യുകെയില് വിദ്യാഭ്യാസം, തൊഴില്, പരിശീലനം എന്നിവയില് ഏര്പ്പെടാത്ത 18 മുതല് 24 വയസ്സുവരെയുള്ള യുവാക്കള്ക്കായി ഒരു ലക്ഷം തൊഴില് അവസരങ്ങള് ഒരുക്കാന് രാജ്യത്തെ പ്രമുഖ ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങള്. രംഗത്ത്. യുകെ ഹോസ്പിറ്റാലിറ്റി മേഖലയിലെ സംഘടനയായ യുകെ ഹോസ്പിറ്റാലിറ്റിയും തൊഴില്-പെന്ഷന് വകുപ്പും സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. മക്ഡൊണാള്ഡ്സ്, ബര്ഗര് കിങ്, നാന്ഡോസ്, വാഗമാമ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങള് പദ്ധതിയുടെ ഭാഗമാകും.
യുവാക്കള്ക്ക് ശമ്പളത്തോടെയുള്ള തൊഴില് ലഭ്യമാക്കുകയും തൊഴില്മേഖലയിലേക്ക് പ്രവേശിക്കാന് അവസരമൊരുക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. സമ്പദ്വ്യവസ്ഥയില് യുവാക്കള്ക്ക് ഏറ്റവും കൂടുതല് തൊഴില് നല്കുന്ന മേഖലയാണ് ഹോസ്പിറ്റാലിറ്റിയെന്ന് യുകെ ഹോസ്പിറ്റാലിറ്റി ചീഫ് എക്സിക്യൂട്ടീവ് അലന് സിംപ്സണ് പറഞ്ഞു. യുവാക്കള് നേരിടുന്ന തൊഴില്പ്രതിസന്ധി പരിഹരിക്കുന്നതില് ഈ മേഖലയ്ക്കുള്ള പ്രാധാന്യം സര്ക്കാര് തിരിച്ചറിഞ്ഞതിന്റെ തെളിവാണ് പ്രഖ്യാപനമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
യുകെയിലെ നാഷണല് സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് കണക്കുകള് പ്രകാരം, ഈ വര്ഷം ഏപ്രില് മുതല് ജൂണ് വരെയുള്ള കാലയളവില് 16 മുതല് 24 വയസ്സുവരെയുള്ള ഏകദേശം 9.81 ലക്ഷം യുവാക്കള് വിദ്യാഭ്യാസം, തൊഴില്, പരിശീലനം എന്നിവയില് ഏര്പ്പെട്ടിരുന്നില്ല.
കഴിഞ്ഞ മാസവും സമാനമായ പ്രഖ്യാപനം ഉണ്ടായിരുന്നു. രാജ്യത്തെ പ്രമുഖ റീട്ടെയില് സ്ഥാപനങ്ങള് യുവാക്കള്ക്കായി ഒരു ലക്ഷം തൊഴില് അവസരങ്ങള് ഒരുക്കുമെന്ന് അന്ന് അറിയിച്ചിരുന്നു. യുവജന തൊഴില് പരിഷ്കരണങ്ങള്ക്ക് നേതൃത്വം നല്കാന് സര്ക്കാര് നിയോഗിച്ച മുന് മാര്ക്സ് ആന്ഡ് സ്പെന്സര് ചീഫ് എക്സിക്യൂട്ടീവ് മാര്ക്ക് ബൊളാണ്ടാണ് പുതിയ തൊഴില് പദ്ധതിയുടെ രൂപീകരണത്തിലും നിര്ണായക പങ്കുവഹിച്ചത്.
സെക്കന്ഡറി സ്കൂള് വിദ്യാഭ്യാസം പൂര്ത്തിയാക്കി തൊഴില് മേഖലയിലേക്ക് പ്രവേശിക്കാന് ലക്ഷ്യമിടുന്ന യുവാക്കള്ക്കായി ഇംഗ്ലണ്ടില് ദേശീയ അപ്രന്റീസ്ഷിപ്പ് പദ്ധതി നടപ്പാക്കണമെന്ന് സര്ക്കാരിനോട് ശുപാര്ശ ചെയ്തിരുന്നു. യുവാക്കള്ക്കിടയിലെ വര്ധിച്ചുവരുന്ന തൊഴിലില്ലായ്മ പരിഹരിക്കുന്നതിനായി അലന് മില്ബേണ് നേതൃത്വം നല്കുന്ന പഠന റിപ്പോര്ട്ടിലാണ് പുതിയ നിര്ദേശം ഉള്പ്പെടുത്തുന്നത്.
'നാഷണല് പ്രീ-അപ്രന്റീസ്ഷിപ്പ് റൂട്ട്' എന്ന പേരില് പദ്ധതി നടപ്പാക്കാനാണ് നിര്ദേശം. ഉന്നത വിദ്യാഭ്യാസം, തൊഴില്പരിശീലനം, പ്രായോഗിക തൊഴില്പരിചയം എന്നിവയിലൂടെ യുവാക്കളെ ജോലിക്ക് സജ്ജരാക്കുകയാണ് ലക്ഷ്യം.
കഴിഞ്ഞ പത്ത് വര്ഷത്തിനിടെ അപ്രന്റീസ്ഷിപ്പില് ചേരുന്ന 19 വയസ്സിന് താഴെയുള്ളവരുടെ എണ്ണം ഏകദേശം പകുതിയായി കുറഞ്ഞതായാണ് റിപ്പോര്ട്ട്. നിലവില് അപ്രന്റീസ്ഷിപ്പില് പ്രവേശിക്കുന്നവരില് അഞ്ചില് ഒരാള് മാത്രമാണ് 16നും 18നും ഇടയില് പ്രായമുള്ളത്. യുവാക്കള്ക്കിടയിലെ തൊഴിലില്ലായ്മ വര്ധിക്കുന്ന സാഹചര്യത്തില് അടിയന്തര ഇടപെടല് ആവശ്യമാണെന്ന് മുന് ലേബര് മന്ത്രിയായ അലന് മില്ബേണ് ചൂണ്ടിക്കാട്ടുന്നു.