സര്‍ക്കാര്‍ മൂടിവച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ രഹസ്യ വിവരങ്ങള്‍ പുറത്തേക്ക്. മുന്‍ വിവരാവകാശ കമ്മീഷണര്‍ ഡോ. അബ്ദുല്‍ ഹക്കീമിന്റെ പുസ്തകത്തിലാണ് നിര്‍ണായക വെളിപ്പെടുത്തലുള്ളത്. ഒരു നടിയുടെ അഭിനയ ജീവിതം പ്രമുഖ നടന്‍ നശിപ്പിച്ചുവെന്നാണ് പുസ്തകത്തിലുള്ളത്. നടന് വഴങ്ങാത്തതാണ് പ്രതികാരത്തിന് കാരണമെന്നും പുസ്തകത്തില്‍ പറയുന്നു. ഈ നടന്‍ ലൊക്കേഷനില്‍ മദ്യപിച്ച് അഴിഞ്ഞാടിയതായി നടിയുടെ മൊഴിയുണ്ട്. 'ഇനി നീ സിനിമാ രംഗത്ത് ഉണ്ടാകില്ല' എന്ന് നടന്‍ ആക്രോശിച്ചതായും അബ്ദുല്‍ ഹക്കീമിന്റെ പുസ്തകത്തില്‍ വെളിപ്പെടുത്തലുണ്ട്. 'മലയാള സിനിമ, ഹേമ കമ്മിറ്റി പറഞ്ഞതും സര്‍ക്കാര്‍ പറയാത്തതും' എന്ന പേരിലാണ് പുസ്തകം. ഡിസി ബുക്‌സാണ് അബ്ദുല്‍ ഹക്കീമിന്റെ പുസ്തകം പുറത്തിറക്കുന്നത്. അബ്ദുല്‍ ഹക്കീമായിരുന്നു ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാന്‍ ഉത്തരവിട്ടത്.
'അയാള്‍ മദ്യപിച്ച് ലക്കുകെട്ട അവസ്ഥയില്‍ സെറ്റിലെത്തി നിലവിട്ട് സംസാരിക്കാന്‍ തുടങ്ങി. തുടര്‍ന്ന് വിവസ്ത്രനായി. ഇത് സെറ്റില്‍ എല്ലാവരെയും അത്ഭുതപ്പെടുത്തി. ഇത്രയും ഉന്നതനും അനുഗ്രഹീത കലാവൈഭവത്തിന് ഉടമയുമായ ഒരാളില്‍ നിന്ന് ആരും ഇതൊന്നും പ്രതീക്ഷിച്ചില്ല. സെറ്റിലെ അഴിഞ്ഞാട്ടത്തിനൊടുവില്‍ അയാള്‍ നടിയുടെ മുന്നിലെത്തിയിട്ട് പറഞ്ഞു. 'ഇനി നീ സിനിമാ രംഗത്ത് ഉണ്ടാവില്ല. പറയുന്നത് ഞാനാണ്, ഞാന്‍'. സിനിമയിലെ തമ്പുരാക്കന്മാര്‍ വിചാരിച്ചാല്‍ എത്ര ഭാവനയുള്ള നടിയും ഔട്ടായിപ്പോകും എന്ന് നിറകണ്ണുകളോടെ പറഞ്ഞ അവര്‍, പിന്നെ അഭിനയിക്കാന്‍ പോയിട്ടില്ലെന്നും പറയുന്നു. അവരോടുള്ള പക തീര്‍ക്കാന്‍ ആ നടന്‍ അദ്ദേഹത്തോടൊപ്പം നായികമാരായിട്ടുള്ളവര്‍ക്കായി വിരുന്നൊരുക്കിയെന്നും തന്നെ അതിലേക്ക് ക്ഷണിച്ചില്ലെന്നും നടി വിവരിച്ചു' എന്നാണ് പുസ്തകത്തില്‍ പറയുന്നത്.
ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ പ്രമുഖനായ ഒരു നടന്‍ തന്റെ നായികയോട് പലതവണ ലൈംഗിക ആവശ്യം ഉന്നയിച്ചതായും പുസ്തകത്തിലുണ്ട്. നടി ആവശ്യം നിരസിച്ചപ്പോള്‍ അയാള്‍ അവരെ ശാരീരികമായി ആക്രമിച്ചു. അതിനെത്തുടര്‍ന്ന് നടിക്ക് ദീര്‍ഘകാല ആയുര്‍വേദ ചികിത്സ തേടേണ്ടിവരികയും ചെയ്തുവെന്നും പുസ്തകത്തിലുണ്ട്. സിനിമ ചിത്രീകരണത്തിനിടെ, മനഃപൂര്‍വം വീഴ്ത്തിയതിനെ തുടര്‍ന്ന് ആശുപത്രിയിലായ ഒരു നായികയെ സ്റ്റണ്ട് മാസ്റ്റര്‍ നിരന്തരം ശല്യം ചെയ്തതായും പുസ്തകത്തിലുണ്ട്. ഉച്ചകഴിഞ്ഞ് ഷൂട്ടിങിന് ഹാജരാകണമെന്ന് പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് നിര്‍ബന്ധിച്ചുവെന്നും പുസ്തകത്തില്‍ പറയുന്നുണ്ട്.
മുന്‍ കേരള ഹൈക്കോടതി ജഡ്ജി കെമാല്‍ പാഷയാണ് പുസ്തകത്തിന്റെ ആമുഖം എഴുതിയിരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെയും ഹക്കീമിന്റെ ഉത്തരവിന്റെയും നിയമപരമായും സാമൂഹികവുമായ വശങ്ങളെക്കുറിച്ച് കെമാല്‍ പാഷ ആമുഖത്തില്‍ പറയുന്നുണ്ട്.