ജന്തര് മന്തറിലെ മിന്നല് പ്രതിഷേധത്തെ തുടര്ന്ന് അശുതോഷ് റാങ്കെയും സൗരവ് ദാസിനെയും റിമാന്ഡ് ചെയ്തതില് സിജെപിക്ക് പിന്തുണയുമായി പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി. സമാധാന പരമായ സമരത്തിന്റെ ഭാഗമായി ജന്തര് മന്തറില് ത്രിവര്ണ പതാക വീശുന്നത് കുറ്റകരമല്ല എന്നായിരുന്നു രാഹുല് ഗാന്ധിയുടെ എക്സ് പോസ്റ്റ്. അതിന്റെ പേരില് യുവാക്കളെ ജയിലില് ഇടുന്നത് ഭീരുത്വത്തിന്റെ ലക്ഷണമാണ് എന്നും അദ്ദേഹം പറഞ്ഞു.
'വിദ്യാര്ത്ഥികളും യുവാക്കളും മാധ്യമപ്രവര്ത്തകരും ഇന്ഡ്യ സഖ്യവും പല ബാനറുകള് ഉയര്ത്തും. എന്നാല് എല്ലാ സമരവും ഒരു ലക്ഷ്യത്തിന് വേണ്ടിയാണ്’. പൗരന്മാര്ക്ക് ഭരണഘടന നല്കുന്ന അവകാശങ്ങള് സംരക്ഷിക്കപ്പെടണമെന്നും പ്രതിപക്ഷ നേതാവ് കുറിച്ചു. ജന്തര് മന്തര് ജനങ്ങളുടേതാണെന്നും അത് തങ്ങള് തിരിച്ചു പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജന്തര് മന്തറിലെ മിന്നല് സമരവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സിജെപി സഹ വക്താക്കളായ സൗരവ് ദാസിനെയും അശുതോഷ് റാങ്കയെയും അഞ്ച് ദിവസത്തേക്ക് റിമാന്ഡ് ചെയ്തു. ഇവരെ തിഹാര് ജയിലിലേക്കാണ് കൊണ്ടുപോകുന്നത്. അജിന്ക്യ ഷിന്ഡെയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു.