കോഴിക്കോട് ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി രണ്ട് വിദ്യാര്‍ത്ഥികള്‍ ദാരുണമായി മരിച്ചു. തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ അവനിക (14) ,പ്ലസ് ടു വിദ്യാര്‍ത്ഥിയായ പാര്‍ത്ഥിപ് (17) എന്നിവരാണ് അപകടത്തില്‍പ്പെട്ടത്.
ചേമഞ്ചേരി റെയില്‍വേ സ്റ്റേഷന് സമീപം ഞായറാഴ്ച വൈകീട്ട് 5.45 ഓടെയായിരുന്നു സംഭവം. മംഗലാപുരം ചെന്നൈ മെയില്‍ ട്രെയിനാണ് ഇവര്‍ക്കുമീതെ കടന്നുപോയത്. ദേശീയ പാതയും റെയില്‍വേ ട്രാക്കും അടുത്തടുത്തായി വരുന്ന പ്രദേശത്താണ് അപകടമുണ്ടായത്.
അപകടത്തില്‍ മൃതദേഹങ്ങള്‍ ചിന്നിച്ചിതറിയ നിലയിലായതിനാല്‍ പ്രാഥമികമായി ആളെ തിരിച്ചറിഞ്ഞിരുന്നില്ല. തുടര്‍ന്ന് രാത്രി വൈകി ബന്ധുക്കള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലെത്തിയാണ് മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞതെന്ന് പൊലീസ് വ്യക്തമാക്കി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
അവനിക നോര്‍ത്ത് പാണംകുളംകുനി സുരേഷ് റീന ദമ്പതികളുടെ മകളാണ്. തിരുവങ്ങൂര്‍ കോഴിപ്പറമ്പത്ത് സുബീഷിന്റെയും സുനീഷയുടെയും മകനാണ് പാര്‍ത്ഥിപ്.