിപ്പോര്‍ട്ട്. അല്‍ഖ്വായ്ദ നേതാക്കളുടെ വീഡിയോകള്‍ പോസ്റ്റ് ചെയ്തതിനൊപ്പമാണ് ഇസ്രയേല്‍ വിമാനങ്ങളെ ലക്ഷ്യമിടുന്നതായ ക്ലിപ്പുകളും ഉള്‍പ്പെട്ടിട്ടുള്ളത്.
2014-ലാണ് ഇയാള്‍ക്ക് ഓസ്‌ട്രേലിയന്‍ സ്റ്റുഡന്റ് വിസ ലഭിച്ചത്. ഇവിടെ യൂണിവേഴ്‌സിറ്റിയില്‍ കോഴ്‌സിന് ചേര്‍ന്ന ശേഷം 2017-ല്‍ ഓസ്‌ട്രേലിയ വിട്ടു. കോഴ്‌സ് പൂര്‍ത്തിയാക്കിയില്ലെന്ന് കണ്ടെത്തി 2019-ല്‍ ഇയാളുടെ വിസ റദ്ദാക്കുകയായിരുന്നു. ഇയാളുടെ രാജ്യത്തെ ബന്ധങ്ങളെ കുറിച്ച് കണ്ടെത്താനായി വിവിധ ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചതായി ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പോലീസ് വ്യക്തമാക്കി.
അതിനിടെ, മാനം തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം പരാജയപ്പെട്ടതിനെ കുറിച്ച് തങ്ങളുടെ പ്രതിവാര പ്രസിദ്ധീകരണമായ അല്‍ ബയാനില്‍ മുഖപ്രസംഗം പ്രസിദ്ധീകരിച്ച് യെമന്‍ ആസ്ഥാനമായുള്ള അല്‍ഖൈ്വയ്ദ വിഭാഗം. ലേഖനത്തില്‍ ഒമാനി സഹപൈലറ്റ് ഹമാം അല്‍ ഹമാമിയുടെ പ്രവര്‍ത്തിയെ പ്രശംസിക്കുകയും യുഎസ് ഇസ്രയേലി വിമാന കമ്പനികള്‍ക്കെതിരെ സമാനമായ ആക്രമണങ്ങള്‍ നടത്താന്‍ ആഹ്വാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.
സെപ്തംബര്‍ 11നും സെപ്തംബര്‍ 30നുമിടയില്‍ എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിക്കുന്ന മുഖ പ്രസംഗത്തില്‍ 2001 സെപ്തംബര്‍ 11ന് വേള്‍ഡ് ട്രേഡ് സെന്ററിലേക്ക് വിമാനം ഇടിച്ചുകയറുന്നതിന്റെ ചിത്രങ്ങളും ടെല്‍ അവീവിലേക്ക് പോവുകയായിരുന്ന ഫ്‌ളൈ ദുബായ് വിമാനത്തിന്റെ ചിത്രങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
യുദ്ധം അവസാനിക്കാന്‍ ഇനിയും ഒരുപാട് ദുരമുണ്ട്. സിയോണിസ്റ്റുകളേയും അമേരിക്കക്കാരേയും ഇസ്ലാമിനെതിരെ പോരാടുന്ന വിവിധ അവിശ്വാസ ക്യാമ്പുകളില്‍ നിന്നുള്ള സേനകളേയും വഹിച്ചുകൊണ്ടുള്ള വിമാനങ്ങള്‍ ഇപ്പോഴും ആകാശത്ത് പറക്കുന്നുണ്ട്. സെപ്തംബര്‍ 11 ലും സെപ്തംബര്‍ 30ലും തെളിയിക്കപ്പെട്ടതുപോലെ അവ ഇപ്പോഴും ആക്രമണത്തിന് ഇരയാകാന്‍ സാധ്യതയുള്ളവയാണ്, അറബിയില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.
ഫ്‌ളൈ ദുബായ് വിമാനം തട്ടിക്കൊണ്ടുപോകല്‍ വിജയിച്ചിരുന്നെങ്കില്‍ മേഖലയിലെ ശക്തി സന്തുലിതാവസ്ഥ തന്നെ മാറിമറിയുമായിരുന്നുവെന്നും ലേഖനം പറയുന്നു. അമുസ്ലീങ്ങള്‍ക്കും യുഎസിനെയും ഇസ്രയേലിനേയും ലക്ഷ്യമിടാമെന്നും ഇത്തരം ആക്രമണം മുസ്ലീങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് ഉപകരിക്കുമെന്നും അല്‍ ബയാന്‍ ലേഖനത്തില്‍ വ്യക്തമാക്കുന്നു.
അമേരിക്കയുടേയും സിയോണിസ്റ്റുകളുടേയും ശത്രുക്കള്‍ മുമ്പത്തേക്കാള്‍ കൂടുതലാണ്. ദൈവത്തിലോ പരലോകത്തിലോ വിശ്വസിക്കാത്ത ഒരാള്‍ നടത്തുന്ന ഒരു ആക്രമണം പോലും അത്യന്തികമായി ഇസ്ലാമിന്റെ താല്‍പര്യങ്ങളെയായിരിക്കും സേവിക്കു, എന്നും ലേഖനത്തിലെ മറ്റൊരു പ്രസ്താവനയില്‍ പറയുന്നു.