ഇംഗ്ലണ്ടിലെ ആശുപത്രികളില്‍ റെക്കോര്‍ഡ് നിരക്കില്‍ ചികിത്സ നല്‍കിയിട്ടും ചികിത്സയ്ക്കായി കാത്തിരിക്കുന്ന രോഗികളുടെ എണ്ണം 2025ന് ശേഷം ഈ വര്‍ഷം വളരെ മോശമായ നിലയിലെത്തിയതായി കണക്കുകള്‍.
ഏറ്റവും പുതിയ എന്‍എച്ച്എസ് കണക്കുകള്‍ പ്രകാരം ആഗസ്റ്റ് അവസാനത്തില്‍ 7.37 മില്ല്യണ്‍ ട്രീറ്റ്‌മെന്റുകള്‍ ലഭിക്കാനായി 6.24 മില്ല്യണ്‍ രോഗികളാണ് കാത്തിരിക്കുന്നത്. ജൂലൈയിലെ 7.33 മില്ല്യണ്‍ ചികിത്സകളും, 6.21 മില്ല്യണ്‍ രോഗികളും എന്ന നിലയില്‍ നിന്നുമാണ് വര്‍ദ്ധനവ്.
2025 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലാണ് വെയ്റ്റിംഗ് ലിസ്റ്റ്. ആഗസ്റ്റ് അവസാനം പതിവ് ചികിത്സകള്‍ ആരംഭിക്കാനായി ഒരു വര്‍ഷത്തിലേറെ കാത്തിരുന്നവരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ട്. 113,339 പേരാണ് ചികിത്സ തുടങ്ങാനായി ഒരു വര്‍ഷത്തിലേറെ കാത്തിരുന്നവര്‍.
നിലവിലെ പാര്‍ലമെന്റിന്റെ കാലാവധി 2029-ല്‍ അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ടിലെ 92% രോഗികള്‍ക്കും 18 ആഴ്ചയില്‍ ചികിത്സ നല്‍കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറ്റുമെന്നാണ് ഗവണ്‍മെന്റ് വാഗ്ദാനം. നിലവില്‍ ഈ സമയപരിധിയില്‍ 65% രോഗികള്‍ക്കാണ് ചികിത്സ കിട്ടുന്നത്.
അതേസമയം ഇതേ കാലയളവില്‍ റെക്കോര്‍ഡ് ചികിത്സകളും, പ്രൊസീജ്യറുകളും, അപ്പോയിന്റ്‌മെന്റും നല്‍കപ്പെട്ടതായി എന്‍എച്ച്എസ് ഇംഗ്ലണ്ട് പറഞ്ഞു. ജീവനക്കാര്‍ നടത്തുന്ന കഠിനാധ്വാനത്തെ എന്‍എച്ച്എസ് നാഷണല്‍ മെഡിക്കല്‍ ഡയറക്ടര്‍ ഫ്രാങ്കി സ്വോര്‍ഡ്‌സ് പ്രശംസിച്ചു. വിന്റര്‍ ആസന്നമായിരിക്കെ സ്ഥിതി ജീവനക്കാരെ കൂടുതല്‍ സമ്മര്‍ദത്തിലാക്കുന്നതാണ്.
'എ&ഇയില്‍ ഫ്‌ളൂ, ശ്വാസകോശ രോഗങ്ങളുമായി കൂടുതല്‍ രോഗികള്‍ എത്തുകയാണ്. ആളുകള്‍ ചികിത്സയ്ക്കായി കാത്തിരിക്കുമ്പോഴാണ് ഇത്. ഫ്‌ളൂ, ആര്‍എസ്‌വി, കോവിഡ്, മറ്റ് വാക്‌സിനേഷനുകള്‍ എന്നിവ എടുക്കാന്‍ യോഗ്യതയുള്ളവര്‍ സ്വീകരിക്കണം'- സ്വോര്‍ഡ്‌സ് കൂട്ടിച്ചേര്‍ത്തു.