യു.കെ.വാര്‍ത്തകള്‍

27 കുട്ടികളുടെ പരിചരണത്തില്‍ ഗുരുതര വീഴ്ച; കുറ്റം സമ്മതിച്ച് പരിചാരക

എഡിന്‍ബറോ: പരിചരണച്ചുമതലയിലുണ്ടായിരുന്ന കുട്ടികളെ മുതിര്‍ന്നവരുടെ മേല്‍നോട്ടമില്ലാതെ വീട്ടില്‍ വിട്ടുപോയ കേസില്‍ കുറ്റം സമ്മതിച്ച് പരിചാരക. അമ്പത്തഞ്ചുകാരിയായ സ്‌കോട്ട്‌ലന്‍ഡിലെ ഡണ്‍ഫെര്‍മ്ലൈന്‍ സ്വദേശിനി അമാന്‍ഡ മാത്യൂസണ്‍ ആണ് ഒക്ടോബര്‍ ആറിന് കിര്‍ക്കാള്‍ഡി ഷെരിഫ് കോടതിയില്‍ കുറ്റസമ്മതം നടത്തിയത്. എട്ട് കുട്ടികളെ പരിചരിക്കാന്‍ അനുമതിയുണ്ടായിരുന്ന ഇവരുടെ ചുമതലയില്‍ 27 കുട്ടികളുണ്ടായിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി.

2024 ഓഗസ്റ്റ് 26ന് രണ്ട് രക്ഷിതാക്കള്‍ നടത്തിയ പരിശോധനയാണ് സംഭവം പുറത്തുകൊണ്ടുവന്നത്. സ്‌കൂളിലേക്കു പോയ മാത്യൂസണിനൊപ്പം തങ്ങളുടെ കുട്ടികളില്ലെന്നു മനസ്സിലാക്കിയ രക്ഷിതാക്കള്‍ വീട്ടിലെത്തി. തോട്ടത്തില്‍ അഞ്ചു കുട്ടികള്‍ മേല്‍നോട്ടമില്ലാതെ നില്‍ക്കുകയായിരുന്നു. അകത്തു കയറിയപ്പോള്‍ അടുക്കളമേശയ്ക്കടിയില്‍ കരയുന്ന കുട്ടിയെയും മുകളിലത്തെ മുറിയില്‍ ഒന്‍പതു ചെറിയ കുട്ടികളെയും കണ്ടെത്തി. രണ്ടുപേരെ പ്രാമില്‍ ബന്ധിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്. കുട്ടികള്‍ ഭയന്നിരുന്നെങ്കിലും ശാരീരിക പരിക്കുകളുണ്ടായിരുന്നില്ല.

കുറഞ്ഞത് അരമണിക്കൂര്‍ കുട്ടികളെ തനിച്ചാക്കിയതായി മാത്യൂസണ്‍ പൊലീസിനോടു സമ്മതിച്ചു. അതേദിവസം നേരത്തെയും സമാനമായി പുറത്തുപോയിരുന്നുവെന്ന് ഡോര്‍ബെല്‍ ക്യാമറാദൃശ്യങ്ങള്‍ വ്യക്തമാക്കിയതായി അന്വേഷണത്തില്‍ കണ്ടെത്തി.

കുട്ടികള്‍ ദാഹത്തോടെയും മലിനമായ ഡയപ്പറുകളോടെയും വീട്ടിലെത്തിയിരുന്നുവെന്ന് രക്ഷിതാക്കള്‍ മൊഴിനല്‍കി. ഭക്ഷണം നല്‍കുന്നതിലും വീഴ്ചയുണ്ടായതായി പരാതികളുയര്‍ന്നു. വീട്ടിനുള്ളിലേക്ക് രക്ഷിതാക്കളെ പ്രവേശിപ്പിക്കാതെയും മറ്റൊരു പരിചാരക സഹായിക്കുന്നുണ്ടെന്നു പറഞ്ഞും കുട്ടികളുടെ എണ്ണം മറച്ചുവച്ചതായും കോടതിയില്‍ വിവരങ്ങള്‍ പുറത്തുവന്നു.

