കൊച്ചി: യുകെയില്‍ ഉപരിപഠനത്തിനു പോയ മകള്‍ സുരക്ഷിതയാണോ, നിലവിലെ സ്ഥിതി തുടങ്ങിയവ അറിയണമെന്ന മാതാപിതാക്കളുടെ ആവശ്യത്തില്‍ യുവതിയുടെ വിവരം തേടി അറിയിക്കാന്‍ ഇന്ത്യന്‍ ഹൈക്കമ്മിഷനു ഹൈക്കോടതി നിര്‍ദേശം നല്‍കി.
കോഴിക്കോട് സ്വദേശികളായ മാതാപിതാക്കളാണു ഹര്‍ജി നല്‍കിയത്. സാധ്യമെങ്കില്‍ മകളുടെ മൊഴിയെടുത്തു 15 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണു ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണന്‍ നിര്‍ദേശം നല്‍കിയത്. ഹര്‍ജി 28 നു വീണ്ടും പരിഗണിക്കും.
മകള്‍ ഇന്ത്യയില്‍നിന്നു പോയശേഷം സുരക്ഷ, ക്ഷേമം, സ്ഥിതി വിവരങ്ങള്‍ എന്നിവ സംബന്ധിച്ചു വിവരമൊന്നും ലഭിച്ചിട്ടില്ലെന്നു മാതാപിതാക്കള്‍ ഹര്‍ജിയില്‍ അറിയിച്ചു. മറ്റൊരാളോടൊപ്പമുണ്ടെന്നാണ് അറിഞ്ഞത്. എന്നാല്‍ ഇയാള്‍ മകളെ നിയമവിരുദ്ധമായി തടഞ്ഞുവച്ചിരിക്കുന്നു എന്നാണു മാതാപിതാക്കളുടെ ആരോപണം.
ഇന്ത്യന്‍ ഹൈക്കമ്മിഷനെ അറിയിച്ചപ്പോള്‍ മകളുടെ ഒപ്പം താമസിക്കുന്നയാളെ ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ടു. തങ്ങള്‍ ഇരുവരും സ്വന്തം ഇഷ്ടപ്രകാരം സന്തോഷത്തോടെ ഒരുമിച്ചാണ് കഴിയുന്നതെന്നും ആരുടെയും നിര്‍ബന്ധം ഇതിന്റെ പിന്നിലെന്നും ഇയാള്‍ മറുപടി നല്‍കിയതായി ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ മാതാപിതാക്കളെ അറിയിച്ചു.
എന്നാല്‍ മകളെ നിയമ വിരുദ്ധമായി തടഞ്ഞുവച്ചിരിക്കുന്നു എന്ന ആശങ്ക ഹര്‍ജിക്കാര്‍ അറിയിച്ചതു കണക്കിലെടുത്താണു ഹൈക്കോടതി നിര്‍ദേശം നല്‍കിയത്.