ഫിക്സഡ് റേറ്റ് മോര്ട്ട്ഗേജുകള്ക്ക് ഇപ്പോള് സമയം മോശമാണ്. സമ്പദ് ഘടന നേരിടുന്ന അനിശ്ചിതാവസ്ഥയും, യുദ്ധങ്ങള്ളും എനര്ജി വിലകള്ക്ക് ഭീഷണിയായതോടെയാണ് ഫിക്സഡ് റേറ്റുകള് ചാഞ്ചാടുന്നത്. ഉയരുന്ന പണപ്പെരുപ്പം ഭയന്ന് ലെന്ഡര്മാര് നിരക്കുകള് കൂട്ടുകയും ചെയ്യുന്നു. ഈ സാഹചര്യത്തില് ഹോം ലോണ് എടുക്കുന്നവര് വന്തോതില് ട്രാക്കര് മോര്ട്ട്ഗേജുകള് എടുക്കാന് തയ്യാറാകുകയാണ്.
ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ബേസ് റേറ്റുമായി ബന്ധപ്പെടുത്തിയിട്ടുള്ള ട്രാക്കര് മോര്ട്ട്ഗേജുകള് എടുക്കുന്നത് വന്തോതില് വര്ദ്ധിച്ചതായി കണക്കുകള് പറയുന്നു. ഫിക്സഡ് റേറ്റുകള് കുത്തനെ ഉയര്ന്നതോടെയാണ് ട്രാക്കര് മോര്ട്ട്ഗേജുകള് എടുക്കാന് ആളുകള് തയ്യാറാകുന്നത്. ബാങ്കിന്റെ ബേസ് റേറ്റ് അനുസരിച്ച് മുകളിലേക്കും, താഴേക്കും വരുന്നവയാണ് ട്രാക്കറുകള്.
ബാങ്ക് ഓഫ് ഇംഗ്ലണ്ട് കണക്ക് പ്രകാരം അഞ്ച് വര്ഷത്തെ ഫിക്സഡ് മോര്ട്ട്ഗേജ് 4.98 ശതമാനത്തിലാണ്. മൂന്ന് വര്ഷത്തെ ഉയര്ന്ന നിരക്കാണിത്. വിപണിയുടെ കണക്കുകൂട്ടല് അനുസരിച്ച് 2027 ജൂലൈ അവസാനിക്കുമ്പോള് ബാങ്ക് ഓഫ് ഇംഗ്ലണ്ട് നാല് തവണയെങ്കിലും പലിശ നിരക്ക് കൂട്ടുമെന്നാണ് കരുതുന്നത്. നവംബറില് ആദ്യ നീക്കം ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു.
നിലവില് വിപണിയില് ലഭ്യമായ പല ഫിക്സഡ് റേറ്റുകളേക്കാള് ട്രാക്കര് മോര്ട്ട്ഗേജുകള് ലാഭകരമായി തോന്നുന്നതാണ് ഉപഭോക്താക്കളെ ഇതെടുക്കാന് പ്രേരിപ്പിക്കുന്നതെന്ന് ബ്രോക്കര്മാര് പറയുന്നു. ബാങ്ക് ഓഫ് ഇംഗ്ലണ്ട് നിരക്ക് കൂട്ടിയാലും, ഇത് തിരിച്ചിറങ്ങുമെന്ന പ്രതീക്ഷയിലാണ് ട്രാക്കര് മോര്ട്ട്ഗേജുകള് എടുക്കാന് തയ്യാറാകുന്നത്. സാമ്പത്തിക സാഹചര്യങ്ങള് അനിശ്ചിതാവസ്ഥയില് തുടരുന്നതിനാല് ട്രാക്കറുകള് സുരക്ഷിതമാണെന്ന് പറയാന് കഴിയില്ലെന്ന് വിദഗ്ധരും മുന്നറിയിപ്പ് നല്കുന്നു.