2023 സെപ്റ്റംബര്‍ മുതല്‍ 2024 ഓഗസ്റ്റ് വരെയുള്ള അവഗണനയുമായി ബന്ധപ്പെട്ട കുറ്റമാണ് ഇവര്‍ സമ്മതിച്ചത്. പശ്ചാത്തല റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നതിനായി ശിക്ഷാപ്രഖ്യാപനം നവംബര്‍ ആറിലേക്കു മാറ്റി. അതുവരെ ജാമ്യം തുടരും. സംഭവത്തില്‍നിന്നുള്ള പാഠങ്ങളുടെ അടിസ്ഥാനത്തില്‍ സുരക്ഷാസംവിധാനങ്ങളില്‍ മാറ്റങ്ങള്‍ വരുത്തിയതായി കെയര്‍ ഇന്‍സ്‌പെക്ടറേറ്റ് അറിയിച്ചു.

  • ഇംഗ്ലണ്ടില്‍ ഒരു മാസത്തിനിടെ കൊവിഡ് കേസുകള്‍ ഇരട്ടിയായി; ആശുപത്രി അഡ്മിഷനുകളില്‍ അഞ്ചിരട്ടി വര്‍ധന
  • ശമ്പളത്തിന്റെ ഇരട്ടി വേഗത്തില്‍ ബെനഫിറ്റ് ബില്ലുകള്‍ കുതിക്കുന്നു!
  • കുടുംബങ്ങളുടെ വൈദ്യുതി ബില്‍ കുറയ്ക്കാന്‍ 1 ബില്യണ്‍ പൗണ്ടിലധികം ചെലവഴിക്കുന്ന പദ്ധതിയുമായി ചാന്‍സലര്‍
  • പുതിയ കോണ്ടാക്ട്‌ലെസ് പാസ്‌പോര്‍ട്ട് സ്‌കീം നടപ്പാക്കി ബ്രിട്ടന്‍; വിമാനത്താവളങ്ങളില്‍ പരിശോധനയ്ക്ക് മുഖം ഉപയോഗിക്കാം
  • സ്‌കൂളുകളില്‍ കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍; സുരക്ഷ ശക്തമാക്കണമെന്ന് ആവശ്യം
  • ഫിക്‌സഡ് മോര്‍ട്ട്‌ഗേജ് റേറ്റ് മൂന്ന് വര്‍ഷത്തിനിടെ ആദ്യമായി 6 ശതമാനത്തില്‍; ബാങ്ക് ഓഫ് ഇംഗ്ലണ്ട് ബേസ് റേറ്റ് കൂട്ടുമെന്ന് വിലയിരുത്തല്‍
  • ചെറുബോട്ടുകളിലെത്തുന്ന ഭൂരിഭാഗം സ്ത്രീകളും ബലാത്സംഗത്തിന് ഇരയാകുന്നതായി ഹോം സെക്രട്ടറി
  • ലണ്ടനിലെ ഇസ്രയേല്‍ എംബസിയില്‍ ആക്രമണത്തിന് ശ്രമിച്ച കുവൈത്ത് സ്വദേശിയ്ക്കു ജീവപര്യന്തം
  • ലണ്ടനില്‍ നിന്നും ഷിക്കാഗോയിലേക്ക് പറന്ന ബ്രിട്ടീഷ് എയര്‍വേസ് വിമാനം 28,000 അടി താഴേക്ക് പതിച്ചു; അടിയന്തര ലാന്‍ഡിംഗ്
  • വിദേശ ജോലിക്കാര്‍ക്ക് വിസ കൊടുക്കാന്‍ അപേക്ഷിച്ച് മന്ത്രിമാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions