വിന്റര് പടിവാതില്ക്കലെത്തി നില്ക്കെ എന്എച്ച്എസ് ജീവനക്കാര്ക്ക് ആഘാതമായി ഇംഗ്ലണ്ടില് ഫ്ലൂ പടരുന്നു. പതിവില്ലാത്ത വിധം ഫ്ലൂ ഇംഗ്ലണ്ടിലേക്ക് നേരത്തെ എത്തിയതായി ആരോഗ്യ വിദഗ്ധര് വ്യക്തമാക്കുന്നു.
ഫ്ലൂ കേസുകളുടെ എണ്ണം കുതിച്ചുയരുന്നില്ലെങ്കിലും പോസിറ്റീവ് ടെസ്റ്റുകളും, ജിപി കണ്സള്ട്ടേഷനില് ഇന്ഫ്ളുവെന്സ പോലുള്ള രോഗങ്ങളുടെയും തോത് വര്ദ്ധിക്കുന്നതായി യുകെ ഹെല്ത്ത് സെക്യൂരിറ്റി ഏജന്സി വ്യക്തമാക്കി. ഇന്ഫ്ളുവെന്സ പോലുള്ള രോഗങ്ങളുമായി എമര്ജന്സി ഡിപ്പാര്ട്ട്മെന്റില് എത്തുന്നവരുടെ എണ്ണം പതിവില് കൂടുതലാണ്.
കഴിഞ്ഞ നാല് വിന്റര് സീസണുകളിലെ ഈ സമയത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോള് സെപ്റ്റംബറില് ഫ്ലൂ കേസുകള് ഉയര്ന്ന നിലയിലാണെന്ന് യുകെഎച്ച്എസ്എ റിപ്പോര്ട്ട് ചെയ്യുന്നു. ആഗസ്റ്റ് മുതല് ഫ്ലൂ ട്രെന്ഡില് വര്ദ്ധനവുള്ളതായി റിപ്പോര്ട്ട് കൂട്ടിച്ചേര്ക്കുന്നു.
ഫ്ലൂ കേസുകള് പരമോന്നതിയിലേക്ക് എത്തുന്നതിന് മുന്പ് വാക്സിനേഷന് നേടി സുരക്ഷിതരാകാനാണ് വിദഗ്ധര് ഉപദേശിക്കുന്നത്. കുട്ടികള്ക്കും, ഉയര്ന്ന റിസ്ക് ഗ്രൂപ്പിലുമുള്ളവര്ക്ക് വാക്സിന് സൗജന്യമാണ്. 18 മുതല് 24 വയസ്സ് വരെയുള്ള യുവാക്കളിലാണ് ഫ്ലൂ കേസുകള് വര്ദ്ധിച്ചിരിക്കുന്നതെന്ന് യുകെഎച്ച്എസ്എ പറഞ്ഞു. കഴിഞ്ഞ വിന്ററില് വാക്സിനേഷന് പ്രോഗ്രാം വഴി 1 ലക്ഷം ആശുപത്രി പ്രവേശനങ്ങളും, 7000 മരണങ്ങളും തടയാന് കഴിഞ്ഞെന്നാണ് യുകെഎച്ച്എസ്എ വ്യക്തമാക്കുന്നത്.
എല് നിനോ പ്രതിഭാസത്തിന്റെ ഭാഗമായി യുകെ സമീപകാലത്തു കടുത്ത ചൂട് നേരിടേണ്ടിവന്നു. അത് പോലെയായിരിക്കും തണുപ്പ് കാലത്തു മഞ്ഞിന്റെ കാഠിന്യവും. ഒപ്പം മഴയും വെള്ളപ്പൊക്കവും കൂടിയാകുമ്പോള് പറയാനുമില്ല. അതുകൊണ്ടു തന്നെ ആരോഗ്യ മേഖല കടുത്ത സമ്മര്ദ്ദം നേരിടേണ്ടിവരും.