യുകെ വര്‍ക്ക് വിസയില്‍ പുതിയ അപ്‌ഡേറ്റ് വരുന്നു. എംപ്ലോയേഴ്‌സ് ചൂഷണത്തിന് ഇരയാക്കിയാല്‍ ഇനി സ്‌കില്‍ഡ് വര്‍ക്കര്‍ വിസക്കാര്‍ക്ക് ജോലി ഉപേക്ഷിക്കാം. നിയമപരമായി പുതിയ ജോലിയിലേക്ക് മാറുകയുംചെയ്യാം. എംപ്ലോയറുടെ ചൂഷണത്തിന് ഇരയാകേണ്ടി വരുന്ന സ്‌കില്‍ഡ് വര്‍ക്കര്‍ വിസക്കാര്‍ക്ക് സംരക്ഷണം നല്‍കുന്ന പുതിയ വിസാ നിയമങ്ങള്‍ ആണിത്. സ്‌പോണ്‍സര്‍ഷിപ്പ് നഷ്ടപ്പെടുമെന്ന പേടിയില്ലാതെ ചൂഷണം നേരിടുന്ന ജോലി രാജിവെയ്ക്കാനും, നിയമപരമായി മറ്റ് ജോലിയിലേക്ക് മാറാനും അവസരം നല്‍കുന്നതാണ് പുതിയ നിയമമാറ്റങ്ങള്‍. ഹോം ഓഫീസിന്റെ ഈ നീക്കം ഇന്ത്യക്കാര്‍ ഏറെ ജോലി ചെയ്യുന്ന കെയര്‍ മേഖലയില്‍ ആശ്വാസമാണ്.
സ്‌കില്‍ഡ് വര്‍ക്കര്‍ വിസയിലുള്ളവരെ ഇതുവരെ ഒരു സ്‌പോണ്‍സറുടെ കീഴില്‍ തളച്ചിടുന്ന രീതിക്കാണ് അവസാനമാകുന്നത്. ഇത് പലപ്പോഴും വിദേശ ജോലിക്കാരെ ചൂഷണത്തിന് ഇരയാക്കാനുള്ള ആയുധമാക്കി സ്‌പോണ്‍സര്‍മാര്‍ മാറ്റിയിരുന്നു. ആധുനിക അടിമത്തത്തിന്റെ ഇരകളാകുന്നതായി തിരിച്ചറിഞ്ഞാല്‍ മറ്റ് എംപ്ലോയറിലേക്ക് നിയമപരമായി ജോലി മാറാനാണ് പുതിയ നിയമങ്ങള്‍ അനുമതി നല്‍കുന്നത്.
മുന്‍പ് ചൂഷണത്തിന് ഇരയാകുമ്പോഴും സ്‌പോണ്‍സറെ ഉപേക്ഷിച്ചാല്‍ ഇമിഗ്രേഷന്‍ സ്റ്റാറ്റസിനെയും, വരുമാനത്തെയും ബാധിക്കുമെന്ന പ്രതിസന്ധി നേരിട്ടിരുന്നു. ഇത് വാടകയ്ക്ക് താമസിക്കുന്നതിനെയും, കുടുംബത്തെ പിന്തുണയ്ക്കുന്നതിനെയും പ്രശ്‌നത്തിലാക്കുമെന്നതിനാല്‍ പലരും ചൂഷണങ്ങള്‍ സഹിച്ച് ജോലിയില്‍ തുടരേണ്ട ഗതികേടിലായിരുന്നു.
കെയര്‍ വര്‍ക്കര്‍മാര്‍ ഉള്‍പ്പെടെ സ്‌കില്‍ഡ് വര്‍ക്കര്‍ റൂട്ടിലൂടെ വിദേശത്ത് നിന്നും എത്തിയ ജോലിക്കാര്‍ക്കാണ് ഹോം ഓഫീസ് ഈ സുരക്ഷ നല്‍കുന്നത്. അതേസമയം ജോലി മാറാമെങ്കിലും വിസാ കാലയളവ് നീട്ടാനോ, പുതിയ വിസ അനുവദിക്കാനോ, പെര്‍മനന്റ് റസിഡന്‍സി ലഭിക്കാനോ ഈ മാറ്റം സഹായിക്കില്ല. നിലവിലെ വിസയുടെ ബാക്കിയുള്ള കാലാവധിയില്‍ ബ്രിട്ടനില്‍ ജോലി ചെയ്യാന്‍ സഹായിക്കുമെന്ന് മാത്രം.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ യുകെയിലെ 6600 സ്‌പോണ്‍സര്‍മാര്‍ക്ക് ലൈസന്‍സുകള്‍ നഷ്ടമായെന്ന് ഹോം ഓഫീസ് പറഞ്ഞു. 2026 ജൂണ്‍ വരെ ഈ വര്‍ഷം 4400 ലൈസന്‍സാണ് റദ്ദായത്.