ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുമെന്ന വിലയിരുത്തലില്‍ ബ്രിട്ടനില്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുതിയ്ക്കുന്നു. അഞ്ച് വര്‍ഷത്തെ ഫിക്‌സഡ് മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ മൂന്ന് വര്‍ഷത്തിനിടെ ആദ്യമായി 6 ശതമാനത്തില്‍ എത്തി. ഇതോടെ വിപണിയില്‍ ലോണുകള്‍ നല്‍കുന്നത് ചെലവേറിയ കാര്യമായി മാറുകയാണ്.
മണിഫാക്‌സ് നല്‍കുന്ന റിപ്പോര്‍ട്ട് പ്രകാരം അഞ്ച് വര്‍ഷത്തെ ശരാശരി നിരക്ക് 6 ശതമാനത്തിലാണ്. 2023 സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇത്. രണ്ട് വര്‍ഷത്തെ ഫിക്‌സഡ് നിരക്കുകളും തൊട്ടുപിന്നാലെയുണ്ട്, 5.98%. ഇതാകട്ടെ 2023 ഡിസംബറിന് ശേഷമുള്ള ഉയര്‍ന്ന നിരക്കാണ്.
ബാങ്ക് ഓഫ് ഇംഗ്ലണ്ട് ബേസ് റേറ്റുകള്‍ വര്‍ദ്ധിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് ബാങ്കുകളും, ബില്‍ഡിംഗ് സൊസൈറ്റികളും നിരക്കുകള്‍ വര്‍ദ്ധിപ്പിച്ച് തുടങ്ങിയത്. 5 ശതമാനത്തില്‍ താഴെ ലഭിക്കുന്ന ഫിക്‌സഡ് റേറ്റ് മോര്‍ട്ട്‌ഗേജുകളുടെ എണ്ണം കേവലം 9 ആയി ചുരുങ്ങിയെന്നതാണ് ഞെട്ടിക്കുന്ന വിഷയം. ഈ മാസം തുടങ്ങുമ്പോള്‍ 1494 ഡീലുകള്‍ ഉണ്ടായിരുന്നിടത്താണ് ഈ മാറ്റം.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മുതല്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ബേസ് റേറ്റില്‍ മാറ്റം വരുത്തുന്നില്ല. എന്നാല്‍ ബോണ്ട് വിപണിയിലെ ചാഞ്ചാട്ടം ഫിക്‌സഡ് റേറ്റ് മോര്‍ട്ട്‌ഗേജുകളുടെ വില ഉയര്‍ത്തുകയാണ്. ഫിക്‌സഡ് റേറ്റ് ഡീലുകളുടെ കാലാവധി തീരുന്ന ഭവനഉടമകള്‍ക്കാണ് ഇത് തിരിച്ചടിയാവുക.
ഉയര്‍ന്ന മോര്‍ട്ട്‌ഗേജ് ചെലവുകളും, പലിശ നിരക്ക് വര്‍ദ്ധിക്കുമെന്ന ആശങ്കയും മൂലം സെപ്റ്റംബറില്‍ യുകെയിലെ ഭവനവിലകള്‍ താഴ്ന്നു. മുന്‍ മാസത്തെ അപേക്ഷിച്ച് സെപ്റ്റംബറില്‍ ഭവനവില 0.2% താഴ്ന്നതായി നേഷന്‍വൈഡ് ഡാറ്റ പറയുന്നു. വാര്‍ഷിക അടിസ്ഥാനത്തില്‍ ഭവനവിലയിലെ വളര്‍ച്ച വര്‍ഷത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണ്. ആഗസ്റ്റില്‍ 1.6 ശതമാനം വര്‍ദ്ധിച്ച വില സെപ്റ്റംബറില്‍ 0.8% മാത്രമാണ് ഉയര്‍ന്നത്.
സമ്പദ് വ്യവസ്ഥയിലെ അനിശ്ചിതാവസ്ഥയും, ഉയര്‍ന്ന മോര്‍ട്ട്‌ഗേജ് നിരക്കും, പലിശ നിരക്ക് വര്‍ദ്ധന വരുമെന്ന ആശങ്കയും ചേര്‍ന്നാണ് ഈ അവസ്ഥ സൃഷ്ടിക്കുന്നത്.
മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം സൃഷ്ടിച്ച എനര്‍ജി വില ഷോക്കാണ് ബാങ്ക് നിരക്കുകള്‍ വര്‍ദ്ധിക്കുമെന്ന പ്രതീക്ഷ ഉയര്‍ത്തുന്നത്. ഇത് പലിശ നിരക്കുകളെയും, മോര്‍ട്ട്‌ഗേജ് നിരക്കുകളെയും സമ്മര്‍ദത്തിലാക്കുകയും ചെയ്തു.
നവംബറില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകള്‍ നിലവിലെ 3.75 ശതമാനത്തില്‍ നിന്നും ക്വാര്‍ട്ടര്‍ പോയിന്റ് വര്‍ദ്ധന വരുത്തുമെന്ന് സാമ്പത്തിക വിപണികള്‍ കരുതുന്നു. ഇതിനൊപ്പം ഒക്ടോബര്‍ 28ന് അവതരിപ്പിക്കാന്‍ ഇരിക്കുന്ന ബജറ്റിലെ അനിശ്ചിതാവസ്ഥയും പ്രോപ്പര്‍ട്ടി ഡിമാന്‍ഡിനെ ബാധിക്കുന്നുണ്ട്. ബജറ്റില്‍ ഫസ്റ്റ് ടൈം ബയേഴ്‌സിനെ സഹായിക്കാന്‍ പുതിയ സപ്പോര്‍ട്ട് സ്‌കീം വരുമെന്ന് കഴിഞ്ഞ ആഴ്ച പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ആദ്യമായി വീട് വാങ്ങുന്നവര്‍ വിപണിയിലെ ഒരു വിഭാഗം മാത്രമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.