ലണ്ടന്‍: ഇത്തവണത്തെ വിന്റര്‍ അത്യന്തം അപകടം പിടിച്ചതായിരിക്കും എന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ്. ഇതേ തുടര്‍ന്ന് അടിയന്തര സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സര്‍ക്കാര്‍ ഒരു പുതിയ ടാസ്‌ക്‌ഫോഴ്‌സ് രൂപീകരിച്ചു. കനത്ത മഞ്ഞ് വീഴ്ചക്കൊപ്പം വെള്ളപ്പൊക്കം ഉള്‍പ്പടെയുള്ള അടിയന്തര ഘട്ടങ്ങള്‍ ശൈത്യകാലത്ത് അഭിമുഖീകരിക്കേണ്ടി വരുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. കടുത്ത ചൂട് അനുഭവപ്പെട്ട ഒരു വേനല്‍ക്കാലത്തിനു ശേഷം വരുന്ന ശൈത്യകാലത്തെ നേരിടാന്‍ എത്രമാത്രം തയ്യാറെടുപ്പുകള്‍ നടത്തി എന്നത് വിശകലനം ചെയ്യാന്‍ പുതിയ ടാസ്‌ക്‌ഫോഴ്‌സിന്റെ യോഗം അടുത്തയാഴ്ച ചേരും.
മഴയും കൊടുങ്കാറ്റും, പെമാരിയുമൊക്കെയായിരിക്കും വരുന്ന മാസങ്ങളില്‍ ഉണ്ടാവുക എന്നാണ് മെറ്റ് ഓഫീസ് പ്രവചിച്ചിരിക്കുന്നത്. വെള്ളപ്പൊക്കവും വരള്‍ച്ചയും പോലുള്ള അതിതീവ്ര കാലാവസ്ഥ പ്രതിഭാസങ്ങളാണ് അനുഭവപ്പെടുന്നത്. എന്നാല്‍, അതിനെ നേരിടാന്‍ സര്‍ക്കാര്‍ വ്യക്തമായ നടപടികള്‍ എടുക്കുമെന്ന് പരിസ്ഥിതി വകുപ്പ് മന്ത്രി എമ്മ ഹാര്‍ഡി പറഞ്ഞു. ടാസ്‌ക്‌ഫോഴ്‌സിന്റെ യോഗത്തിനു മുമ്പായി ഇറക്കിയ പത്രക്കുറിപ്പിലൂടെയാണ് അവര്‍ ഇക്കാര്യം വിശദമാക്കിയത്. ഇംഗ്ലണ്ടിലെ ഏകദേശം 63 ലക്ഷത്തോളം വീടുകളും വ്യാപാരസ്ഥാപനങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലാണെന്നാണ് പരിസ്ഥിതി വകുപ്പ് പറയുന്നത്.
വരുന്ന ബുധനാഴ്ച്ച നടക്കുന്ന ടാസ്‌ക്‌ഫോഴ്‌സിന്റെ ആദ്യ യോഗത്തില്‍ മെറ്റ് ഓഫീസ്, പരിസ്ഥിതി ഏജന്‍സി എന്നിവരുടെ പ്രതിനിധികളും, മേയര്‍മാരുടെ പ്രതിനിധികളും, കൃഷി, ജല വിതരണം, ഇന്‍ഷുറന്‍സ് മേഖലയില്‍ നിന്നുള്ളവരും പങ്കെടുക്കും. വരാന്‍ പോകുന്ന കാലാവസ്ഥ എന്തു തന്നെയായാലും ജനങ്ങളെയും വ്യവസായ മേഖലയേയും സുരക്ഷ ഉറപ്പാക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ഹാര്‍ഡി പറഞ്ഞു. 2036 വരെ വീടുകളെയും വ്യാപാര സ്ഥാപനങ്ങളെയും വെള്ളപ്പൊക്കത്തില്‍ നിന്നും സംരക്ഷിക്കുന്നതിനായി 10.5 ബില്യണ്‍ പൗണ്ടിന്റെ പദ്ധതികള്‍ രൂപീകരിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
എല്‍ നിനോ പ്രതിഭാസത്തിന്റെ ഭാഗമായാണ് യുകെ സമീപകാലത്തു കടുത്ത ചൂട് നേരിടേണ്ടിവന്നത്. അത് പോലെയായിരിക്കും തണുപ്പ് കാലത്തു മഞ്ഞിന്റെ കാഠിന്യവും. ഒപ്പം മഴയും വെള്ളപ്പൊക്കവും കൂടിയാകുമ്പോള്‍ പറയാനുമില്ല. ആരോഗ്യ മേഖലയും കടുത്ത സമ്മര്‍ദ്ദം നേരിടുന്ന സമയം കൂടിയാണ്.