കൊല്ലത്ത് പാര്‍ക്കിന്‍സണ്‍സ് രോഗിയായ ഭര്‍ത്താവിനെ പ്ലാസ്റ്റിക് ചരട് മുറുക്കി കൊലപ്പെടുത്തിയ കേസില്‍ ഭാര്യ ചെന്നൈയില്‍ പിടിയില്‍
കൊല്ലത്ത് പാര്‍ക്കിന്‍സണ്‍സ് രോഗം ബാധിച്ച ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യ പിടിയില്‍. പോരുവഴി ചാത്താകുളം ജിജി ഭവനില്‍ ജോസ് ഡാനിയേല്‍ (അലക്സ് – 64) ആണ് കൊല്ലപ്പെട്ടത്. ഭാര്യ മറിയാമ്മ ജോസിനെയാണ് (59) ചെന്നൈയില്‍ നിന്ന് ശാസ്താംകോട്ട പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം ജോസിനെ മരിച്ച നിലയില്‍ മറിയാമ്മ ഭരണിക്കാവിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഭര്‍ത്താവ് ആത്മഹത്യ ചെയ്തതാണെന്ന് മറിയാമ്മ ആശുപത്രി അധികൃതരോടും ബന്ധുക്കളോടും പറഞ്ഞു. എന്നാല്‍ ജോസിന്റെ കഴുത്തിലെ പാടുകളും ശരീരത്തിലെ ചെറിയ മുറിവുകളും ശ്രദ്ധയില്‍പ്പെട്ട ഡോക്ടര്‍ക്ക് മരണത്തില്‍ അസ്വാഭാവികത തോന്നി. തുടര്‍ന്ന് ഡോക്ടര്‍ ഉടന്‍ തന്നെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
തുടര്‍ന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ഇടവക പള്ളിയില്‍ സംസ്കരിച്ചു. പിന്നീട് പോസ്റ്റ്‌മോര്‍ട്ടം, ഫൊറന്‍സിക് പരിശോധനാ ഫലങ്ങള്‍ പുറത്തുവന്നതോടെയാണ് കേസില്‍ കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്.
സംഭവദിവസം ജോസും മറിയാമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഉറങ്ങിക്കിടന്ന ജോസിന്റെ കഴുത്തില്‍ പ്ലാസ്റ്റിക് ചരട് മുറുക്കി കൊലപ്പെടുത്തിയ ശേഷം ജോസ് ജീവനൊടുക്കിയെന്ന് മറിയാമ്മ ബന്ധുക്കളെ വിളിച്ച് അറിയിക്കുകയായിരുന്നു. മൃതദേഹം സംസ്കരിച്ചതിന് പിന്നാലെ പോലീസ് നടപടി ഭയന്ന് മറിയാമ്മ ചെന്നൈയിലേക്ക് കടക്കുകയും തിരുവള്ളൂര്‍ ഗുമ്മിടിപൂണ്ടിയിലെ വ്യവസായ മേഖലയില്‍ മകന്റെ സുഹൃത്തിന്റെ സ്ഥാപനത്തില്‍ ഒളിവില്‍ കഴിയുകയായിരുന്നു.
സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഫോണ്‍ രേഖകള്‍ പരിശോധിച്ച് സ്ഥലത്തെത്തിയ പോലീസ് സംഘം മറിയാമ്മയെ കസ്റ്റഡിയിലെടുത്ത് നാട്ടിലെത്തിക്കുകയായിരുന്നു. അടൂര്‍ തുവയൂര്‍ ആനമുക്ക് സ്വദേശിയായ ജോസ് കഴിഞ്ഞ രണ്ട് വര്‍ഷമായി പാര്‍ക്കിന്‍സണ്‍സ് രോഗത്തിന് ചികിത്സയിലായിരുന്നു. ദമ്പതികള്‍ നേരത്തെ ചെന്നൈയിലായിരുന്നു താമസം. മകനും മരുമകളും നിലവില്‍ തിരുവനന്തപുരത്താണ് താമസിക്കുന്നത്.
കിടപ്പുരോഗിയായ ഭര്‍ത്താവിനെ പരിചരിക്കുന്നതില്‍ മറിയാമ്മ നേരിട്ട കടുത്ത ബുദ്ധിമുട്ടുകളും ഇരുവരും തമ്മിലുണ്ടായിരുന്ന മാനസിക ഭിന്നതകളുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ശാസ്താംകോട്ട സി.ഐ അറിയിച്ചു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.