ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്ന ഭരണഘടനാ സ്ഥാപനത്തെ പൊതുജനമധ്യത്തില്‍ പരിഹാസപാത്രമാക്കി എന്ന ദുഷ്‌പേരുമായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സ്ഥാനത്തിനു നിന്ന് ഗ്യാനേഷ് കുമാറിന്റെ കൗണ്ട് ഡൗണ്‍ തുടങ്ങി. സ്ഥാനം ഒഴിഞ്ഞാലും ഒഴിഞ്ഞില്ലെങ്കിലും വലിയ തലവേദനയാണ് ഉണ്ടാവുക. ഗ്യാനേഷ് കുമാറിന്റെ രാജിയിലുറച്ചു ജെന്‍സി സമരം അനുദിനം കത്തിക്കയറുകയാണ്. ധര്‍മ്മേന്ദ്ര പ്രധാന്റെ രാജിപോലെ പദവിയൊഴിയുന്നതും വലിയ പ്രത്യാഘാതം സൃഷ്ടിക്കും. രാജിവച്ചാല്‍ അത് ഗ്യാനേഷിന്റെ നേതൃത്വത്തിലുള്ള തെരഞ്ഞെടുപ്പുകളുടെ വിശ്വാസ്യത നഷ്ടപ്പെട്ടെന്ന് ഉറപ്പിക്കലാവും. മാത്രമല്ല, കൂട്ടുത്തവാദിത്തം എന്ന നിലയ്ക്ക് മറ്റു രണ്ടു അംഗങ്ങളും മോദി സര്‍ക്കാരും അതിന്റെ പഴി ചുമക്കേണ്ടിവരും. അതുകൊണ്ടുതന്നെ ഗ്യാനേഷിന്റെ രാജി ഏത് വിധേനയും ഒഴിവാക്കുക എന്ന തന്ത്രമാണ് ബിജെപി സ്വീകരിക്കുന്നത്. അത് പക്ഷെ സമരം കൂടുതല്‍ ശക്തമാവുകയും ചെയ്യും. ചുരുക്കത്തില്‍ ഗ്യാനേഷിന്റെ കസേര കേന്ദ്രത്തിനു വലിയ ബാധ്യതയായി മാറി.
വോട്ട് ചെയ്യുക എന്നത് ഒരു ഇന്ത്യന്‍ പൗരന്റെ അവകാശമാണ്. ആ അവകാശം ഉറപ്പാക്കി, ജനാധിപത്യ പ്രക്രിയയില്‍ എല്ലാ പൗരന്മാരെയും അണിനിരത്താനുള്ള ഭരണഘടനാപരമായ ഉത്തരവാദിത്തമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിറവേറ്റേണ്ടിയിരുന്നത്. പക്ഷെ, ഗ്യാനേഷ് കുമാര്‍ എന്ന മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ചെയ്തത്, ഇന്ത്യന്‍ പൗരന്മാരുടെ വോട്ടുകള്‍ ഇല്ലാതാക്കുകയാണ്, ഇന്ത്യ എന്ന സ്വതന്ത്ര പരമാധികാര ജനാധിപത്യ രാജ്യത്തെ മനുഷ്യരില്‍ ഒരു വിഭാഗത്തെ ഇന്ത്യന്‍ പൗരന്മാരാക്കിയും മറ്റൊരു വിഭാഗത്തെ ഇന്ത്യന്‍ പൗരന്മാരെന്ന് തെളിയിക്കാനാകാത്ത വിഭാഗമാക്കിയും ഗ്യാനേഷ് കുമാര്‍ വെട്ടിമാറ്റി. 13 കോടിയോളം വോട്ടര്‍മാരെയാണ് പുറത്താക്കിയത്. ഏറ്റവും അപകടകരമായ രാഷ്ട്രീയമാണ് ഗ്യാനേഷ് കുമാര്‍ നടപ്പാക്കിയതെന്നാണ് ആരോപണം .
2025 ആഗസ്റ്റിലാണ് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ 'വോട്ടു ചോരി' ആരോപിച്ചു വാര്‍ത്താ സമ്മേളനം നടത്തിയത്. അന്ന് ദുര്‍ബലമായ മറുപടികളാണ് കമ്മീഷനു പറയാനുണ്ടായിരുന്നത്. പിന്നീട് പത്തുമാസത്തിനിടെയുണ്ടായ തെരഞ്ഞെടുപ്പുകളിലെല്ലാം അട്ടിമറി ആരോപണം ഉയര്‍ന്നു പശ്ചിമ ബംഗാളിലെ തെരെഞ്ഞടുപ്പുഫലം എസ് ഐ ആറിന്റെ ഫലമാണെന്നും അംഗീകരിക്കില്ലെന്നും പറഞ്ഞു മമത ബാനര്‍ജി സുപ്രീം കോടതിയില്‍വരെ ചെന്നു. തെരഞ്ഞെടുപ്പ് കമ്മീഷനിലെ മറ്റ് അംഗങ്ങളുടെ എതിര്‍പ്പുകള്‍ തള്ളി എന്ന വിവരവും പുറത്തുവന്നു.
ഗ്യാനേഷ് കുമാര്‍ ചെയ്തത് രാജ്യദ്രോഹമാണെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറയുന്നു. ബിഹാറിലും പശ്ചിമബംഗാളിലും നടന്നത് തെരഞ്ഞെടുപ്പ് അട്ടിമറി തന്നെയെന്ന് രാഹുല്‍ പറയുന്നു. ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനം നടത്തി ഗ്യാനേഷ് കുമാര്‍ എന്തുകൊണ്ട് രാജിവെക്കണമെന്ന് രാഹുല്‍ ഗാന്ധി അക്കമിട്ട് പറഞ്ഞു.
എസ്ഐആര്‍ എന്ന വോട്ടര്‍ പട്ടിക തീവ്ര പരിഷ്കരണത്തിലൂടെ അത്യന്തം നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ നടപടികളാണ് ഗ്യാനേഷ് കുമാര്‍ സ്വീകരിച്ചത്.
ഏന്ത് തീരുമാനം എടുക്കുമ്പോള്‍ മറ്റ് രണ്ട് കമ്മീഷണര്‍മാരുടെ അനുമതി ഗ്യാനേഷ് കുമാര്‍ ഉറപ്പാക്കണമെന്നാണ് നിയമം. അത് ചെയ്തില്ല എന്നുമാത്രമല്ല, മറ്റ് രണ്ട് കമ്മീഷണര്‍മാര്‍ നല്‍കിയ വിയോജിപ്പുകള്‍ ചവറ്റുകുട്ടയിലേക്ക് എറിഞ്ഞാണ് ഗ്യാനേഷ് കുമാര്‍ മുന്നോട്ടുപോയത്. കമ്മീഷണര്‍മാരായ ഡോ. സുഗ്ബീര്‍ സിംഗ് സന്ധുവും ഡോ. വിവേക് ജോഷിയും 10 മാസത്തിനിടയില്‍ 14 തവണയാണ് വിയോജിപ്പിച്ച് അറിയിച്ചുള്ള കത്തുകള്‍ നല്‍കിയത് എന്ന് ഇന്ത്യന്‍ എക്സ്പ്രസ് പുറത്തുവിട്ടിരുന്നു.
വോട്ടര്‍ പട്ടികയില്‍ വോട്ടര്‍മാരെ ചേര്‍ക്കുന്നതിനും ഒഴിവാക്കുന്നതിനുള്ള സാങ്കേതിക നടപടികള്‍ ഓരോ മണ്ഡലങ്ങളിലും പൂര്‍ത്തിയാക്കിയിരുന്നത് ബൂത്ത് ലെവല്‍ ഓഫീസര്‍മാരാണ്. അത് റദ്ദാക്കി വോട്ടര്‍ പട്ടികയുടെ പൂര്‍ണ്ണ നിയന്ത്രണം ഡല്‍ഹിയിലെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണനിലുള്ള ഐടി വിഭാഗത്തിന്റെ മേധാവിയായ സീമാ ഖന്നയ്ക്ക് കീഴിലേക്ക് മാറ്റി. മറ്റൊന്ന് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള ഫോം 6ല്‍ വരുത്തിയ ഭേദഗതികളാണ്. എസ്ഐആര്‍ പ്രക്രിയയിലൂടെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കണമെങ്കില്‍ അവരുടെ പൂര്‍വ്വികര്‍ വോട്ടര്‍ പട്ടികയില്‍ ഉണ്ടായിരുന്നു എന്നതില്‍ സത്യവാംങ്മൂലം നല്‍കണം എന്ന വ്യവസ്ഥയാണ് കൊണ്ടുവന്നത്. യഥാര്‍ത്ഥത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിയമം കൊണ്ടുവന്ന് നടപ്പാക്കേണ്ടതായിരിന്നു ഈമാറ്റം. നിയമവിരുദ്ധമാണ് ചീഫ് ഇലക്ഷന്‍ കമ്മീഷണറുടെ തീരുമാനമെന്ന് സഹകമ്മീഷണര്‍മാര്‍ പലതവണ പറഞ്ഞിട്ടും ഗ്യാനേഷ് കുമാര്‍ അത് കേട്ടില്ല.
സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി 30 ഇടങ്ങളിലെ എസ്ഐആര്‍ നടപടികളിലൂടെ പുറത്താക്കിയത് 13 കോടി 80 ലക്ഷം വോട്ടര്‍മാരെയാണ്. ഇതില്‍ ഒമ്പതര കോടി വോട്ടര്‍മാരെ ഒഴിവാക്കിയത്, നിസാര കാരണങ്ങളുടെ പേരിലാണ്. പരമാവധി വോട്ടര്‍മാരെ വോട്ടര്‍ പട്ടികയിലേക്ക് കൊണ്ടുവരിക, അതുവഴി ജനാധിപത്യത്തെ സമ്പന്നമാക്കുക എന്നതില്‍ നിന്ന് മാറി, പരമാവധി വോട്ടര്‍മാരെ പുറത്താക്കുക എന്ന ലക്ഷ്യമായിരുന്നു ഗ്യാനേഷ് കുമാറിന് ഉണ്ടായിരുന്നത് എന്നാണ് ആക്ഷേപം
ഗ്യാനേഷ് കുമാറിനെതിരായ പ്രക്ഷോഭങ്ങള്‍ ഡല്‍ഹിയെ പിടിച്ചുകുലുക്കുകയാണ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജിക്കുവേണ്ടി ഉണ്ടായ പ്രക്ഷോഭങ്ങള്‍ പോലെ, ഒരുപക്ഷെ അതിനെക്കാള്‍ ശക്തമായ മുന്നേറ്റങ്ങളാണ് ഇപ്പോള്‍ ഡല്‍ഹിയിലും രാജ്യത്താകെയും തുടരുന്നത്. ഗ്യാനേഷ് കുമാര്‍ രാജിവെക്കാനുള്ള സാധ്യത കൂടുതലാണ്. അത്രമേല്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സംശയത്തിന്റെ നിഴലിലാണ്. ഗ്യാനേഷ് കുമാര്‍ രാജിവെക്കാന്‍ തയ്യാറായില്ലെങ്കില്‍ ഇംപീച്ച് ചെയ്ത് പുറത്താക്കുകയാണ് മാര്‍ഗം. ഇംപീച്ച് ചെയ്യാനുള്ള നീക്കങ്ങളെ മോദിയും അമിത്ഷായും ഒരുക്കാലത്തും പിന്തുണക്കില്ല. കാരണം ഇതൊക്കെ തങ്ങള്‍ക്കുനേരെ തിരിച്ചടിക്കുമെന്ന് അവര്‍ക്കറിയാം.
2024 മാര്‍ച്ച് മാസത്തിലാണ് ഗ്യാനേഷ് കുമാര്‍ തെരഞ്ഞെടുപ്പ് കമ്മീഷണറായി എത്തുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പ്. 2025 ഫെബ്രുവരി 17ന് അര്‍ദ്ധരാത്രി ചേര്‍ന്ന യോഗത്തില്‍ മോദിയും അമിത്ഷായും ഗ്യാനേഷ് കുമാറിനെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറാക്കി. 2025 ജൂണ്‍ മാസത്തില്‍ ബിഹാറില്‍ ആദ്യ എസ്ഐആര്‍ പ്രഖ്യാപിച്ചു. ബിഹാറിലെ വോട്ടര്‍ പട്ടികയില്‍ നിന്ന് 65 ലക്ഷം വോട്ടര്‍മാരെ ഒഴിവാക്കി. 2025 നവംബര്‍മാസത്തില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിഹാറില്‍ ബിജെപി-ജെഡിയു സഖ്യം വലിയ മുന്നേറ്റം ഉണ്ടാക്കുകയും ചെയ്തു. എസ്ഐആറിന് ശേഷം ബംഗാളില്‍ ബിജെപി നേടിയ രാഷ്ട്രീയ മുന്നേറ്റവും അവിശ്വസനീയമാണ്.
വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടണമെങ്കില്‍ പൗരത്വം തെളിയിക്കണം എന്ന വ്യവസ്ഥയാണ് ഗ്യാനേഷ് കുമാര്‍ മുന്നോട്ടുവെച്ചത്. എങ്ങനെയാണ് പൗരത്വം തെളിയിക്കേണ്ടത്. അതിന് അധാര്‍ കാര്‍ഡോ, റേഷന്‍ കാര്‍ഡോ, എന്തിന് ഇന്ത്യന്‍ പാസ്പോര്‍ട് പോലും മതിയാകില്ല. പകരം ഒരോ വ്യക്തിയുടെയും പൂര്‍വ്വീകര്‍ മുന്‍കാലങ്ങളിലെ വോട്ടര്‍ പട്ടികയില്‍ ഉണ്ടായിരുന്നു എന്ന് തെളിയിക്കുന്ന രേഖകള്‍ നല്‍കണം.
ഉത്തര്‍പ്രദേശിലും ഗുജറാത്തിലും പഞ്ചാബിലും ഹിമാചല്‍പ്രദേശിലുമൊക്കെ തെരഞ്ഞെടുപ്പ് വരികയാണ്. എസ്ഐആറിലൂടെ ഉത്തര്‍പ്രദേശില്‍ വെട്ടിമാറ്റിയിരിക്കുന്നത് 2 കോടി വോട്ടര്‍മാരെയാണ് എന്ന് പറയുന്നു. പശ്ചിമബംഗാളില്‍ ഏത് വിധത്തിലാണോ വോട്ടര്‍മാരെ ഒഴിവാക്കിയത് അതേ രൂപത്തില്‍ തന്നെയാണ് യുപിയിലും വോട്ട് വെട്ടിയിരിക്കുന്നത്. വോട്ട് വെട്ടിയതിനെതിരെ മുഖ്യമന്ത്രിയായിരിക്കെ മമത ബാനര്‍ജി സുപ്രീംകോടതിയില്‍ എത്തി കേസ് വാദിച്ചിരുന്നു. അന്ന് സുപ്രീംകോടതിയും അത് കേട്ടില്ല. ഇപ്പോള്‍ ഗ്യാനേഷ് കുമാര്‍ പ്രതികൂട്ടില്‍ നില്‍ക്കുമ്പോള്‍ പഴയ കേസൊക്കെ പൊടിതട്ടിയെടുക്കുകയാണ് സുപ്രീംകോടതിയും. സ്വാതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ മറ്റൊരു വലിയ പ്രക്ഷോഭത്തിനാണ് ഇന്ന് രാജ്യം സാക്ഷിയാവുന്നത്. എന്തും അട്ടിമറിക്കാം. രംഗം പന്തിയല്ലെന്ന് കണ്ടു കൂടെയുള്ളവര്‍ ഗ്യാനേഷ് കുമാറിനെ കൈവിടാന്‍ നിര്‍ബന്ധിതമാകുന്ന സ്ഥിതിയാണ്. അത് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാന്‍ ഇടയാക്കിയേക്കാം
2029 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ വീണ്ടും അധികാരത്തില്‍ എത്തിക്കാനുള്ള തന്ത്രമായിരുന്നു ഗ്യാനേഷ് കുമാര്‍ നടപ്പാക്കിയതെന്ന സംശയമാണ് ബലപ്പെടുന്നത്. അതിനാണ് ഇപ്പോള്‍ തിരിച്ചടി നേരിട്ടിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ എത്ര വലിയ ഭരണഘടനാ സ്ഥാപനമായാലും, അവര്‍ രാജ്യത്തെ നിയമങ്ങള്‍ക്കും നീതിന്യായ വ്യവസ്ഥക്കും വിധേയമായിരിക്കണം എന്ന ഓര്‍മ്മപ്പെടുത്തലാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍.