ജര്മനിയില് ഫ്ലാറ്റിന് തീപിടിച്ച് മൂന്ന് മലയാളികള് മരിച്ച സംഭവത്തില് കൂടുതല് വിവരങ്ങള് പുറത്ത്. മനഃപൂര്വ്വം തീവച്ചതാണെന്നാണ് പൊലീസിന്റെ സംശയം. ഇതിന്റെ അടിസ്ഥാനത്തില് അയല്വാസിയായ 41 വയസുള്ള റൊമാനിയന് പൗരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേ കെട്ടിടത്തില് താമസിച്ചിരുന്ന യുവാവാണ് അറസ്റ്റിലായത്.
തീപിടിത്തത്തില് ഇടുക്കി ജില്ലയിലെ കട്ടപ്പന ഇരട്ടയാര് സ്വദേശിനി നോവ സാബു (25), പെരിനാട് ചെമ്മക്കാട് അശ്വനി നിവാസില് ഡി. ജോയിയുടെയും ഷീല ജോയിയുടെയും മകള് അഞ്ജലി എസ്. ജോയ് (27), കാലടി തോട്ടകം സ്വദേശി സിവിന് ജോണി (27) എന്നിവരാണ് മരിച്ച മലയാളികള്. അഞ്ചുപേര് പുക ശ്വസിച്ച് അവശനിലയില് ആശുപത്രിയിലാണ്.
6 മാസം മുന്പാണ് നോവ ജര്മനിയിലെത്തിയത്. അഞ്ജലി ഈ വര്ഷം ജൂലൈയില് ആണ് ജര്മനിയിലേക്ക് ജോലിക്കായി പോയത്. അവിടെ സ്വകാര്യ കമ്പനിയുടെ വെയര്ഹൗസ് സര്വീസിലായിരുന്നു ജോലി. ബി എഡ് ബിരുദധാരിയാണ്. രണ്ടാഴ്ച മുന്പാണ് സിവിന് ജോണി ജര്മനിയിലേക്ക് പോയത്.
ജര്മനിയിലെ ബോഹും നഗരത്തിലെ പാര്പ്പിട മേഖലയിലെ ഫ്ലാറ്റില് ചൊവ്വ പുലര്ച്ചെ പ്രാദേശിക സമയം 4.15 നാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിന്റെ രണ്ടാം നിലയിലെ ഒരു അപ്പാര്ട്ട്മെന്റിനുള്ളിലാണ് മൂന്ന് പേരുടെയും മൃതദേഹങ്ങള് കണ്ടെത്തിയത്.
മൃതദേഹങ്ങള് നിയമപരവും ഔദ്യോഗികവുമായ നടപടികള് പൂര്ത്തിയാക്കി എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനായി ജര്മനിയിലെ ഇന്ത്യന് എംബസി അധികൃതരും ലോക കേരളസഭാ പ്രതിനിധികളും ജര്മനിയിലെ നോര്ക്ക കോഓര്ഡിനേഷന് കൗണ്സിലും മലയാളി കൂട്ടായ്മകളും ഇടപെടുന്നുണ്ട്.