ലണ്ടനിലെ ഇസ്രയേല്‍ എംബസിയില്‍ ആക്രമണത്തിന് ശ്രമിച്ച കുവൈത്ത് സ്വദേശിയ്ക്കു ജീവപര്യന്തം
ലണ്ടനിലെ ഇസ്രയേല്‍ എംബസിയില്‍ കത്തിയുമായി അതിക്രമിച്ച് കയറി ആക്രമണം നടത്താന്‍ ശ്രമിച്ച കുവൈത്ത് സ്വദേശിക്ക് ജീവപര്യന്തം തടവ് വിധിച്ചു യുകെ കോടതി. 34കാരനായ അബ്ദുല്ല സബാഹ് അല്‍ബദ്രിക്കാണ് ഓള്‍ഡ് ബെയ്ലി കോടതി ശിക്ഷ വിധിച്ചത്. കുറഞ്ഞത് 20 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിക്കണം. 2025 ഏപ്രില്‍ 28ന് രണ്ട് കത്തികളുമായി ലണ്ടനിലെ കെന്‍സിങ്ടണിലുള്ള ഇസ്രയേല്‍ എംബസിയുടെ സുരക്ഷാ വേലി ചാടിക്കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ആയുധധാരികളായ പൊലീസ് ഇയാളെ പിടികൂടിയത്. ഇയാളില്‍നിന്ന് രണ്ട് കത്തികളും 'രക്തസാക്ഷിത്വ' കുറിപ്പും കണ്ടെത്തിയിരുന്നു.
ആക്രമണത്തിന് മുന്നോടിയായി എംബസിയുടെ സ്ഥാനം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഇയാള്‍ ഓണ്‍ലൈനില്‍ തിരഞ്ഞിരുന്നതായും ആത്മഹത്യയും 'രക്തസാക്ഷിത്വവുമായി' ബന്ധപ്പെട്ട അറബി വാക്കുകള്‍ പരിശോധിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തി. എംബസിയില്‍ കയറി ആളുകളെ കുത്തിക്കൊല്ലാനായിരുന്നു പദ്ധതിയെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്.
ഇസ്രയേലിന്റെ ഗാസയിലെ നടപടികള്‍ക്കെതിരായ പ്രതികാരമായാണ് ആക്രമണത്തിന് ശ്രമിച്ചതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍ അല്‍ബദ്രി തീവ്രവാദ ആക്രമണത്തിന് തയ്യാറെടുത്തെന്ന ആരോപണം നിഷേധിച്ചിരുന്നു. രണ്ട് ബ്ലേഡുള്ള ആയുധങ്ങള്‍ കൈവശം വെച്ചതിനും ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.
അല്‍ബദ്രി മുമ്പ് രണ്ടുതവണ ചെറിയ ബോട്ടില്‍ ബ്രിട്ടനിലെത്തിയിരുന്നു. 2025 ഏപ്രിലില്‍ ഫ്രാന്‍സില്‍നിന്ന് കടല്‍മാര്‍ഗം ബ്രിട്ടനിലെത്തിയതിന് പിന്നാലെയാണ് എംബസിയെ ലക്ഷ്യമിട്ടുള്ള നീക്കങ്ങള്‍ നടത്തിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായി.